നിപ ഭീഷണിയില്‍ യു.എ.ഇ ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് വന്നതോടെ പെരുന്നാള്‍ അവധിക്ക് നാട്ടിലേക്ക് വരാനാവാതെ ആശങ്കയോടെ ആയിരക്കണക്കിന് മലയാളികള്‍

നിപ്പ ഭീഷണി നിലനില്‍ക്കവേ കേരളത്തിലേക്കുള്ള യാത്ര തത്കാലം ഒഴിവാക്കാന്‍ പ്രവാസി മലയാളികള്‍ക്ക് യു.എ.ഇ ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് വന്നതോടെ പെരുന്നാള്‍ അവധിക്ക് നാട്ടിലേക്ക് വരാനാവാത്ത അവസ്ഥയിലാണ് ആയിരങ്ങള്‍. പെരുന്നാള്‍ വീട്ടുകാരോടൊപ്പം ആഘോഷിക്കാനായി മാസങ്ങള്‍ക്കു മുമ്പേ തയ്യാറെടുപ്പിലായിരുന്നു പ്രവാസികളെല്ലാം. അവരുടെ പ്രതീക്ഷകള്‍ക്കാണ് ഇപ്പോള്‍ മങ്ങലേറ്റിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലും സ്‌കൂളുകളിലും മറ്റും ജോലി ചെയ്യുന്നവര്‍ക്കും അപ്രഖ്യാപിത യാത്രാനിരോധനം കര്‍ശനമാക്കിയിട്ടുണ്ട്.
ദുബായില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് നാട്ടിലേക്ക് വരാനുള്ള അവധി പൂര്‍ണമായും നിഷേധിച്ചിരിക്കയാണ്. യു.എ.ഇ, ഖത്തര്‍, ബഹറിന്‍ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സന്ദര്‍ശകവിസയെടുത്ത അവിടങ്ങളിലെ പൗരന്മാര്‍ക്കും യാത്രാവിലക്കുണ്ട്. കേരളത്തിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും തീര്‍ത്തും ഒഴിവാക്കാനാവില്ലെന്നാണെങ്കില്‍ പ്രത്യേക മുന്‍കരുതല്‍ വേണമെന്നും ആരോഗ്യമന്ത്രാലയം ഓര്‍മ്മിപ്പിക്കുന്നു.
പെരുന്നാളിനു മുമ്പ് നാട്ടിലെത്താനായി അവധി തേടിയവരില്‍ മലബാര്‍ ജില്ലക്കാര്‍ തന്നെ ആയിരക്കണക്കിന് വരും. അപകടസാദ്ധ്യത തിരിച്ചറിയണമെന്നും വിലക്ക് കണക്കിലെടുക്കാതെ തിരിച്ചാല്‍ ജോലി നഷ്ടപ്പെടാനിടയാകുമെന്നും മിക്ക സ്ഥാപനങ്ങളും ആവര്‍ത്തിച്ച് പറയുന്നുണ്ട്.
നേരത്തേ, നിപ്പ വൈറസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha



























