മോഷ്ടിച്ച ലാപ്‌ടോപ്പുകള്‍ക്ക് വില്‍പ്പനശാല

ഇലക്‌ട്രോണിക് സാധനങ്ങള്‍ മോഷ്ടിക്കുന്നതില്‍ സ്‌പെഷ്യലൈസ് ചെയ്ത ഹൈടെക് കള്ളന്‍ ഒടുവില്‍ കുടുങ്ങി. ബംഗലൂരുവിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നു മോഷ്ടിച്ച ലാപ്‌ടോപ്പുകളും മറ്റും വിറ്റഴിക്കാന്‍ വില്‍പ്പനശാല ഇട്ടതോടെയാണ് കള്ളന് പിടിവീണത്. ടെക്കികളുടെ കേന്ദ്രമായ സൗത്ത് ഈസ്റ്റ് ബംഗലൂരുവിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നാണ് പ്രധാനമായും മോഷണം നടന്നത്. 151 ലാപ്‌ടോപ്പുകള്‍, 10 ടാബ്ലെറ്റുകള്‍, അഞ്ച് ക്യാമറകള്‍ എന്നിവയാണ് മോഷ്ടാവില്‍ നിന്ന് കണ്ടെടുത്തത്.
സുമീര്‍ ശര്‍മ്മ എന്നയാളാണ് പോലീസിന്റെ വലയില്‍ കുടുങ്ങിയത്. ജലന്ധറില്‍ നിന്ന് 2009ല്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കാനാണ് ശര്‍മ്മ ബംഗലൂരുവില്‍ എത്തിയത്. ഇവിടെവച്ച് പരിചയപ്പെട്ട എയര്‍ഹോസ്റ്റസ് ട്രെയിനി രാജേശ്വരിയെ ഇയാള്‍ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു. ഹിന്ദിയും ഇംഗ്ലീഷും അനായാസം സംസാരിച്ചിരുന്ന ശര്‍മ്മ പ്രദേശത്തെ എല്ലാ അപ്പാര്‍ട്ട്‌മെന്റുകളില്‍ ഉള്ളവരുമായി പെട്ടെന്ന് സൗഹൃദം സ്ഥാപിച്ചിരുന്നു. ഇവരുടെ അപ്പാര്‍ട്ടുമെന്റുകളില്‍ നിന്നാണ് ഇയാള്‍ ഇലക്‌ട്രോണിക് സാധനങ്ങള്‍ കൈക്കലാക്കിയത്. മോഷ്ടിച്ചുകൊണ്ടുവരുന്ന സാധനങ്ങള്‍ തന്റെ ഉടമസ്ഥതയിലുള്ള എസ്.ആര്‍ കന്പ്യൂട്ടേഴ്‌സില്‍ വച്ച് പരിഷ്‌കരിച്ചാണ് വില്‍പ്പന നടത്തിയിരുന്നത്. മോഷണ വസ്തുക്കള്‍ കൂടുതലായും തമിഴ്‌നാട്ടിലേക്കായിരുന്നു അയച്ചിരുന്നത്. മോഷണവസ്തുക്കളുടെ വിവരം സൂക്ഷിച്ചിരുന്നത് ഭാര്യയായിരുന്നുവെന്നും പോലീസ് പറയുന്നു. ഇവരെയും വൈകാതെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























