തുണി ഫാക്ടറിയിൽ നിന്ന് ബഹിരാകാശത്തേക്ക് !!49 തവണ ഭൂമിയെ ചുറ്റിയ ആദ്യവനിത..

1937 മാര്‍ച്ച് ആറിന് മസ്ലെനിക്കോവൊ എന്ന ഗ്രാമത്തിൽ മൂന്ന് കുട്ടികളില്‍ രണ്ടാമത്തെയാളായി പിറന്ന കുഞ്ഞ് .. അവളുടെ പിതാവ് ഒരു ട്രാക്ടര്‍ ഡ്രൈവറും അമ്മ തുണി വ്യവസായ തൊഴിലാളിയും ആയിരുന്നു. അവൾക്ക് മൂന്നു വയസ്സുള്ളപ്പോൾ അച്ഛൻ യുദ്ധത്തിൽ മരണപ്പട്ടു .. തെരഷ്‌ക്കോവ സ്കൂള്‍ പഠനം കഴിഞ്ഞയുടനെ ഒരു ടയര്‍ ഫാക്ടറിയില്‍ ജോലി ചെയ്ത് തുടങ്ങി. പിന്നീടാണ് അവള്‍ എഞ്ചിനീയറിംഗിന് ചേരുന്നത്. അതോടൊപ്പം തന്നെ പാരച്യൂട്ട് പരിശീലനവും നേടുന്നുണ്ടായിരുന്നു.
സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം വാലന്റീനയും അമ്മയെ സഹായിക്കാനായി നെയ്ത്ത് ഫാക്ടറിയില്‍ ജോലിക്ക് പോയിരുന്നു. തുടര്‍ന്ന് ഒരു റബര്‍ ഫാക്ടറിയിലും ജോലി ചെയ്തു. ജോലിക്കൊപ്പം പഠനവും തുടര്‍ന്നു. ഫാക്ടറി ജോലികള്‍ക്കിടയിലും ആകാശത്തോട് വല്ലാത്ത പ്രണയമായിരുന്നു വാലന്റീനയ്ക്ക്. സ്വാഭാവികമായും ആ പ്രണയം അവളെ പാരഷൂട്ടിങ്ങിലേക്ക് എത്തിച്ചു. അമ്മയറിയാതെ വീടിനടുത്തുള്ള പാരഷൂട്ടിങ് ക്ലബ്ബില്‍ ചേര്‍ന്ന് പരിശീലനം നേടി. സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആദ്യമായി ക്ലബ്ബിലെത്തുന്നതെങ്കിലും ആദ്യ ചാട്ടത്തില്‍ ആകാശത്ത് നിന്നുള്ള വോള്‍ഗാനദിയുടെ കാഴ്ച അവളെ കീഴ്‌പ്പെടുത്തിക്കളഞ്ഞു. ആകാശത്ത് നിന്നുള്ള ചാട്ടം ഹരമായി മാറിയ വാലന്റീന ചെറിയ പ്രായത്തില്‍ തന്നെ 100ലേറെ തവണ പാരഷൂട്ടില്‍ ചാടി. രാത്രിയില്‍ പോലും വോള്‍ഗ നദിക്ക് മുകളിലെ ആകാശത്ത് നിന്ന് ചാടി അവള്‍ എല്ലാവരെയും വിസ്മയിപ്പിച്ചു. ഇതിനിടയില്‍ സോവിയറ്റ് പാര്‍ട്ടിയുടെ യുവജന വിഭാഗമായ കമ്മ്യൂണിസ്റ്റ് യൂത്ത് വിങ്ങില്‍ ചേരുകയും അതിന്റെ പ്രാദേശിക ഘടകത്തിന്റെ സെക്രട്ടറിയാവുകയും ചെയ്തു.
യൂറി ഗഗാറിനിലൂടെ മനുഷ്യനെ ആദ്യമായി ബഹിരാകാശത്തേക്ക് എത്തിച്ച് അമേരിക്കയുമായുള്ള ബഹിരാകാശ യുദ്ധത്തില്‍ (space race) ഒരുപാട് മുന്‍പന്തിയില്‍ എത്തിനില്‍ക്കുകയായിരുന്നു അന്ന് സോവിയറ്റ് യൂണിയന്‍.. ഇനി ഒരു വനിതയെ ബഹിരാകാശത്തേക്ക് അയക്കാന്‍ സോവിയറ്റ് യൂണിയന്‍ തീരുമാനിക്കുന്നു. 1963ല്‍ വിഭാവനം ചെയ്ത പദ്ധതിയിലേക്ക് വനിതാ സഞ്ചാരികളെ കണ്ടെത്താനും അവര്‍ക്കാവശ്യമായ പരിശീലനം നല്‍കാനും നടപടികളാരംഭിച്ചു. 30 വയസ്സില്‍ താഴെ പ്രായമുള്ള, 70 കിലോയില്‍ താഴെ ഭാരമുള്ള സ്ത്രീകള്‍ക്കായിരുന്നു അപേക്ഷിക്കാനാവുക. ഇന്നേവരെ ഒരു സ്ത്രീയും പോയിട്ടില്ലാത്ത, അപകടം നിറഞ്ഞ ബഹിരാകാശ യാത്രയ്ക്കായി 400 സോവിയറ്റ് യുവതികളാണ് അപേക്ഷ നല്‍കിയത്. നിരന്തരമായ പരീക്ഷകള്‍ക്കും വിലയിരുത്തലുകള്‍ക്കുമൊടുവില്‍ 1962 ഫെബ്രുവരിയില്‍ നാല് പേരുടെ പട്ടിക തയ്യാറാക്കി.
ബഹിരാകാശ സഞ്ചാര പദ്ധതിയിലേക്ക് അവള്‍ തെരഞ്ഞെടുക്കപ്പെടുന്നതും അങ്ങനെയാണ്. നീണ്ട മാസങ്ങളുടെ പരിശീലനമായിരുന്നു പിന്നീട്. സുനിത വില്യംസിനും കല്‍പന ചൗളയ്ക്കുമെല്ലാം പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വോസ്ടാക് 6 വാഹനത്തില്‍ ബഹിരാകാശത്ത് സ്വപ്‌നങ്ങള്‍ വെട്ടിപ്പിടിക്കാനിറങ്ങിയ ഇരുപത്തിയാറുകാരിയുടെ പേര് വാലന്റീന തെരഷ്‌കോവ. അന്ന് തെരഞ്ഞെടുത്ത സ്ത്രീകളിൽ വാലന്റീന തെരേഷ്കോവ മാത്രമാണ് ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയത്.
1963 ജൂണ്‍ പതിനാറിന് കസാക്കിസ്താനിലെ ബൈക്കനൂര്‍ കോസ്മോഡ്രോമില്‍ നിന്ന് വോസ്ടാക് 6 അന്ന് ഇരുപത്താറുകാരിയായിരുന്ന വാലന്റീനയുമായി ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നു. ആര്‍പ്പുവിളികളോടെ ജന്മനാട് അവളെ അകലങ്ങളിലേക്ക് യാത്രയാക്കി. വാലന്റീനയുടെ റേഡിയോ സൈന്‍ ആയി നല്‍കിയത് സീഗള്‍ എന്ന വാക്കായിരുന്നു. വിജയകരമായി വിക്ഷേപണം നടന്നതിന് പിന്നാലെ വാലന്റീനയുടെ ആദ്യ സന്ദേശം ഭൂമിയിലേക്കെത്തി.
ഹായ് ഇത് ഞാനാണ്... സീഗിള്‍, എല്ലാം സുഖകരമായി പോകുന്നു. ഞാന്‍ ചക്രവാളം കാണുകയാണ്. ഭൂമി ഇവിടെ നിന്ന് എത്ര മനോഹരമാണെന്ന് അറിയാമോ...''ബഹിരാകാശത്ത് നിന്ന് സോവിയറ്റ് യൂണിയനിലെ നിലയത്തിലേക്കെത്തിയ ആ വാക്കുകളിലൂടെ പുതിയൊരു ചരിത്രം പിറക്കുകയായിരുന്നു. ഭൂമിയുടെ അതിരുകളും കടന്ന് ശൂന്യാകാശത്തിന്റെ അനന്തതയിലേക്കെത്തിയ ആദ്യത്തെ വനിതയുടേതായിരുന്നു ആ സന്ദേശം. ഒരു സ്ത്രീ ആദ്യമായി ബഹിരാകാശത്ത് പറന്നു നടക്കുന്നത് സോവിയറ്റ് യൂണിയനിലെയും യൂറോപ്പിലെയും വീടുകളിലിരുന്ന് ലക്ഷക്കണക്കിന് മനുഷ്യര്‍ ടിവിയില്‍ കണ്ടു. ഒറ്റയ്ക്ക് മൂന്ന് ദിവസം ബഹിരാകാശത്ത് കഴിഞ്ഞ ആ പെണ്‍കുട്ടി ഒരു വൈമാനികയോ ശാസ്ത്രജ്ഞയോ ഒന്നുമായിരുന്നില്ല. ഫാക്ടറി തൊഴിലാളിയായിരുന്ന ഒരു സാധാരണക്കാരി... ലോകത്തിന്റെ പലഭാഗത്തും സ്ത്രീകള്‍ക്ക് വീടിന് പുറത്തിറങ്ങാനോ വിദ്യാഭ്യാസം നേടാനോ പോലും അവകാശമില്ലാതിരുന്ന 1960കളുടെ തുടക്കകാലത്തായിരുന്നു ഈ ചരിത്രസംഭവം. സുനിത വില്യംസിനും കല്‍പന ചൗളയ്ക്കുമെല്ലാം പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വോസ്ടാക് 6 വാഹനത്തില്‍ ബഹിരാകാശത്ത് സ്വപ്‌നങ്ങള്‍ വെട്ടിപ്പിടിക്കാനിറങ്ങിയ ഇരുപത്തിയാറുകാരിയായ വാലന്റീന തെരഷ്‌കോവ ലോകത്തിന്റെ തന്നെ ഹീറോ ആയി മാറി
മൂന്ന് ദിവസത്തോളം, കൃത്യമായി പറഞ്ഞാല്‍ 71 മണിക്കൂറും 12 മിനിറ്റും അവര്‍ ഒറ്റയ്ക്ക് ബഹിരാകാശത്ത് ചെലവഴിച്ചു. ഇത് അമേരിക്കയുടെ മെര്‍ക്കുറി ദൗത്യത്തിലെ മുഴുവന്‍ ആസ്ട്രനോട്ടുകളും കൂടെ ആകെ ചെലവഴിച്ചതിനേക്കാള്‍ കൂടുതലായിരുന്നു. 1963 ജൂൺ 16 -ന് നടന്ന ദൗത്യത്തില്‍ തെരേഷ്കോവ ബഹിരാകാശത്ത് പറക്കുന്ന ആദ്യ വനിതയായി.ദൗത്യം പൂർത്തിയായപ്പോൾ, തെരേഷ്കോവയ്ക്ക് സോവിയറ്റ് യൂണിയന്റെ 'ഹീറോ' പദവി നൽകി ആദരിച്ചു.
1963 ജൂണ്‍ 19 ന് വോസ്ടാക് 6 ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തി. 20,000 അടി ഉയരത്തിലെത്തിയപ്പോള്‍ വാലന്റീന പാരഷൂട്ടില്‍ ഭൂമിയിലേക്ക് കുതിച്ചെത്തി. അള്‍ട്ടായ് മേഖലയിലിറങ്ങിയ അവരെ ഗ്രാമീണര്‍ ഓടിയെത്തി പാരഷൂട്ടില്‍ നിന്ന് ഇറങ്ങാന്‍ സഹായിച്ചു.
രാജ്യത്തിന്റെ വീരപുത്രിക്ക് സ്വപ്‌നതുല്യമായ സ്വീകരണമായിരുന്നു സോവിയറ്റ് നാട് ഒരുക്കിവെച്ചിരുന്നത്. മോസ്‌ക്കോയിൽ പതിനായിരങ്ങള്‍ ഒത്തുകൂടി. ഹീറോ ഓഫ് സോവിയറ്റ് യൂണിയന്‍, ഓര്‍ഡര്‍ ഓഫ് ലെനിന്‍ തുടങ്ങിയ പരമോന്നത പുരസ്‌കാരങ്ങള്‍ സമ്മാനിക്കപ്പെട്ടു. കൂട്ടത്തില്‍ മറ്റൊരു പ്രധാനപ്പെട്ട സമ്മാനവും വാലന്റീനക്കായി രാജ്യം കാത്തുവെച്ചിരുന്നു. യുദ്ധത്തില്‍ തന്റെ അച്ഛന്‍ മരിച്ചുവീണയിടം കണ്ടെത്തിത്തരണമെന്ന് അവര്‍ നേരത്തെ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. അത് അംഗീകരിച്ച സര്‍ക്കാര്‍ ആ സ്ഥലം കണ്ടെത്തി അവിടെ ഒരു സ്മാരകം തീര്‍ത്തു. ട്രാക്ടര്‍ ഡ്രൈവറായിരുന്ന തന്റെ പ്രിയപ്പെട്ട അച്ഛനുവേണ്ടി മകള്‍ ചക്രവാളങ്ങൾ താണ്ടി വന്ന് നക്ഷത്രങ്ങള്‍ക്കൊപ്പം തിളങ്ങി നേടിയെടുത്ത ഒരു അംഗീകാരം. തിരിച്ചെത്തിയപ്പോഴേക്കും വാലന്റീനയുടെ പ്രശസ്തി സോവിയറ്റ് നാടും കടന്ന് പോയിരുന്നു. പിന്നീടവര്‍ നിരവധി വിദേശ യാത്രകള്‍ നടത്തി. അന്താരാഷ്ട്ര വേദികളില്‍ സോവിയറ്റ് യൂണിയന്റെ മുഖമായി മാറി. വൈകാതെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു.
ബഹിരാകാശത്തേക്ക് പിന്നീടൊരിക്കലും പോയില്ലെങ്കിലും യൂറി ഗഗാറിന്‍ ബഹിരാകാശ പരിശീലന കേന്ദ്രത്തില്‍ ട്രെയിനറായി ജോലിയില്‍ പ്രവേശിച്ചു. രണ്ട് ബഹിരാകാശ യാത്രികര്‍ വിവാഹിതരാവുന്ന അത്യപൂര്‍വതയ്ക്കും അക്കാലത്ത് ലോകം സാക്ഷിയായി. ബഹിരാകാശ യാത്രികനായിരുന്ന ആന്‍ഡ്രിയന്‍ നിക്കോളയേവും വാലന്റീനയും തമ്മിലുള്ള വിവാഹത്തില്‍ കാരണവസ്ഥാനത്ത് നിന്നത് ക്രൂഷ്‌ചേവായിരുന്നു.
1963 നവംബര്‍ മൂന്നിന് തെരഷ്കോവ ബഹിരാകാശ യാത്രികനായ ആന്‍ഡ്രിയന്‍ നിക്കൊലായേവിനെ വിവാഹം കഴിച്ചു. അവരുടെ ഒരേയൊരു മകള്‍ തിരിഞ്ഞത് മെഡിക്കല്‍ രംഗത്തേക്കാണ്. തെരഷ്കോവയും നിക്കൊലായേവും പിന്നീട് വിവാഹമോചിതരായി. 1982 -ൽ തെരേഷ്കോവ ശസ്ത്രക്രിയാവിദഗ്ധനായ യൂലി ഷാപോഷ്നികോവിനെ വിവാഹം കഴിച്ചു.
സുപ്രീം സോവിയറ്റിന്റെ ഡെപ്യൂട്ടി ആയി തെരഷ്കോവ. ശേഷം പീപ്പിൾസ് ഡെപ്യൂട്ടിയും. സുപ്രീം സോവിയറ്റ് പ്രെസിഡിയത്തിലെ അംഗം കൂടിയായ അവർ പിന്നീട് സോവിയറ്റ് വിമൻസ് കമ്മിറ്റിയുടെ തലവനായി. ഇന്റർനാഷണൽ കൾച്ചറൽ ആൻഡ് ഫ്രണ്ട്ഷിപ്പ് യൂണിയന്റെ തലവനും പിന്നീട് റഷ്യൻ അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ കോപ്പറേഷന്റെ ചെയർപേഴ്‌സണുമായിരുന്നു.
തെരഷ്കോവയുടെ ജീവിതവും ബഹിരാകാശ യാത്രയും അടിസ്ഥാനമാക്കി എല്ലാ മേഖലകളില്‍ നിന്നും ആദരവെത്തി. പുസ്തകങ്ങള്‍ മുതല്‍ മ്യൂസിയം വരെ ആ യാത്രകളെ കുറിച്ച് പറഞ്ഞു. ഇന്നും ലോകം ആദ്യമായി ബഹിരാകാശത്തേക്ക് ഒരു സ്ത്രീ നടത്തിയ യാത്രയെ കുറിച്ച് അഭിമാനത്തോടെ ഓര്‍ക്കുന്നു.
https://www.facebook.com/Malayalivartha