സ്വവര്‍ഗ ലൈംഗികത; സുപ്രീം കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ,നിയമമുണ്ടാക്കണമെന്ന് സ്വവര്‍ഗാനുരാഗികള്‍

സ്വവര്‍ഗ ലൈംഗികത നിയമവിരുദ്ധവും കുറ്റകരവുമെന്നു സുപ്രീം കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. വിധി നിരാശാ ജനകമാണെന്നും, നിയമനിര്‍മ്മാണം വേണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. കോടതി വിധിക്കെതിരെ കേന്ദ്രമന്ത്രിമാരായ പി.ചിദംബരവും, കപില്‍ സിബലും രംഗത്തെത്തി. വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കണമെന്നാണ് ഇരുവരും അഭിപ്രായപെട്ടത്. സുപ്രീം കോടതി വിധിക്കെതിരെ വന്‍ പ്രതിഷേധങ്ങളാണ് രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ഉയരുന്നത്. ഈ പശ്ചാത്തലത്തില്‍ തുടര്‍ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചു വരികയാണ്.
അതേസമയം സ്വവര്‍ഗരതി കുറ്റകരമാക്കിയ സുപ്രീം കോടതി വിധിയെ പ്രതിരോധിക്കാന്‍ പാര്‍ലമെന്റ് നിയമമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സ്വവര്‍ഗരതിക്കാര്‍ രംഗത്തെത്തി. ലൈംഗിക ന്യൂനപക്ഷരോടുള്ള വിവേചനമാണ് സുപ്രീം കോടതി ഉത്തരവെന്ന് ഇവര്‍ വാദിക്കുന്നു. പ്രത്യുല്‍പാദനപരമല്ലാത്ത സമ്മതത്തോടെയുള്ള ലൈംഗികത എതിര്‍ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഇവരുടെ വാദം. സ്വവര്‍ഗരതിക്ക് സമൂഹത്തിലുള്ള സ്വീകാര്യതയും പരിഗണിക്കണമെന്ന് ഇവര്‍ വാദിക്കുന്നു.
സ്വവര്‍ഗാനുരാഗികള്‍ക്ക് ഡിസംബര്‍ 11 കറുത്ത ദിനമായിരുന്നു. ഇന്ത്യയിലെ വന്‍കിട നഗരങ്ങളില്‍ സ്വവര്‍ഗാനുരാഗം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഇത് ക്രിമിനല്‍ കുറ്റമാണെന്നുള്ള സുപ്രീം കോടതി വിധി സ്വവര്‍ഗാനുരാഗികളെ ത്രിശങ്കുവിലെത്തിച്ചു. നൂറുകണക്കിന് സംഘടനകളാണ് സ്വവര്‍ഗാനുരാഗികളെ അനുകൂലിച്ച് സുപ്രീംകോടതിയിലെത്തിച്ചത്.
നേരത്തെ കേന്ദ്രസര്‍ക്കാര്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചത് വിവാദമായിരുന്നു. സ്വവര്‍ഗാനുരാഗം ക്രിമിനല്‍കുറ്റമാണെന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് നിലനില്‍ക്കുമെന്നുമാണ് ആഭ്യന്തരവകുപ്പ് നിലപാടെടുത്തത്. ഇതിന് വിരുദ്ധമായ നിലപാടാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സ്വീകരിച്ചത്.
സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കിയ ഡല്‍ഹി ഹൈക്കോടതിക്കും വിധി പ്രഹരമായി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് നിലനില്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പന്ത്രണ്ട് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടമാണ് വിധിയോടെ അവസാനിച്ചത്.
ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് 16 ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ എത്തിയത്. വിവിധ ക്രിസ്‌ത്യന്‍ -മുസ്ലീം സംഘടനകളും സുപ്രീം കോടതിയെ ഇക്കാര്യത്തില്‍ സമീപിച്ചിരുന്നു. ഇതൊരു രോഗമാണെന്നായിരുന്നു ഇവരുടെ വാദം. അസുഖത്തിന് ചികിത്സയാണ് വേണ്ടതെന്നും ഇവര്‍വാദിച്ചു.അക്കാര്യം സുപ്രീം കോടതി ശരിവെയ്‌ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha