ഏഷ്യന്‍ ഗെയിംസില്‍ അഭിമാനമായി അനസ്, വനിതകളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ ഹിമയ്ക്ക് വെള്ളി

ഏഷ്യന്‍ ഗെയിംസില്‍ അഭിമാനമായി മുഹമ്മദ് അനസ്. പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തില്‍ മുഹമ്മദ് അനസും വനിതകളുടെ വിഭാഗത്തില്‍ ഹിമയും വെള്ളി മെഡല്‍ നേടി. 50.79 സെക്കന്‍ഡില്‍ ഹിമ ഫിനിഷ് ചെയ്തു. 45.69 സെക്കന്‍ഡാണ് അനസിന്റെ സമയം. തന്റെ തന്നെ ദേശീയ റെക്കോഡായ 51.00 സെക്കന്‍ഡ് മറികടന്നാണ് ഹിമ പുതിയ സമയം കുറിച്ചത്. വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ നിര്‍മ്മലയ്ക്ക് 0.33 സെക്കന്‍ഡിന് വെങ്കലം നഷ്ടമായി. നേരത്തെ ഹിമ അണ്ടര്‍ 20 ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്നു.
ഖത്തറിന്റെ ഹസന്‍ അബ്ദലേഹാണ് ഈ വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. പുരുഷ വിഭാഗത്തിലും സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം നഷ്ടമായി. രാജീവ് ആരോക്യയ്ക്കാണ് 0.14 സെക്കന്‍ഡില്‍ മൂന്നാം സ്ഥാനം നഷ്ടമായത്. വനിതാ വിഭാഗത്തില്‍ ബഹ്‌റിന്റെ സല്‍വ ഈദ് നാസറാണ് സ്വര്‍ണ മെഡല്‍ ജേതാവ്. കസാഖിസ്ഥാന്റെ എലീന മിഖീന വെങ്കലം നേടി. പുരുഷ വിഭാഗത്തില്‍ ബഹ്‌റിന്‍ താരം അലി ഖാമിസ് വെങ്കലം നേടി.
10,000 മീറ്ററില്‍ ഇന്ത്യയുടെ ജി. ലക്ഷ്മണന്‍ വെങ്കലം നേടി. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ 10,000 മീറ്ററില്‍ മെഡല്‍ നേടുന്നത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം ഏഴ് സ്വര്‍ണവും ഒന്‍പത് വെള്ളിയും 20 വെങ്കലവും അടക്കം 36 മെഡലുകളായി. ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്‌വാളും പി.വി സിന്ധുവും സെമിയില്‍ കടന്നു. ഇതോടെ ഇരുവരും മെഡല്‍ ഉറപ്പിച്ചു.
https://www.facebook.com/Malayalivartha























