പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരമായ കമ്രാന്‍ അക്മല്‍ മതപരമായ ചടങ്ങുകള്‍ക്കു വേണ്ടി വാങ്ങിയ ആട് മോഷണം പോയി

പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരമായ കമ്രാന്‍ അക്മല്‍ മതപരമായ ചടങ്ങുകള്‍ക്കു വേണ്ടി വാങ്ങിയ ആട് മോഷണം പോയി. ലഹോറിലെ സ്വകാര്യ ഹൗസിങ് സൊസൈറ്റിയിലെ വീട്ടില്‍ നിന്നാണ് വിലയേറിയ ആടിനെ മോഷ്ടാക്കള്‍ തട്ടിയെടുത്തത്.
ആറ് ആടുകളെയാണ് ബലി നല്‍കാന്‍ അക്മല്‍ കുടുംബം കഴിഞ്ഞ ദിവസം വാങ്ങിയത്. രാത്രി ആടുകളെ വീടിനു പുറത്തുകെട്ടിയിട്ടിരുന്നു. ആടുകളെ നോക്കാനായി തൊഴിലാളി ഉണ്ടായിരുന്നെങ്കിലും ഇയാള്‍ ഉറങ്ങിയ തക്കത്തിന് മോഷ്ടാക്കള്‍ ആടിനെ തട്ടിയെടുക്കുകയായിരുന്നെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. 90,000 രൂപയോളമാണ് മോഷ്ടിച്ച ആടിന്റെ വിലയെന്ന് കമ്രാന്‍ അക്മലിന്റെ പിതാവ് പ്രതികരിച്ചു.
ഹൗസിങ് സൊസൈറ്റിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മോഷ്ടാക്കളെ പിടികൂടിയതായും ആടിനെ തിരികെ ലഭിച്ചെന്നും അക്മലിന്റെ കുടുംബം അറിയിച്ചു.
പാക്കിസ്ഥാനു വേണ്ടി 53 ടെസ്റ്റ്, 157 ഏകദിനം, 58 ട്വന്റി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് കമ്രാന്‍ അക്മല്‍. ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റ് ലീഗുകളിലാണു താരം കളിക്കുന്നത്. 2002ലാണ് പാക്കിസ്ഥാന്‍ ദേശീയ ടീമിനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അരങ്ങേറിയത്.
"
https://www.facebook.com/Malayalivartha



























