ചൈനയിൽ അപൂർവ മഴവിൽ കാഴ്ച: ട്വിറ്ററിലൂടെ വീഡിയോ കണ്ടത് ലക്ഷക്കണക്കിന് ആളുകൾ

മനംമയക്കുന്ന കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച് ചൈന. ചൈനയിലെ ഹൈനാൻ പ്രവിശ്യയിലെ ഹൈക്കൗ നഗരത്തിൽ ഓഗസ്റ്റ് 21 ന് ചിത്രീകരിച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽവൈറലാകുന്നത്. മഴവില്ലിന്റെ നിറമുള്ള കിരീടം പോലെ തോന്നിക്കുന്ന മേഘങ്ങൾ അസാധാരണമാം വിധം പ്രത്യക്ഷപ്പെടുന്ന വീഡിയോ ആയിരുന്നു അത്. സ്കാർഫ് ക്ലൗഡ് അഥവാ പിലിയസ് എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ചൈനയിലുണ്ടായതെന്ന് ഗവേഷകർ പറയുന്നു.
ഒരു മേഘത്തെച്ചുറ്റിയുള്ള വായു മുകളിലേക്ക് ഉയർന്ന് കുട പോലെ മാറുമ്പോഴാണ് പിലിയസ് മേഘങ്ങൾ ഉണ്ടാകുന്നത്. കടുത്ത കാലാവസ്ഥയുടെ ലക്ഷണമാണ് ഇതെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഈ മേഘത്തിലെ ജല, ഹിമ കണികകളിൽ തട്ടി സൂര്യപ്രകാശം പ്രതിഫലിക്കുമ്പോഴാണ് മഴവില്ലുപോലുള്ള ഘടനയുണ്ടാകുന്നത്.
ചൈനയിലെ ഇത്തരം ചില അസ്വാഭാവിക കാഴ്ചകൾ മുൻപും സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിവരിക്കാൻ വാക്കുകളില്ലെങ്കിലും, അത് എത്ര ശ്രദ്ധേയമാണെന്ന് പലരും പറഞ്ഞു. "ഇത് ഭ്രാന്താണ്. മഴവില്ലിനും മേഘത്തിനും കുഞ്ഞുണ്ടായത് പോലെ..." എന്ന് ഒരാൾ കുറിച്ചു. ട്വിറ്ററിൽ നിഗൂഢവാദ സിദ്ധാന്തക്കാർക്കിടയിൽ ചർച്ചകൾക്കും ഇതു വഴിവച്ചു. ലോകാവസാനത്തിന്റെ ചിഹ്നമാണ് ഇതെന്നായിരുന്നു ചിലർ വാദിച്ചത്.
https://www.facebook.com/Malayalivartha



























