ഇറാനില്‍ നിര്‍ബന്ധിത ശിരോവസ്ത്ര നിയമം: ഏഷ്യന്‍ ടീം ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യന്‍ വനിതാ ഗ്രാന്റ്മാസ്റ്ററും മുന്‍ ജൂനിയര്‍ ലോക ചാമ്പ്യനുമായ സൗമ്യ സ്വാമിനാഥന്‍ പിന്‍മാറി

ഇന്ത്യന്‍ വനിതാ ഗ്രാന്റ്മാസ്റ്ററും മുന്‍ ജൂനിയര്‍ ലോക ചാമ്പ്യനുമായ സൗമ്യ സ്വാമിനാഥന്‍ ഏഷ്യന്‍ ടീം ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്‍മാറി. മത്സരം നടക്കുന്ന ഇറാനില്‍ നിര്‍ബന്ധിത ശിരോവസ്ത്ര നിയമം നിലനില്‍ക്കുന്നതിനാലാണ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്‍മാറുന്നതെന്ന് സൗമ്യ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.
തന്റെ വ്യക്തിപരമായ അവകാശങ്ങള്‍ ഹനിക്കുന്നതാണ് ഇറാനിലെ നിയമങ്ങളെന്നും സൗമ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇറാനിലെ ഹമദാനില്‍ ജൂലായ് 26 മുതല്‍ ആഗസ്റ്റ് നാല് വരെയാണ് ചാമ്പ്യന്‍ഷിപ്പ്. തന്നെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യ ചെസ് ഫെഡറേഷനോട് സൗമ്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്ത് വന്നിട്ടില്ല.
ഇറാനിലെ നിര്‍ബന്ധിത ശിരോവസ്ത്ര നിയമം, എന്റെ അഭിപ്രായ സ്വാതന്ത്ര്യം, ചിന്തിക്കാനുള്ള അവകാശം, എന്റെ മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം തുടങ്ങീ, എന്റെ ന്യായമായുള്ള അവകാശങ്ങളുടെ ലംഘനമാണ്. നിലവിലെ സാഹചര്യത്തില്‍ എന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഏക പോംവഴി ഇറാനില്‍ പോകാതിരിക്കുകയാണ്'' സൗമ്യ വ്യക്തമാക്കി.
കളിക്കാര്‍ക്ക് മതപരമായ വേഷം നിര്‍ബന്ധമാക്കരുതെന്നും താരം പ്രതികരിച്ചു. ഇതാദ്യമായല്ല വേഷവിധാനത്തിന്റെ പേരില്‍ ഒരു താരം കായിക മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്മാറുന്നത്. 2016ല്‍ ഇന്ത്യന്‍ ഷൂട്ടറായ ഹീന സിദ്ധു ഇറാനില്‍ നടന്ന ഏഷ്യന്‍ എയര്‍ ഗണ്‍ മീറ്റില്‍ നിന്ന് ഇതേ കാരണത്താല്‍ പിന്മാറിയിരുന്നു.
https://www.facebook.com/Malayalivartha























