ആ വിഷമം മറക്കാൻ സാനിയ അഭയം തേടിയത്... തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ സാനിയ പോസ്റ്റ് ചെയ്ത രംഗങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

പരിക്ക് മൂലം ആസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാന്‍ സാധിക്കാത്തതിന്റെ വിഷമം മറക്കാന്‍ സാനിയ അഭയം തേടിയത് നൃത്തത്തില്‍. ദുബായില്‍ സൂംബാ ഡാന്‍സ് പഠിക്കാന്‍ ശ്രമിക്കുന്ന താരത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
സല്‍മാന്‍ ഖാന്‍- കത്രീന കൈഫ് ജോടികളുടെ പുതു ചിത്രമായ ‘ടൈഗര്‍ സിന്ദാ ഹൈ’യിലെ ‘സ്വാഗ് സെ സ്വാഗത്’ എന്ന ഗാനത്തിനാണ് താരം നൃത്തം ചെയ്യുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് സാനിയ ഈ രംഗങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇതിനോടകം നിരവധി പേരാണ് താരത്തിന്റെ നൃത്തം കണ്ടത്. കാല്‍മുട്ടിനേറ്റ പരിക്ക് മൂലമാണ് സാനിയക്ക് അടുത്ത മാസം നടക്കാനിരിക്കുന്ന ആസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാനുള്ള അവസരം നഷ്ടമായത്.
കായിക താരങ്ങള്‍ക്ക് സാധാരണയായി വരാറുള്ള ജംബേര്‍സ് ക്‌നീ എന്ന അവസ്ഥയാണ് താരത്തിനേയും പിടികൂടിയിരിക്കുന്നത്. മുട്ട് ചിരട്ടയില്‍ അസഹ്യമായ വേദനയാണ് ഇത് മൂലം ഉണ്ടാവുക. ദുബായില്‍ ചികിത്സ തേടുന്ന സാനിയക്ക് ഓടുവാനും ചാടുവാനും ചെറിയ ബുദ്ധിമുട്ടുകളുണ്ട്. ഇത് പരിഹരിക്കുവാന്‍ വേണ്ടി കൂടിയാണ് താരത്തിന്റെ നൃത്താഭ്യാസം.
ഏതാനും മാസം കളിക്കളത്തില്‍ നിന്നും വിട്ടു നില്‍ക്കുവാനാണ് ഡോക്ടര്‍മാര്‍ സാനിയയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നേരത്തെ പുരുഷ ടെന്നീസ് താരം റോജര്‍ ഫെഡററിനെയും ഇതേ രോഗം പിടികൂടിയിരുന്നു. എന്നാല്‍ പരിക്ക് മാറിയ റോജര്‍ സ്വപ്‌ന സമാനമായ തിരിച്ച് വരവാണ് അടുത്തിടെ ടെന്നീസ് കോര്‍ട്ടുകളില്‍ കാഴ്ച വെച്ചത്.

https://www.facebook.com/Malayalivartha























