കുവൈറ്റിൽ കുടുംബ വിസയിൽ നിന്നും തൊഴിൽവിസയിലേക്കുള്ള മാറ്റംതടയാൻ നീക്കം

കുവൈറ്റിൽ കുടുംബ വിസയിൽ നിന്നും തൊഴിൽവിസയിലേക്കുള്ള മാറ്റം അനുവദിക്കുന്നത് അധികൃതർ നിർത്തിവെക്കാനൊരുങ്ങുന്നു. വിദേശികൾ ഇഖാമ സ്റ്റാറ്റസ് മാറ്റുന്നത് തടയുന്നത് സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കുവൈത്തിന്റെ പുതിയ നീക്കം. ഇതിനായി മാൻപവർ അതോറിറ്റി നടപടി ആരംഭി ച്ചു.
അവിദഗ്ദ തൊഴിലാളികളുടെ എണ്ണം വർദ്ധിക്കുന്നത് തടയാനും കൂടിയാണ് അധികൃതർ ഇതിലൂടെ ലക്ഷ്യമിടുന്നത്.ജനസംഖ്യ സന്തുലനം സാധ്യമാക്കുന്ന തരത്തിൽ തൊഴിൽ വിപണിയിൽ ക്രമീകരണം വരുത്തുകയെന്ന ലക്ഷ്യത്തോടെ സ്വകാര്യ കമ്പനികളിലും മറ്റും ജോലി ചെയ്യുന്ന വിദേശികളുടെ വിസമാറ്റവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവുകൾ ഉടൻ തന്നെ ഉണ്ടാകുമെന്നാണ് വിവരം.
വിസ കച്ചവടക്കാരുടെയും ഊഹ കമ്പനികളുടെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ പര്യാപ്തമായ നിയന്ത്രണങ്ങളാണ് ഉണ്ടാവുക. കുവൈത്തിൽ പുതുതായി എത്തുന്നവർക്ക് മൂന്നുവർഷത്തേക്ക് വിസ മാറ്റം വിലക്കുന്നതും പരിഗണനയിലുണ്ട്.
കുടുംബ വിസയിൽ നിന്ന് സ്വകാര്യ മേഖലയിലെ തൊഴിൽവിസയിലേക്ക് മാറ്റം വാങ്ങിയ ശേഷം ഹോം ഡെലിവറി സർവിസ് ഉൾപ്പെടെ ലൈസൻസില്ലാതെ വാണിജ്യപ്രവർത്തനങ്ങൾ നടത്തുന്നതായി നിലവിൽ ആക്ഷേപം ഉയരുന്നുണ്ട്. ഇതുകൂടി പരിഗണിച്ചാണ് തൊഴിൽ വിസയിലേക്കുള്ള മാറ്റം നിർത്തിവെക്കാനൊരുങ്ങുന്നത്.
https://www.facebook.com/Malayalivartha