കണ്ണൂരില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാകുന്നു; പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് പൂര്‍ണമായും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആക്കി മാറ്റുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭയോഗത്തിൽ അനുമതി

തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് പൂര്‍ണമായും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആക്കി മാറ്റുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നേരത്തെ പരിയാരം മെഡിക്കല്‍ കോളേജ് ബോര്‍ഡ് ഓഫ് കണ്‍ട്രോളിന്റെ നിയന്ത്രണത്തിലായിരുന്നു. പരിമിതമായ കാലത്ത് ഭരണ നിര്‍വഹണം മാത്രമാണ് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ നിര്‍വഹിച്ച് വന്നിരുന്നത്. മെഡിക്കല്‍ കോളേജിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് സര്‍ക്കാര്‍ ഏറ്റടെത്തതെന്നും മന്ത്രി പറഞ്ഞു.
പരിയാരം കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ആന്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് മെഡിക്കല്‍ സര്‍വീസസും അനുബന്ധ സ്ഥാപനങ്ങളുമാണ് ഏറ്റെടുത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളാക്കി മാറ്റുന്നത്. പരിയാരം മെഡിക്കല്‍ കോളേജ്, ഡന്റല്‍ കോളേജ്, അക്കാദമി ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, കോളേജ് ഓഫ് നഴ്‌സിംഗ്, സ്‌കൂള്‍ ഓഫ് നഴ്‌സിംഗ്, സഹകരണ ഹൃദയാലയ, മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂള്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് എന്നീ എട്ടു സ്ഥാനങ്ങളാണ് അക്കാദമിക്കു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നത്.
ഈ മെഡിക്കല്‍ കോളേജ് പൂര്‍ണമായും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായി മാറുന്നതോടെ സര്‍ക്കാര്‍ ഫീസില്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് മെഡിക്കല്‍ കോളേജുകളെപ്പോലെ സൗജന്യ ചികിത്സ ജനങ്ങള്‍ക്കും ലഭ്യമാകും. ഉത്തര മലബാറില്‍ സര്‍ക്കാര്‍ മേഖലയില്‍ മറ്റ് മെഡിക്കല്‍ കോളേജില്ലാത്തതിനാല്‍ ഇത് ഏറെ അനുഗ്രഹമാകും. ഇതിലൂടെ ജനങ്ങളുടെ വലിയ ആവശ്യങ്ങളിലൊന്നാണ് സാധിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ പോലെ പരിയാരം മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുന്നതാണ്. ഈ മെഡിക്കല്‍ കോളേജിനെ ഒരു ലോകോത്തര സ്ഥാപനമാക്കി മാറ്റാന്‍ കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരുടേയും പിന്തുണയും മന്ത്രി അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha



























