മാറിടത്തെയും ശരീരത്തെയും വിമര്‍ശിക്കുന്നത് തുടര്‍ന്നോളൂ... ഇന്ത്യ കൊറോണയെ തോല്‍പ്പിക്കുന്ന ദിവസവും ഇതുപോലെ താന്‍ ഡാന്‍സ് ചെയ്യുമെന്ന് മാന്‍സി

മാര്‍ച്ച് 22-ല്‍ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് നടത്തിയ ജനത കര്‍ഫ്യൂവിന് രാജ്യമാകെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. അന്നേ ദിവസം വൈകിട്ട് 5 മണിക്ക് പ്ലേറ്റുകളില്‍ തട്ടിയും കയ്യടിച്ചും ആരോഗ്യ പ്രവര്‍ത്തകരെ രാജ്യത്തെ ജനങ്ങള്‍ അഭിനന്ദിക്കുകയും ചെയ്തു. ചലച്ചിത്ര താരങ്ങളടക്കമുള്ളവര്‍ ഇതില്‍ പങ്കാളികളായതിന്റെ വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവരികയും ചെയ്തു.
എന്നാല്‍ ഒരു യുവതി പ്ലേറ്റില്‍ തട്ടിക്കൊണ്ട് ഗോ കൊറോണ ഗോ എന്ന് ആര്‍ത്തുവിളിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 36 വയസ്സുകാരിയായ മാന്‍സി ഷായാണ് വിഡിയോയിലെ താരം. യുവതിയുടെ ഭര്‍ത്താവിന്റെ അമ്മയാണ് വിഡിയോ പകര്‍ത്തിയത്. തുടര്‍ന്ന് വാട്‌സപ്പ് ഗ്രൂപ്പുകളില്‍ പങ്കുവയ്ക്കുകയും ചെയ്തു. നിമിഷങ്ങള്‍ക്കം തന്നെ വിഡിയോ വൈറലായി. നൂറുകണക്കിനു പേര്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍. ഇന്‍സ്റ്റഗ്രാം എന്നിങ്ങനെ സോഷ്യല്‍ മീഡിയകളിലെല്ലാം തന്നെ പങ്കുവയ്ക്കപ്പെട്ടു.
വിഡിയോ വൈറലായതോടെ നിരവധി വിമര്‍ശനങ്ങളും ട്രോളുകളും മാന്‍സിക്ക് നേരിടേണ്ടി വന്നു. വൈറലായതോടെ വിഡിയോയിലുള്ളത് താനാണെന്നു പറഞ്ഞ് മാന്‍സി തന്നെ രംഗത്തെത്തി. 'ഗോ കൊറോണ ഗോ എന്ന ആ വൈറല്‍ വിഡിയോയിലുള്ള പെണ്‍കുട്ടി ഞാനാണ്. എനിക്കു ചുറ്റിലുമുള്ള ജനങ്ങളെ ഞാന്‍ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു. എന്നാല്‍, വിഡിയോ നിരവധിയിടങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. എന്റെ ശരീരത്തെയും മാറിടത്തെയും വിമര്‍ശിച്ച് ചില മോശമായ കമന്റുകള്‍ കണ്ടപ്പോള്‍ അതിയായ ദുഃഖം തോന്നി.'- മാന്‍സി പറഞ്ഞു.
തന്റെ വിഡിയോ ഇത്രയേറെ ചര്‍ച്ചയാകുമെന്ന് മാന്‍സി കരുതിയിരുന്നില്ല. വിഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ക്കും മാന്‍സി ഇരയായി. മോശം രീതിയിലുള്ള സന്ദേശങ്ങളും മാന്‍സിയെ തേടിയെത്തി. 'ഇത്രയും മോശമായ രീതിയിലുള്ള പ്രതികരണങ്ങളും ഭീഷണികളും തേടിവരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. അത്തരം ഭീഷണികള്‍ക്കു മുന്നില്‍ ഭയന്നിരിക്കാന്‍ തത്കാലം ഉദ്ദേശവുമില്ല. മോശം പരാമര്‍ശങ്ങളും ബോഡി ഷെയ്മിങ്ങും അധിക്ഷേപങ്ങളും കണ്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ അമ്പരന്നു. ഈ സംഭവത്തെ തുടര്‍ന്ന് എന്റെ കുടുംബത്തിലുള്ളവര്‍ പോലും വളരെ വേദനിച്ചു. ഒരു തമാശയായാണ് എന്റെ അമ്മായി അമ്മ വിഡിയോ പങ്കുവച്ചത്.'- മാന്‍സി വ്യക്തമാക്കി.
സമൂഹിക അകലം പാലിക്കണമെന്നു സന്ദേശം നല്‍കാനും, സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി നമുക്കു വേണ്ടി പ്രയത്‌നിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതിനും വേണ്ടിയാണ് വിഡിയോ ചെയ്തതെന്നും മാന്‍സി പറഞ്ഞു. 'ഇത് എന്റെ രീതിയാണ്. വിമര്‍ശനത്തിലൂടെ തളര്‍ത്താമെന്നു കരുതിയവര്‍ക്ക് തെറ്റി. കൊറോണയെ ഇന്ത്യ തോല്‍പ്പിക്കുന്ന ദിവസവും ഇതുപോലെ ഞാന്‍ ഡാന്‍സ് ചെയ്യും. വിമര്‍ശകര്‍ക്ക് എന്റെ ആവേശം കെടുത്താനാകില്ല.'- മാന്‍സി പറഞ്ഞു.
https://www.facebook.com/Malayalivartha