പള്ളിയുടെ ടോയ്‌ലറ്റുകള്‍ വൃത്തിയാക്കുന്ന ഫുട്‌ബോള്‍ ലോകത്തെ സൂപ്പര്‍ താരം

ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളിലൊരാള്‍ പൊതു ജനങ്ങള്‍ ഉപയോഗിക്കുന്ന ടോയ്‌ലറ്റ് വൃത്തിയാക്കുകയെന്നത് ആരാധകര്‍ ചിന്തിക്കാന്‍ പോലും ശ്രമിക്കാന്‍ സാദ്ധ്യത ഇല്ലാത്ത കാര്യമാണ്. ആഴ്ചയില്‍ ലക്ഷങ്ങള്‍ വേതനമായി വാങ്ങുകയും ആഡംബരപൂര്‍ണമായ ജീവിതം നയിക്കുകയും ചെയ്യുന്ന താരങ്ങള്‍ക്ക് എന്തിന്റെ പേരിലാണെങ്കിലും അത്തരം പ്രവൃത്തികള്‍ ചെയ്യേണ്ടതിന്റെ ആവശ്യമില്ലെന്ന ധാരണ തന്നെയാണ് അതിലെ പ്രധാന കാര്യം.
എന്നാല്‍, ലിവര്‍പൂള്‍ സൂപ്പര്‍താരം സാഡിയോ മാനേ അത്തരം ക്ലീഷേകളെ പൊളിച്ചെഴുതി വ്യത്യസ്തനാവുകയാണ് .ലെസ്റ്റര്‍ സിറ്റിക്കെതിരായി നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ജയം നേടിയതിനു ശേഷം ലിവര്‍പൂളില്‍ തനിക്കേറ്റവും പ്രിയപ്പെട്ട പള്ളിയുടെ ടോയ്‌ലറ്റുകള്‍ വൃത്തിയാക്കുന്ന സെനഗല്‍ താരത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയകളിലൂടെ ഇപ്പോള്‍ തരംഗമാവുന്നത്.
ഈയാഴ്ച നടന്ന മത്സരത്തില്‍ ലെസ്റ്ററിനെതിരായ ഗോള്‍ നേട്ടത്തോടെ പ്രീമിയര്‍ ലീഗില്‍ നാല് ഗോളുകളുമായി ലിവര്‍പൂളിന്റെ ടോപ് സ്‌കോററാണ് മാനേ. താരം ഇഷ്ടപ്പെട്ട പള്ളിയിലെത്തി ടോയ്‌ലറ്റുകള്‍ വൃത്തിയാക്കാന്‍ സഹായിച്ചത്, മത്സരത്തിന് ശേഷമുള്ള ദിവസങ്ങളിലാണ്. ലിവര്‍പൂളിലെ വുധു ഏരിയയിലെ അല്‍ റഹ്മാ പള്ളിയിലാണ് സൂപ്പര്‍താര പരിവേഷം വെടിഞ്ഞ് മാനേ ഒരു സാധാരണ മനുഷ്യനായത്.
മറ്റൊരു ഫുട്‌ബോള്‍ താരത്തിനും ചിന്തിക്കാനാവാത്ത കാര്യമാണ് മാനേ ചെയ്യുന്നതെന്നതുകൊണ്ട് തന്നെ ആരാധകര്‍ വലിയ ബഹുമാനമാണ് താരത്തിന്റെ പ്രവൃത്തിക്ക് നല്‍കുന്നത്. കഴിഞ്ഞ സീസണില്‍ സലാ ലിവര്‍പൂളിനൊപ്പം റെക്കോര്‍ഡ് ഗോള്‍ നേട്ടം സ്വന്തമാക്കിയെങ്കില്‍ ഇത്തവണ അതു മാനേ സ്വന്തമാക്കുമെന്നാണ് കരുതപ്പെടുന്നത്.
അത് അടിവരയിടുന്ന പ്രകടനമാണ് ഇതുവരെ താരത്തിന്റേത്. കഴിഞ്ഞ സീസണിനിടയില്‍ റയല്‍ മാഡ്രിഡ് നോട്ടമിട്ട താരമായിരുന്നു സാഡിയോ മാനേ. എന്നാല്‍, സിദാന്‍ ടീം വിട്ടതോടെ ട്രാന്‍സ്ഫര്‍ നീക്കങ്ങളില്‍ നിന്നും റയല്‍ പിന്‍മാറിയതോടെ താരം ലിവര്‍പൂളില്‍ തന്നെ തുടരുകയായിരുന്നു. സതാംപ്ടണില്‍ നിന്നാണ് മാനേ ലിവര്‍പൂളിലെത്തുന്നത്.
https://www.facebook.com/Malayalivartha


























