തേക്കടിയിലെ സ്വകാര്യ ഹോംസ്റ്റേയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത...

തേക്കടിയിലെ സ്വകാര്യ ഹോംസ്റ്റേയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം പെരുങ്ങഴ ആഴൂർ ദ്വാരകയിൽ പ്രകാശന്റെ ഭാര്യ ശോഭന, മകൻ കരിക്കാട്ടുവിള പ്രമോദ്, പ്രമോദിന്റെ രണ്ടാം ഭാര്യ തമിഴ്നാട് കാഞ്ചിപുരം സ്വദേശി ജീവ, എന്നിവരാണു മരിച്ചത്. ജീവയുടെ മൃതദേഹം കട്ടിലിലും മറ്റു 2 പേരുടേതും മുറിയിൽ തൂങ്ങിയ നിലയിലുമാണു കണ്ടെത്തിയത്. ജീവയെ കൊലപ്പെടുത്തിയ ശേഷം പ്രമോദ് ആത്മഹത്യ ചെയ്തതാണെന്നു പൊലീസ് സംശയിക്കുന്നു. ജീവയുടെ കഴുത്തിൽ പാടുകളുണ്ട്.
2 മുറികളാണ് ഇവർ എടുത്തിരുന്നത്. താഴത്തെ നിലയിൽ ശോഭനയും മുകളിൽ പ്രമോദും ജീവയുമാണു താമസിച്ചത്. ഇന്നലെ രാവിലെ 11നു ലോഡ്ജ് ഉടമ എത്തിയപ്പോൾ ശോഭനയുടെ മുറി പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു, പ്രമോദിന്റെ മുറി ഉള്ളിൽ നിന്നു കുറ്റിയിട്ട നിലയിലും. ശോഭനയുടെ ഇടതുകയ്യിൽ മുറിവുണ്ട്. ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതാണോ എന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂവെന്നു കട്ടപ്പന ഡിവൈഎസ്പി എൻ.സി.രാജ്മോഹൻ പറഞ്ഞു. ജീവയുടെ മാതാപിതാക്കളുടെ പേരിൽ കമ്പത്തിനു സമീപം പുതുപ്പെട്ടിയിലും മറ്റുമുള്ള സ്ഥലം ലഭിക്കുന്നതിനു പ്രമോദ് ശ്രമിച്ചിരുന്നതായി സൂചനയുണ്ടെന്നു പൊലീസ് പറഞ്ഞു.
മൂന്ന് മാസമായി ഇവര്‍ ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ്. കുമളിയില്‍ വീട് വാങ്ങി താമസിക്കാന്‍ വേണ്ടിയാണ് ഇങ്ങോട്ട് വന്നതെന്നാണ് മുറി എടുക്കുന്ന സമയത്ത് ഇവര്‍ ഉടമയോട് പറഞ്ഞിരുന്നത്. പ്രതികൂല കാലാവസ്ഥയായതിനാലും തിരക്കില്ലാതിരുന്നതിനാലും ഉടമയായ അനീഷ് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12ന് ശേഷം തിരികെയെത്തിയപ്പോൾ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ടും മറുപടി ലഭിക്കാതെ വന്നതോടെ തുറന്നു കിടന്ന ജനലിലൂടെ നോക്കിയപ്പോഴാണ് രണ്ട് പേർ തൂങ്ങി നിൽക്കുന്നത് കണ്ടത്.
അതേ സമയം തേക്കടിയിൽ സ്വകാര്യ ലോഡ്ജിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ ദുരൂഹതകൾ ഏറെയാണ്. സ്ഥലം വാങ്ങുന്നതിനായാണ് ഇവർ കുമളിയിൽ എത്തിയതെന്നാണ് പറയുന്നത്. എന്നാൽ ഇതുവരെ സ്ഥലമൊന്നും വാങ്ങിയിട്ടില്ലെന്നാണ് ജീവയുടെ ബന്ധുക്കൾ പറയുന്നത്. പ്രമോദിന് തിരുവനന്തപുരത്ത് വേറെ ഭാര്യയും രണ്ട് മക്കളുമുണ്ടെന്നും സൂചനയുണ്ട്. ഇക്കാര്യം ജീവ അറിഞ്ഞതാണോ മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രമോദിന്റെ പേരിൽ തിരുവനന്തപുരത്ത് വിസ തട്ടിപ്പിന് കേസുള്ളതായി പൊലീസ് പറഞ്ഞു.
തമിഴ്‌നാട് സ്വദേശിയായ ജീവയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുണ്ടായിരുന്നു. എന്നാൽ നിരന്തരമായ കുടുംബ കലഹത്തെ തുടർന്ന് പത്ത് വയസുള്ള ഈ കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. പിന്നീട് ഈ ബന്ധം വേർപ്പെടുത്തിയ ശേഷമാണ് പ്രമോദുമായി ജീവ അടുക്കുന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ പ്രമോദ് ചെന്നൈയിൽ വച്ചാണ് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ജീവയുമായി അടുപ്പത്തിലായത്. ജീവയും പ്രമോദും വിവാഹം കഴിച്ചെന്നതിന് തെളിവ് ഗുരുവായൂർ ക്ഷേത്രത്തിൽ ഇരുവരും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ മാത്രമാണെന്ന് ജീവയുടെ ബന്ധുക്കൾ പറയുന്നു. കട്ടപ്പന ഡിവൈ.എസ്.പി രാജ്മോഹന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കാണ് കൊണ്ടുപോയത്.
https://www.facebook.com/Malayalivartha

























