രമാദേവിയെ ഭര്‍ത്താവ് ജനാര്‍ദനന്‍ നായര്‍ കൊലപ്പെടുത്തിയത് കടുത്ത സംശയ രോഗത്തെ തുടർന്ന്: കൊല നടത്തിയത് ചുടലമുത്തുവാണെന്ന് വരുത്തി തീർക്കാൻ തെളിവുകൾ ഉണ്ടാക്കി: കൊലപാതക ചുരുൾ അഴിഞ്ഞത് ഇങ്ങനെ...

പതിനേഴ് വർഷങ്ങൾക്ക് മുമ്പ് പുല്ലാട് രമാദേവിയെ ഭര്‍ത്താവ് ജനാര്‍ദനന്‍ നായര്‍ കൊലപ്പെടുത്തിയത് കടുത്ത സംശയ രോഗത്തെ തുടർന്നായിരുന്നു. ഭാര്യയ്‌ക്ക് മറ്റാരുമായോ അവിഹിതം ഉണ്ടായിരുന്നുവെന്നും അതു വഴി അവര്‍ ഗര്‍ഭിണിയായെന്നും സംശയിച്ചായിരുന്നു അരുംകൊല നടത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രസവം നിര്‍ത്തിയ രമാദേവിക്ക് ട്യൂബ് പ്രഗ്നന്‍സി ഉണ്ടായത് താന്‍ മൂലമല്ലെന്ന വിശ്വാസത്തിലായിരുന്നു കൊലപാതകം നടന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ സര്‍ജറിയിലൂടെയാണ് അത് ഒഴിവാക്കിയത്. അതോടെ ഭാര്യയുടെ മേലുള്ള സംശയം ജനാര്‍ദനന്‍ നായര്‍ക്ക് വര്‍ദ്ധിച്ചുവെന്ന് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിറ്റക്‌ടീവ് ഇന്‍സ്‌പെക്‌ടര്‍ സുനില്‍ രാജ് പറഞ്ഞു.
ഈ സമയത്താണ് രമാദേവിയുടെ വീടിന് സമീപം കെട്ടിടം പണിയ്‌ക്കായി ഒരു സംഘം തമിഴ്നാട് സ്വദേശികളായ തൊഴിലാളികള്‍ എത്തുന്നത്. ഇവരില്‍ ചുടലമുത്തുവിന്റെ സ്വഭാവത്തെക്കുറിച്ച് നാട്ടില്‍ മതിപ്പുണ്ടായിരുന്നില്ല. രമാദേവിയുടെ വീട്ടിൽ നിന്ന് ഏകദേശം അരകിലോമീറ്റര്‍ മാറി ഒരു വീട്ടില്‍ തമിഴ്‌നാട്ടില്‍ നിന്നുമുള്ള ഒരു സ്‌ത്രീയുമൊന്നിച്ച് താമസിച്ചു വരികയായിരുന്നു ഇയാള്‍. ചുടലമുത്തു വീട്ടില്‍ വരുന്നത് ജനാര്‍ദനന്‍ നായര്‍ക്ക് ഇഷ്‌ടമല്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഭാര്യയിലുള്ള സംശയം മൂലം ജോലി സ്‌ഥലത്തു നിന്ന് ഇയാള്‍ ഭാര്യയെ കൂടെക്കൂടെ വിളിച്ചിരുന്നു. താനില്ലാത്തപ്പോള്‍ വീട്ടിലെ ലാന്‍ഡ് ഫോണില്‍ ആരൊക്കെ വിളിക്കുന്നുവെന്ന് അറിയാന്‍ കോളര്‍ ഐ.ഡിയും സ്‌ഥാപിച്ചു. ചുടലമുത്തുവിന്റെ പേരില്‍ ഇവര്‍ തമ്മില്‍ വഴക്കും അടിയും പതിവായി. വഴക്കുണ്ടാക്കി ഭാര്യയ്‌ക്ക് അടിയും കൊടുത്ത് വീട്ടില്‍ നിന്നിറങ്ങിപ്പോവുകയാണ് ജനാര്‍ദനന്‍ നായര്‍ ചെയ്‌തിരുന്നത്.
പോലീസ് പറയുന്നത് ഇങ്ങനെ : 2006 മേയ് 26 ന് വൈകിട്ടാണ് രമാദേവിയുടെ മരണം. അന്ന് ഉച്ചയ്‌ക്ക് ശേഷം വീട്ടിലേക്ക് വിളിച്ച് രമാദേവി ഗീതാജ്‌ഞാന യജ്‌ഞത്തിന് പോകുന്നുണ്ടോയെന്ന് അന്വേഷിച്ചു. പോകരുതെന്ന് കര്‍ശനമായി വിലക്കുകയും ചെയ്‌തു. വൈകിട്ട് ആറിനും രാത്രി ഏഴിനുമിടയ്‌ക്കാണ് കൊലപാതകം നടന്നത്. വീട്ടിലെത്തിയ ജനാര്‍ദനന്‍ രമാദേവിയുമായി പതിവു പോലെ ചുടലമുത്തുവിനെ ചൊല്ലി വഴക്ക് തുടങ്ങി. ഇവര്‍ തമ്മില്‍ പിടിവലിയും അടിപിടിയും നടന്നു.
അടിപിടിക്കിടെ രമാദേവി ഭര്‍ത്താവിന്റെ തലയുടെ ഇരുവശത്തു നിന്നുമായി മുടിയിഴകള്‍ പറിച്ചെടുത്തു. രണ്ടു കൈയും കൊണ്ട് തലയില്‍ പിടിച്ചപ്പോഴാണ് മുടിയിഴകള്‍ പറിഞ്ഞു പോന്നത്. ഒരു കൈയില്‍ 36, മറുകൈയില്‍ നാല് എന്നിങ്ങനെയാണ് മുടിയിഴകള്‍ ഉണ്ടായിരുന്നത്. വാശിയും സംശയരോഗവും മൂര്‍ഛിച്ച ജനാര്‍ദനന്‍ നായര്‍ പിന്നാലെ ഇവരെ വെട്ടിക്കൊലപ്പെടുത്തി. മോഷണമായിരുന്നു ലക്ഷ്യമെന്ന് അറിയിക്കാന്‍ ഇവരുടെ രണ്ടു പവന്റെ മാലയും എടുത്തു മാറ്റി. അതേ സമയം അവരുടെ ശരീരത്തുള്ള മറ്റ് സ്വര്‍ണാഭരണങ്ങള്‍ യഥാസ്‌ഥാനത്തു തന്നെയുണ്ടായിരുന്നു. വീട്ടിലെ അലമാരയില്‍ 12 പവനും പണവും ആരും തൊടാതെയുമിരുന്നു.
കൊല നടത്തിയത് ചുടലമുത്തുവാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം. പോലീസ് ചുടലമുത്തുവിനെ സംശയിച്ച് തൊഴിലാളികളുടെ ക്യാമ്പിലെത്തി. 26 ന് വൈകിട്ടും 27 ന് ഉച്ച വരെയും അയാള്‍ താമസ സ്‌ഥലത്തുണ്ടായിരുന്നു. 27 ന് രാവിലെ അയാള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി ഓ.പിയില്‍ ഡോക്‌ടറെ കണ്ടിരുന്നു.
പോലീസ് തന്നെ അന്വേഷിക്കുന്നുവെന്ന് മനസിലാക്കിയ ചുടലമുത്തു ഒപ്പം താമസിച്ചിരുന്ന സ്‌ത്രീയെയും കൂട്ടി അന്ന് മുങ്ങിയതാണ്. പിന്നെ ആരും കണ്ടിട്ടില്ല. അയാള്‍ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും ഉറപ്പില്ലെന്ന് ഇന്‍സ്‌പെക്‌ടര്‍ സുനില്‍ രാജ് പറഞ്ഞു. അന്വേഷണത്തിനിടെ അയാള്‍ക്കൊപ്പം താമസിച്ചിരുന്ന സ്‌ത്രീയെ കഴിഞ്ഞ വര്‍ഷം തെങ്കാശിയില്‍ നിന്ന് കണ്ടെത്തി. അവര്‍ക്കും അറിയില്ല ചുടല എവിടെപ്പോയെന്ന്.
രമാദേവിയുടെ മൃതദേഹം ആദ്യം കണ്ടത് ജനാര്‍ദനന്‍ നായരാണെന്ന് പോലീസിന് മൊഴി കൊടുത്തിരുന്നു. താന്‍ വരുമ്പോള്‍ വീട് ഉള്ളില്‍ നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. അത്തരം അവസരങ്ങളില്‍ മുന്‍വശത്തെ കതക് മുകളിലെ ഗ്രില്‍ വഴി കൈയിട്ട് തുറന്നാണ് താന്‍ അകത്തു കയറാറുള്ളതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. അതോടെ സംശയം ജനാര്‍ദനനിലേക്ക് തിരിഞ്ഞു. പല തവണ ശ്രമിച്ചിട്ടും ഈ പറഞ്ഞ രീതിയില്‍ പോലീസിന് മുന്നില്‍ കതക് തുറന്ന് കാണിക്കാന്‍ ഇയാള്‍ക്കായില്ല.
മാത്രവുമല്ല, കൊല നടത്തി രക്ഷപ്പെട്ടയാള്‍ എങ്ങനെ അകത്തു നിന്ന് കതക് കുറ്റിയിട്ട ശേഷം പുറത്ത് കടക്കുമെന്ന ചോദ്യത്തിനും ഉത്തരം കിട്ടാതിരുന്നതും പ്രതിയെ കുടുക്കി. ജനാർദനൻ നായരെ തെളിവെടുപ്പിന് പുല്ലാട്ടെത്തിക്കും. ഇതിനായി ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ നൽകും. കൊലപാതകം നടന്ന വീട് ഇപ്പോൾ ഇല്ലെങ്കിലും ആ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലപാതകം നടത്തിയ രീതിയുൾപ്പെടെ മനസ്സിലാക്കാനാണിത്.
https://www.facebook.com/Malayalivartha