നാലാം നാൾ ജയിലിൽ ശാന്തനായി പ്രതി സന്ദീപ്: പരസ്പരവിരുദ്ധ സംസാരവും, വിഭ്രാന്തിയുമില്ല: കുറ്റബോധമോ കാര്യമായ പശ്ചാത്താപമോ ഇല്ലാതെ ആ വെളിപ്പെടുത്തൽ....

ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപ് നാലാം നാൾ ജയിലിൽ, സാധാരണ അവസ്ഥയിൽ. പരസ്പരവിരുദ്ധ സംസാരവും വിഭ്രാന്തിയുമില്ല. ഇതിന് പിന്നാലെ പേരൂര്‍ക്കട മാനസിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി പരിശോധിച്ചു. മാനസിക ആരോഗ്യപ്രശ്നങ്ങളോ ജയിലില്‍നിന്ന് ആശുപത്രിയിലേക്കു മാറ്റേണ്ട സാഹചര്യമോ ഇല്ലായെന്ന് സ്ഥിരീകരിച്ചു. അതിനാല്‍ സന്ദീപ് പ്രകടിപ്പിച്ച വിഭ്രാന്തി ലഹരിയുടെ അമിത ഉപയോഗം കൊണ്ടാവാമെന്ന നിഗമനത്തിലാണ് ജയില്‍ ഉദ്യോഗസ്ഥര്‍. സന്ദീപ് സാധാരണ നിലയിലായതോടെ ജയില്‍ സൂപ്രണ്ട് സത്യരാജിന്‍റെ നേതൃത്വത്തില്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
കുറ്റബോധമോ കാര്യമായ പശ്ചാത്താപമോ ഇല്ലാതെ സന്ദീപ് കാര്യങ്ങള്‍ വിശദീകരിച്ചത് ഇങ്ങനെയായിരുന്നു നാട്ടുകാരില്‍ ചിലര്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കാനെത്തുന്നൂവെന്ന തോന്നലായിരുന്നു തനിക്ക്. അതിനാലാണ് പൊലീസിനെ വിളിച്ചത്. ആദ്യം പൊലീസെത്തിയപ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിച്ചിരുന്നു.
അവര്‍ പോയ ശേഷം വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു എന്നും സന്ദീപ് വെളിപ്പെടുത്തി. ആശുപത്രിയിലെത്തി പരിശോധിക്കുന്നതിനിടെ അവിടുള്ളവരുടെ സംസാരം ഇഷ്ടപ്പെട്ടില്ല. അവരും തന്നെ ഉപദ്രവിക്കും എന്നു തോന്നിയതോടെയാണു കത്തിയെടുത്തത്. പുരുഷ ഡോക്ടറെ ഉപദ്രവിക്കാനായിരുന്നു ശ്രമമെന്നും വന്ദനയെ ലക്ഷ്യംവച്ചില്ലെന്നുമാണ് ഏറ്റുപറച്ചില്‍. ഇതര സംസ്ഥാന തൊഴിലാളികളുടെ കയ്യില്‍നിന്ന് ലഹരിവസ്തുക്കള്‍ വാങ്ങിയെന്നും സമ്മതിച്ചു.
രക്ഷപ്പെടാനുള്ള തന്ത്രങ്ങളാണോ ഈ മൊഴികളെന്നു ജയില്‍ വകുപ്പ് സംശയിക്കുന്നുണ്ട്. താൻ മദ്യപാന ശീലമുള്ള ആളാണെന്നും കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും സന്ദീപ് ഡോക്ടറോടും ജയിൽ സൂപ്രണ്ടിനോടും പറഞ്ഞു. ഡോക്ടറുടെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കം ഉണ്ടായാൽ പ്രതിരോധിക്കാനായിരുന്നു കത്രിക എടുത്തത്. ഡോ. വന്ദനാദാസിനെ കുത്തിയത് ഓർമ ഉണ്ടെന്നും എന്നാൽ, മരണം സംഭവിച്ചത് അറിയില്ലായിരുന്നെന്നും പ്രതി പറഞ്ഞു.
ലഹരി മരുന്നുകൾ ഉപയോഗിക്കില്ലെന്നാണ് പ്രതി ഡോക്ടറുടെ ചോദ്യത്തിന് മറുപടി പറഞ്ഞു. വൈദ്യപരിശോധനയിലൂടെയാണ് ഇത് സ്ഥിരീകരിക്കാനാകുക. തന്നെ ചിലർ കൊല്ലാൻ ശ്രമിക്കുന്നെന്ന് ഫോണിൽ വിളിച്ച് അറിയിച്ചതു പ്രകാരമാണ് പൊലീസ് സന്ദീപിനെ തേടി എത്തുന്നത്. തുടർന്ന്, പരിക്കേറ്റ സന്ദീപിനെ കണ്ട പൊലീസ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിലെ മുറിവ് ഡ്രസ്സ് ചെയ്യുന്നതിനിടെ സർജിക്കൽ കത്രിക കൈവശപ്പെടുത്തിയ പ്രതി പലരെയും കുത്തിയ ശേഷം ഡോ. വന്ദന ദാസിനെ തുരുതുരാ കുത്തുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് പുലർച്ചെ അഞ്ചുമണിയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. പൊലീസുകാർ ഉൾപ്പെടെ നാലുപേർക്കും ആക്രമണത്തിൽ പരിക്കേറ്റു. ലഹരിക്ക് അടിമയായ സന്ദീപുമായി പുലർച്ചെ നാലുമണിക്കാണ് പൊലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിയത്. മദ്യപിച്ചാൽ വീട്ടുകാർക്കാണ് സന്ദീപിനെക്കൊണ്ട് പ്രശ്നമെന്ന് നാട്ടുകാർ പറയുന്നുണ്ട്.
പുറമെ ആരുമായും കലഹമില്ലെങ്കിലും മദ്യപിച്ചെത്തി വീട്ടിൽ അക്രമം പതിവായിരുന്നു. സന്ദീപിൻ്റെ മാതാവും പിതാവുമായി പ്രശ്നങ്ങൾ നിലനിന്നിരുന്നു. മാതാവിനൊപ്പം നിന്ന് പിതാവിനേയും സഹോദരനേയും ഉപദ്രവിക്കുക സന്ദീപിൻ്റെ പതിവായിരുന്നു എന്നാണ് പറയപ്പെടുന്നത്. അമ്മയും മകനും ചേർന്നുള്ള ഉപദ്രവം പതിവായതോടെ പിതാവ് മൂത്തമകനൊപ്പം മാറിത്താമസിക്കുകയായിരുന്നു. മുത്ത മകളനൊപ്പം താമസിക്കുന്നതിനിടയിലായിരുന്നു പിതാവിൻ്റെ മരണവും.
കുടുംബത്തിന് ആവശ്യത്തിലേറെ സ്വത്തുണ്ട്. അമ്മയും മകനും ചേർന്നുള്ള ജീവിതത്തിനിടയിൽ സന്ദീപിനെ നിയന്ത്രിക്കാൻ ആരുമില്ലാത്ത സാഹചര്യമായിരുന്നു. സന്ദീപിൻ്റെ വഴിവിട്ട ജീവിതത്തെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളൊന്നും മാതാവ് നടത്തിയില്ല. അച്ഛൻ മരണപ്പെട്ടതോടെ സഹോദരൻ ഇവിടേക്ക് തിരിഞ്ഞു നോക്കാതായി.
ഇതിനിടെ ഭാര്യ സംഗീതയേയും സന്ദീപ് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. അതേ സമയം സന്ദീപിന് അർഹിക്കുന്ന ശിക്ഷ വാങ്ങി നൽകാൻ പോലീസ് നീക്കം. ഇതിനായി സ്പെഷ്യൽ പ്രോസിക്യൂട്ടർ മോഹൻരാജ് കേസിൽ സ്പെഷ്യൽ പ്രോസിക്യുട്ടറായി എത്തുമെന്നാണ് ആഭ്യന്തരവകുപ്പിൻ്റെ പ്രതീക്ഷ. ഇതു സംബന്ധിച്ച് പ്രമുഖ അഭിഭാഷകനായ ജി. മോഹൻരാജിനോട് പൊലീസ് താല്പര്യം ആരാഞ്ഞിട്ടുണ്ട്. അദ്ദേഹം സന്നദ്ധനായാൽ അദ്ദേഹത്തിന്റെ കൂടെ സഹകരണത്തോടെയാകും അന്വേഷണമെന്നും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha