ഡെറാഡൂണ്‍ എക്‌സ്‌പ്രസ്സില്‍ തീപിടുത്തം : 9 മരണം

മഹാരാഷ്‌ട്രയിലെ താനെയില്‍ ട്രെയിനിന് തീപിടിച്ച് ഓന്‍പത് മരണം. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ബാന്ദ്ര ടെര്‍മിനലില്‍ നിന്നും ഡെറാഡൂണ്‍ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ഡെറാഡൂണ്‍ എക്‌സ്‌പ്രസ്സിലാണ് തീപിടുത്തം ഉണ്ടായത്. യാത്രാമദ്ധ്യേ ദഹാനു സ്റ്റേഷനു സമീപത്തുവച്ച് ഉണ്ടായ ഈ അപകടത്തില്‍ ഗേറ്റ്‌മാന്റെ അവസരോചിതമായ ഇടപെടല്‍ കൊണ്ട് വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
ട്രെയിനിലെ എസി സ്ലീപ്പര്‍ കോച്ചുകളായ എസ്1, എസ്2, എസ്3 എന്നീ ബോഗികളിലാണ് തീപിടിച്ചത്. എസ് 1 കോച്ചില്‍ നിന്നാണ് പുലര്‍ച്ചെ രണ്ട് മണിയ്‌ക്ക് തീപടര്‍ന്നത് എന്നാണ് സൂചന. അൂന്ന് കോച്ചുകളും പൂര്‍ണ്ണമായി കത്തി നശിച്ചു. ബോഗികളില്‍ തീ കത്തുന്നത് കണ്ട ലെവല്‍ ക്രോസിലെ ഗേറ്റ്‌മാന്‍ ഗാര്‍ഡിനെ വിവരമറിയിക്കുകയും തുടര്‍ന്ന് ഗാര്‍ഡ് ഡ്രൈവറെ അറിയിക്കുകയുമായിരുന്നു. ഇതിലൂടെ വന്‍ ദുരന്തമാണ് ഒഴിവായത്.
അപകടത്തെത്തുടര്‍ന്ന് 022-23011853, 022-23007388 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ തുറന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സൂചന. എന്നാല്‍ റെയില്‍വേ അധികൃതര്‍ ഈ കാര്യം സ്ഥിരീകരിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തീ നിയന്ത്രണ വിധേയമാണ് എന്നാണ് അറിയുന്നത്.
രണ്ടാഴ്‌ച്ചയ്‌ക്കിടയില്‍ ഇത് രണ്ടാമത്തെ തവണയാണ് ട്രെയിനില്‍ തീപിടിത്തമുണ്ടാകുന്നത്. ഡിസംബര്‍ 28 ന് ആന്ധ്രാപ്രദേശില്‍ ട്രെയിനില്‍ തീപിടിത്തമുണ്ടായി 23 പേര്‍ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha