നഗരമാതാവിന് ഇപ്പോ 'പൊങ്കാല'യോട് പൊങ്കാല... ന്റെ ആറ്റുകാലമ്മച്ചിയേ ഇനി നീ തന്നെ രക്ഷ.!

സോഷ്യൽ മീഡിയയിൽ പൊങ്കാലയിടുന്നത് നമ്മൾ മലയാളികൾ കണ്ടിട്ടുണ്ട്. പൊങ്കാലയിൽ ലോക പ്രശസ്തവുമാണ് മലയാളികളുടെ കലാവിരുതും. എന്നാൽ പൊങ്കാലയുടെ പേരിൽ പൊങ്കാല ഇരന്നു മേടിക്കുന്ന കാഴ്ച ഇത് ആദ്യമായിട്ടാണ്. കേൾക്കാൻ നല്ല പ്രാസമൊക്കെ ഉള്ളത് പോലെ തന്നെയാണ് സംഭവവും.
ഏയ് നിങ്ങള് പറയുന്ന പോലെ ഒന്നുമല്ല, മുൻ വർഷങ്ങളിൽ ഇതിന്റെ രണ്ടും മൂന്നും ഇരട്ടിയായി ലക്ഷങ്ങൾ ചിലവഴിച്ചാണ് ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. അങ്ങനെ നോക്കിയാൽ മേയർ ഒരു സംഭവം തന്നെയല്ലേ? ശരിയാണല്ലോ!
നിക്ക് നിക്ക് മറ്റൊരു രസകരമായ കാര്യം കൂടി ഈ മികച്ച പ്രവർത്തനത്തിനു പിന്നിലുണ്ട്. അത് എന്താണെന്നല്ലേ? ഇതേ വരെ നടക്കാത്ത ഒരു ശുചീകരണത്തിന്റെ പേരിലാണ് നമ്മടെ കുഞ്ഞു മേയർ വലിയ പ്രവർത്തനങ്ങൾ നടത്തിയത്. പ്ലീസ് നിങ്ങളാരും ഈ മനസ്സ് കാണാതെ പോവരുത്.
അങ്ങനെ ഏറെ രാഷ്ട്രീയ നാടകങ്ങൾക്ക് സസ്പെൻസ് പൊളിച്ച് നമ്മുടെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ശ്രീമതി ആര്യാ രാജേന്ദ്രന് ആദ്യമായി ഒരു തട്ടിപ്പ് കേസ് ആരോപണം കൂടി ചാർത്തി കൊടുത്തിരിക്കുകയാണ്.
ഇത്തരത്തിൽ ലക്ഷങ്ങള്‍ തട്ടിയ തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രനാണ് കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയിലെ ഇടിവെട്ട് താരം. രാജ്യത്തെ പ്രായം കുറഞ്ഞ മേയറുടെ ആദ്യ അഴിമതിയെന്ന നിലക്കാണ് സമൂഹമാധ്യമങ്ങളില്‍ ഇത് ചര്‍ച്ചാ വിഷയമാകുന്നത്.
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള നഗര ശുചീകരണത്തിന്റെ പേരില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നുവെന്നാണ് ആദ്യം ആരോപണം വന്നത്.
കൊറോണയുടെ പശ്ചാത്തലത്തിൽ പൊതുനിരത്തില്‍ പൊങ്കാല ഇല്ലാതിരുന്നിട്ടും ഈ വര്‍ഷം ശുചീകരണത്തിന് ലോറി വിളിച്ച വകയില്‍ മൂന്നര ലക്ഷത്തോളം രൂപ ചെലവായെന്ന് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
അഴിമതി എന്ന് ആരോപിക്കുമ്പോഴും തുടക്കത്തിൽ മുറപടി പറയാന്‍ മേയര്‍ തയാറായിരുന്നില്ല. എന്നാൽ പിന്നീട് ഇതിനുള്ള ചുട്ട മറുപടിയുമായി മേയർ തന്നെ വന്നിട്ടുണ്ടായിരുന്നു.
എന്നാൽ, മുൻ വർഷങ്ങളിൽ ആറ്റുകാൽ പൊങ്കാലയ്ക്കു ശേഷം ശുചീകരണം നടത്തിയതിന്റെ തുക ചെലവഴിച്ചതു സംബന്ധിച്ചും ആരോപണം ഇത്തരത്തിൽ വന്നിട്ടുണ്ടായിരുന്നു എങ്കിലും നടക്കാത്ത ഒരു പൊങ്കാലയ്ക്കായി ലക്ഷങ്ങൾ ചെലവഴിക്കുന്നത് ഇത് ആദ്യമായിട്ടാണ്. കഴിഞ്ഞ വർഷത്തെ കണക്കുകൾ നമുക്ക് ഒന്ന് പരിശോധിക്കാം,
ശുചീകരണത്തിനു മാത്രമായി 20 ലക്ഷത്തിൽപരം രൂപ ചെലവഴിച്ചെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാവുന്നത്. ആദ്യം ആവശ്യപ്പെട്ടത് 53 വാഹനങ്ങളായിരുന്നു. പൊതു സ്ഥലങ്ങളിൽ പൊങ്കാല സമർപ്പണം ഇല്ലെന്ന കാരണം പറഞ്ഞ് വാടകയ്ക്ക് എടുക്കേണ്ട വാഹനങ്ങളുടെ എണ്ണം മേയറുടെ ഓഫിസ് ആദ്യം 35 ലേക്ക് ചുരുക്കി.
ഇത്രയും പോലും ലോറികളുടെ ആവശ്യമില്ലെന്നു ബോധ്യമായതിനെ തുടർന്ന് സെക്രട്ടറി ഇടപെട്ട് വാഹനങ്ങളുടെ എണ്ണം ഇരുപതായും ചുരുക്കി. പൊങ്കാല മാലിന്യം നീക്കം ചെയ്യേണ്ടി വന്നില്ലെങ്കിലും ഇതിനായി വാടകയ്ക്കെടുത്ത ടിപ്പർ ലോറികൾക്ക് 3.57 ലക്ഷം രൂപ നൽകിയെന്നാണ് ഉദ്യോഗസ്ഥർ സമർപ്പിച്ചിരിക്കുന്ന ഇപ്പോഴത്തെ റിപ്പോർട്ട്.
എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ പൊങ്കാല നടത്താതിരുന്നിട്ടും ഇത്രയും തുക വകയിരുത്തിയത് എന്തിനെന്ന് ചോദ്യങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ഫെബ്രുവരി മാസങ്ങളിൽ ശരാശരി 3000ത്തിനും 4000ത്തിനും അടുത്തായിരുന്നു കേരളത്തിൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ ഒരു സാഹചര്യത്തിൽ എന്തിനു യാതൊരു ക്ഷമയുമില്ലാതെ ഈ തിടുക്കം കാണിച്ചു എന്നാണ് എല്ലാവർക്കും ചോദിക്കാനുള്ളത്.
എന്നിട്ടും അടിയന്തര ആവശ്യത്തിനെന്ന പേരിൽ ഒരു ലോറി വീണ്ടും വാടകയ്ക്കെടുത്തെന്നാണ് കണക്കുകൾ പഠിക്കുമ്പോൾ മനസ്സിലാകുന്നത്. എന്നാലും മേയറേ ഇത് എന്തൊരു കരുതലാണ്.
പൊതു സ്ഥലങ്ങളിലോ നിരത്തുകളിലോ ഒരാൾ പോലും പൊങ്കാലയർപ്പിക്കാതിരുന്നിട്ടും ശുചീകരണത്തിന് ഇത്രയും തുക ചെലവഴിച്ചെന്ന കണക്കു സമർപ്പിച്ചതാണ് സംശയങ്ങൾക്ക് ആദ്യം തിരികൊളുത്തിയത്.
എന്തൊക്കെ പുകിൽ ആണെങ്കിലും ആറ്റുകാല്‍ പൊങ്കാലയുടെ ശുചീകരണത്തിനായി ടിപ്പര്‍ ലോറികള്‍ വാടകയ്ക്കെടുത്ത സംഭവത്തില്‍ തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ അന്വേഷണവും ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ്. നായരാണ് ഈ വിഷയം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി സമർപ്പിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
എന്നാല്‍ നഗരസഭ പണം നല്‍കിയിട്ടില്ലെന്നും മേയര്‍ക്കും നഗരസഭയ്ക്കുമെതിരെ വ്യാജ ആരോപങ്ങള്‍ ഉന്നയിക്കുകയാണ് ഇപ്പോൾ നടക്കുന്നതെന്നുമാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ പ്രതികരമായി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
'ഒരു ചെറുപ്പക്കാരന് ഒരു സ്ഥാനം കൊടുത്തു, ആ സ്ഥാനത്തിരുന്നു കൊണ്ട് എന്തെങ്കിലും കുഴപ്പം കാണിച്ചാല്‍ പുറകെ വരുന്ന ചെറുപ്പക്കാര്‍ക്ക് അവസരം ഇല്ലാതായി പോകരുത്'' ഇതായിരുന്നു മുൻ മേയറും വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ വി. കെ പ്രശാന്ത് പണ്ട് പറഞ്ഞ കാര്യം. ഇനി വരും കാലത്തെ ചെറുപ്പക്കാർക്ക് ഇനിയൊരു അവസരം ഉണ്ടാകുമോ എന്ന കാര്യം തുലാസിലാണ്.
വി. കെ. പ്രശാന്ത് പണ്ട് പറഞ്ഞ ഈ കാര്യം തന്നെയാണ് ഇപ്പോള്‍ മേയര്‍ ആര്യ രാജേന്ദ്രനോട് പറയാനുള്ളത്. നിങ്ങളുടെ ചെറിയ അശ്രദ്ധകള്‍ അബദ്ധങ്ങള്‍ അതെല്ലാം ഒരുപക്ഷേ ഇല്ലാതാക്കുന്നത് നാളെ ചെറുപ്പക്കാര്‍ക്ക് ലഭിക്കേണ്ട വലിയ അവസരങ്ങളായിരിക്കും.
21കാരി ആര്യ രാജേന്ദ്രനെ തലസ്ഥാനത്തിന്റെ മേയറാക്കി രാഷ്ട്രീയ എതിരാളികളെ ഞെട്ടിച്ച സിപിഎം ഇപ്പോള്‍ ആ മേയറെക്കൊണ്ട് പുലിവാലു പിടിച്ച അവസ്ഥായിലാണെന്ന് പറയേണ്ടി വരും.
ഇത്തരത്തിൽ മേയർ പുലിവാല് പിടിക്കുന്നത് ഇത് ആദ്യമായിട്ടല്ല. മേയറുടെ ധാർഷ്ട്യവും ധിക്കാര നടപടികളും അക്കമിട്ട് നിരത്താൻ ഇനിയുമുണ്ട്. കൊവിഡ് മൂർച്ഛിച്ച് ആളുകൾ ജീവൻ കൈയ്യിൽ പിടിച്ച് നെട്ടോട്ടമോടുമ്പോൾ മേയർ മുൻപ് ചെയ്ത പ്രവർത്തി ഏറെ വിമർശനം ഏറ്റുവാങ്ങിയതാണ്.
മേയർ ആര്യ രാജേന്ദ്രൻ സമൂഹമാധ്യമത്തിലിട്ട ഒരു പോസ്റ്റാണ് വിവാദമായി മാറിയത്. കോവിഡുമായി ചേർത്തുവച്ച് പോസ്റ്റിട്ടതോടെയാണു വിവാദമായത്. ‘രാജ്യത്തു കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തൈക്കാട് ശാന്തികവാടത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ നിർമാണം പൂർത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം പ്രവർത്തനം ആരംഭിച്ചു.
നിലവിൽ ശാന്തികവാടത്തിൽ വൈദ്യുതി, ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണു ശവസംസ്കാരത്തിനായി ഉള്ളത്’ എന്നായിരുന്നു മേയർ പങ്കുവച്ച പോസ്റ്റ്. ഇത്തരം കാര്യങ്ങൾ അതും കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ പോസ്റ്റിട്ടു വികസന നേട്ടമായി ചൂണ്ടിക്കാണിച്ച മേയറുടെ നടപടിയാണു അന്നു വിമർശിക്കപ്പെട്ടത്.
പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിച്ചിരുന്നു. ട്രോൾ പേജുകളിലും ഇത് സജീവ ചർച്ചയായി മാറിയിരുന്നു.
പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകള്‍ക്കായി ഒരു ജനതയാകെ ഉറ്റുനോക്കുമ്പോള്‍ ജനപ്രതിനിധികള്‍ ശ്മശാനങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും പങ്കുവെയ്ക്കുന്നത് ക്രൂരമാണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ മിക്കവരും ഇതിനിട്ട കമന്റ്.
മഹാമാരിക്കാലത്ത് കൂടുതല്‍ ശ്മശാനങ്ങള്‍ കെട്ടിപ്പൊക്കുന്നത് മേയറിന്റെ ഭരണനേട്ടമെന്ന തരത്തില്‍ ഒരിക്കലും അവതരിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ട്രോള്‍ പേജുകളിലുള്‍പ്പെടെ പോസ്റ്റ് ചര്‍ച്ചചെയ്യപ്പെട്ടതോടെ മേയര്‍ ഫേസ്ബുക്കില്‍ നിന്നും പോസ്റ്റ് നീക്കം ചെയ്തു. പക്ഷേ പാര്‍ട്ടി അണികള്‍ പോലും മേയറുടെ നടപടിയില്‍ സോഷ്യല്‍ മീഡിയയില്‍ മറുപടി പറയേണ്ടി വന്നു.
ഇതുകൂടാതെ തിരുവനന്തപുരം മെഡിക്കല്‍ കൊളേജ് വളപ്പിലുള്ള എസ്എടി താല്‍ക്കാലിക മരുന്ന് വിതരണ കേന്ദ്രം മേയര്‍ നേരിട്ടെത്തി പൂട്ടിച്ചതും വിവാദമായതാണ്. തിരുവനന്തപുരത്ത് ഏറ്റവും വിലകുറച്ച് മരുന്നുകളും, മെഡിക്കല്‍ ഉപകരണങ്ങളും വില്‍ക്കുന്ന സ്ഥലമാണ് എസ്എടി ഡ്രഗ് ഹൗസ്.
10 രൂപയ്ക്ക് N95 മാസ്‌കും, രണ്ട് രൂപയ്ക്ക് സര്‍ജിക്കല്‍ മാസ്‌കും അടക്കം ലഭിച്ചിരുന്ന സ്ഥലമാണിത്. കോര്‍പറേഷന്‍ വിശ്രമകേന്ദ്രത്തിനായി എസ്എടി ആശുപത്രിയില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍, താല്‍ക്കാലികമായി മരുന്ന് വിതരണ കേന്ദ്രം പ്രവര്‍ത്തിച്ചതിനാണ് മേയര്‍ നേരിട്ടെത്തി ഇത് പൂട്ടിച്ചത്.
കോര്‍പറേഷന്‍ നിര്‍മ്മിച്ച് നല്‍കിയ കെട്ടിടമാണെങ്കിലും അതിന്റെ ഉപയോഗം തീരുമാനിക്കേണ്ടത് ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവരാണ്. സൂപ്രണ്ട് പറയുന്നത് പോലും കേള്‍ക്കാതെയായിരുന്നു മേയറുടെ പ്രവര്‍ത്തനം.
ആശുപത്രി സൂപ്രണ്ട് അടക്കം അംഗങ്ങളായ സൊസൈറ്റിയാണ് എസ്എടി ഡ്രഗ് ഹൗസ് നടത്തുന്നത്. സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളുടെ ചൂഷണത്തില്‍ നിന്ന് രോഗികള്‍ക്ക് ആശ്വാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രഗ് ഹൗസ് തുടങ്ങിയത്.
ഇതിലാണ് മേയർ മണ്ണിട്ടത്. ഈയടുത്തായി തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്ന സമയത്ത് തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച ഉച്ച ഭക്ഷണ വിതരണത്തിൽ പോലും അലമ്പ് ഉണ്ടാക്കാൻ മേയർ ഇടപെട്ടിരുന്നു എന്നത് അധികമാരും അറിയാത്ത മറ്റൊരു സംഭവം.
ഇത്തരത്തിൽ പക്വതയില്ലാത്ത ഒരു കുട്ടിയെ പിടിച്ച് അധികാരത്തിലിരുത്തിയാൽ ഇത്തരത്തിൽ വരുന്ന ആക്ഷേപങ്ങൾക്ക് മറുപടി പറയേണ്ടി വരുന്നത് ആര്യ മാത്രമല്ല മറിച്ച് മുഴുവൻ പാർട്ടിയും കൂടിയാണ് എന്ന കാര്യം ഓർത്താൽ നന്ന്.
https://www.facebook.com/Malayalivartha


























