ഖത്തറില്‍ ഓണ്‍ അറൈവല്‍ വിസ ഇനി പുതുക്കാനാവില്ല... ഇന്ത്യാക്കാര്‍ക്ക് ഒരു മാസം മാത്രമേ തങ്ങാനാവൂ
ഖത്തറിലേക്ക് വിസരഹിത യാത്ര നടത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനി ഖത്തറില്‍ ഒരു മാസം മാത്രമേ തങ്ങാന്‍ കഴിയൂ. ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തര്‍ നടത്തിയ വിവിധ പരിഷ്കരണങ്ങള്‍ നവംബര്‍ 11 മുതല്‍ പ്രാബല്യത്തില്‍ വന്നതോടെയാണിത്. ഒരു മാസത്തെ ഓണ്‍ അറൈവല്‍ വിസയില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് അത് ഒരു മാസംകൂടി പുതുക്കാന്‍ കഴിയുമായിരുന്നു. ഈ ആനുകൂല്യമാണ് ഇന്നലെ മുതല്‍ ഇല്ലാതായത്. ഒരു കാരണവശാലും ഇത് പുതുക്കാന്‍ കഴിയില്ല എന്നതാണ് പരിഷ്കരണങ്ങളില്‍ പ്രധാനം. 2017 ആഗസ്റ്റ് മുതലാണ് ഇന്ത്യയടക്കമുള്ള 80 രാജ്യക്കാര്‍ക്ക് വിസയില്ലാതെതന്നെ രാജ്യം സന്ദര്‍ശിക്കാനുള്ള സൗകര്യം ഖത്തര്‍ സര്‍ക്കാര്‍ ഒരുക്കിയത്. പാസ്പോര്‍ട്ടും വിമാനടിക്കറ്റുമുള്ള ആര്‍ക്കും വിസ ഇല്ലാതെതന്നെ ഇങ്ങനെ എത്താം.
ദോഹ ഹമദ് വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ഇവരുടെ പാസ്പോര്ട്ടില് 'ഓണ്‍ അറൈവല്‍ വിസ' എന്ന മുദ്ര പതിക്കുകയാണ് ചെയ്യുക. ഒരു മാസം വരെ ഇതുപയോഗിച്ച് ഖത്തറില്‍ തങ്ങാം. വീണ്ടും ഒരു മാസം വരെ പുതുക്കുകയും ചെയ്യാമായിരുന്നു. ഖത്തറില്‍ എത്തിയ ഉടന്‍തന്നെ ഓണ്‍ലൈന്‍ വഴി കാലാവധി പുതുക്കാമായിരുന്നു. ഈ ആനുകൂല്യമാണ് ഇന്നലെ മുതല്‍ ഇല്ലാതായത്. മറ്റു പരിഷ്കരണങ്ങളും നിലവില്‍ വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha