ബവറേജ് പൂട്ടിയത് ബാറുകളിൽ ഓൺലൈൻ തുടങ്ങാനോ? ബവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ പൂട്ടിയ സാഹചര്യത്തിൽ ബവറേജസിൽ നിന്നു മാത്രമല്ല സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ നിന്നും ഓൺലൈൻ വഴി മദ്യം വാങ്ങാൻ സർക്കാർ അവസരം നൽകിയേക്കും... ഇത് ഒരു താത്കാലിക സംവിധാനം ആയിരിക്കില്ല, സ്ഥിരം സംവിധാനമായി മാറാൻ സാധ്യത

കർഫ്യൂവിനെ തുടർന്ന് സംസ്ഥാനത്തെ ബാർ ഹോട്ടലുകൾ വൻ നഷ്ടത്തിൽ കൂപ്പുകുത്തിയതോടെ മദ്യം ഓൺലൈനായി നൽകണമെന്ന് ബാർ ഉടമകൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ആദ്യം ബവറേജിലും പിന്നീട് ബാർ ഹോട്ടലിലും പദ്ധതി നടപ്പിലാക്കാനാണ് നീക്കം. ബവറേജ് പൂട്ടേണ്ടതില്ലെന്നായിരുന്നു ആദ്യ തീരുമാനം. ബാർഹോട്ടലുകളിൽ നിന്നും മദ്യം ഓൺലൈനായി നൽകാനും സർക്കാർ ആലോചിച്ചു. എന്നാൽ ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. കൊറോണ കാലമായതിനാൽ ഇത്തരം കാര്യങ്ങൾ വിവാദമാകില്ലെന്നായിരുന്നു സർക്കാർ കരുതിയത്. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ വിവാദം നുരഞ്ഞുപൊന്തി.
ഇതിനിടെയാണ് പ്രധാനമന്ത്രി 21 ദിവസത്തെ കർഫ്യൂ പ്രഖ്യാപിച്ചത്. തുടർന്ന് ബാർ ഹോട്ടലുകൾ പൂട്ടിയതു പോലെ ബവറേജും പൂട്ടണമെന്ന് സമ്മർദ്ദം ഉണ്ടായി. സമ്മർദ്ദം ബാർഹോട്ടൽ ഉടമകളുടെ ഭാഗത്ത് നിന്നാണുണ്ടായത് . ബവറേജ് പൂട്ടിയാൽ സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവും. സർക്കാരിന്റെ ദിവസേനയുള്ള പ്രവർത്തനം തടസ്സപ്പെടും. അങ്ങനെ സംഭവിക്കുമ്പോൾ ബവറേജിൽ നിന്നും മദ്യം നൽകാൻ സർക്കാർ നിർബന്ധിതമാവും. ബവറേജിന്റെ മറവിൽ ബാർ ഹോട്ടലുകളിൽ നിന്നും ഓൺലൈൻ വിതരണം ആരംഭിക്കാൻ ഇതു വഴി സമ്മർദ്ദം ചെലുത്താം.
സംസ്ഥാനത്തെ ബാർ ഹോട്ടൽ ഉടമകൾ വൻ സ്വാധീനമുള്ളവരാണ്. ഇവരാണ് കഴിഞ്ഞ യു ഡി എഫ് സർക്കാരിനെ താഴെയിറക്കിയത്. തെരഞ്ഞടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികളെ താങ്ങി നിർത്തുന്നതും ബാർ ഹോട്ടലുകാരാണ്. അതു കൊണ്ടു തന്നെ സർക്കാരിന് ബാർഹോട്ടൽ ഉടമകളെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല.
ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ഓൺലൈൻ സാധ്യത പരിശോധിച്ചത്. ചില മന്ത്രിമാർ ഓൺലൈൻ മദ്യ വിൽപനയെ എതിർത്തെന്നാണ് സൂചന. എന്നാൽ മുഖ്യമന്ത്രി അതിനോട് യോജിച്ചില്ല. ബവറേജിൽ നിന്നുമുള്ള ഓൺലൈൻ സൈറ്റ് കൈകാര്യം ചെയ്യുന്നത് സർക്കാരായിരിക്കും. അതുകൊണ്ടുതന്നെ അത് വിജയിക്കാൻ സാധ്യതയില്ല. എന്നാൽ സ്വകാര്യ ഹോട്ടലുകളുടെ ഓൺലൈൻ സംവിധാനം കൈകാര്യം ചെയ്യുന്നത് പ്രൊഫഷണലുകളായിരിക്കും. ഇത് തീർത്തും ശക്തമായിരിക്കും. ബവറേജിൽ നിന്നും മദ്യം ബുക്ക് ചെയ്യുന്നത് ബിഎസ് എൻ എല്ലിലൂടെ സംസാരിക്കുന്നത് പോലിരിക്കും. എന്നാൽ സ്വകാര്യ ബാർഹോട്ടലുകൾ ഇങ്ങനെയായിരിക്കില്ല. അങ്ങനെ വരുമ്പോൾ മദ്യം വാങ്ങാൻ ആഗ്രഹിക്കുന്നവർ ബാറുകളെ സമീപിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. പാർട്ടികാകട്ടെ ഓൺലൈൻ മദ്യ വിൽപ്പന വലിയ ഗുണം ചെയ്യും.
https://www.facebook.com/Malayalivartha