കോമണ്‍വെല്‍ത്തിൽ ഇന്ത്യയ്ക്ക് സൂപ്പർ സൺഡേ; ഷൂട്ടിംഗിന് പിന്നാലെ ടേബിള്‍ ടെന്നീസിലും സ്വർണ്ണം; ഇന്ത്യയുടെ മെഡൽ നേട്ടം പത്ത് കടന്നു

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യൻ കുതിപ്പ്. 10മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിത വിഭാഗത്തില്‍ സ്വര്‍ണ്ണവും വെള്ളിയും സ്വന്തമാക്കിയതിന് തൊട്ട് പിന്നാലെ ടേബിള്‍ ടെന്നീസിലും ഇന്ത്യയ്ക്ക് സ്വർണ്ണം. ഫൈനലില്‍ സിംഗപൂരിനെ 3-1 നാണ് ഇന്ത്യ തോൽപ്പിച്ചത്.
കോമണ്‍വെല്‍ത്ത് ഗെയിംസ് ടേബിള്‍ ടെന്നീസില്‍ ഇതാദ്യമായാണ് ഇന്ത്യ സ്വര്‍ണ്ണം കരസ്ഥമാക്കുന്നത്. ഇതോടെ ഇന്ത്യയുടെ സ്വർണ്ണ നേട്ടം ഏഴായി. എയര്‍ പിസ്റ്റള്‍ വനിത വിഭാഗത്തില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ ഹീന സിദ്ധു ഇതേ മത്സരയിനത്തില്‍ വെള്ളി നേടിയിരുന്നു. 69 കിലോ വിഭാഗം വനിതകളുടെ മത്സരത്തില്‍ ഇന്ത്യയുടെ പൂനം യാദവും സ്വർണ്ണം നേടി.
94കിലോ വെയിറ്റ് ലിഫ്റ്റിങ് ഇനത്തിൽ ഇന്ത്യയുടെ വികാസ് ഠാക്കൂറും പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളിൽ രവി കുമാറും വെങ്കല മെഡല്‍ സ്വന്തമാക്കി. 48 കിലോ വനിത വിഭാഗം ബോക്സിംഗില്‍ ഇന്ത്യയുടെ മേരി കോം സെമിയില്‍ കടന്നതോടെ മെഡൽ ഉറപ്പാക്കി.
വനിതാ ഹോക്കിയിൽ കരുത്തരായ ഇംഗ്ലണ്ടിനെ 3-2 എന്ന സ്കോറിനു പരാജയപ്പെടുത്തി. പുരുഷന്മാരുടെ ഹോക്കിയിലും ഇന്ത്യ മികച്ച വിജയം നേടി. വെയിൽസിനെ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
https://www.facebook.com/Malayalivartha
























