ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്നും ലഭിക്കുന്നത് ഉള്ളുലയ്ക്കുന്ന ദൃശ്യങ്ങള്‍!

പ്രകൃതി വീണ്ടും കേരളക്കരയോട് ക്ഷോഭിച്ചിരിക്കുകയാണ്. മലപ്പുറം കവളപ്പാറയിലും നിലമ്പൂരിലും വയനാട്ടിലുമെല്ലാം ധാരാളം പ്രദേശങ്ങള്‍ മഴക്കെടുതിയില്‍ ഏറെക്കുറെ നാമാവശേഷമായിരിക്കുകയാണ് എന്നു തന്നെ പറയാം.
എത്രപേര്‍ മരിച്ചെന്ന് കൃത്യമായി പറയാനാവാത്ത അവസ്ഥയാണ്. രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കിക്കൊണ്ട് പലയിടത്തും മഴ തിമിര്‍ത്തു പെയ്തു കൊണ്ടേയിരിക്കുന്നു. പ്രിയപ്പെട്ടവരില്‍ പലരും മണ്ണിനടിയിലാണെന്നറിഞ്ഞ് ആര്‍ത്തലച്ചു കരയുന്നവരാണ് ചുറ്റിലും.
കൂട്ടത്തില്‍ കവളപ്പാറയാണ് മഴയുടെ കലി വലിയ തോതില്‍ നേരിട്ടത്. കവളപ്പാറയില്‍ മാത്രം 36 വീടുകളാണ് ഒലിച്ചുപോയത്. ഇതേവരെ കണ്ടെത്തിയിട്ടുള്ളതോ മൂന്ന് മൃതദേഹങ്ങള്‍ മാത്രമാണ്. 38 പേരെ കാണാതായിട്ടുണ്ട്. 19 കുടുംബങ്ങളിലെ 41 പേരാണ് അപകടത്തില്‍പ്പെട്ടത്.
ഇപ്പോഴിതാ നെഞ്ചുപൊട്ടുന്ന മറ്റൊരു കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഉരുള്‍പൊട്ടല്‍ ബാക്കിയാക്കിയ ഭൂമിയില്‍ രണ്ടു കാലുകള്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ചു പോയ പ്രദേശത്താണ് വീണ്ടെടുക്കാന്‍ പോലുമാകാത്ത വിധം ഈ മൃതദേഹമുള്ളത്.
രക്ഷാപ്രവര്‍ത്തനം പോലും അസാധ്യമായ പ്രദേശത്തു നിന്നാണ് ആ നെഞ്ചു നീറ്റുന്ന കാഴ്ച. ഏതു ജില്ലയുടെ ഭാഗമാണ് ഈ പ്രദേശം എന്ന് വ്യക്തമല്ലെങ്കിലും കേരളം അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രളയ ദുരിതത്തിന്റെ നേര്‍കാഴ്ചയായി മാറുകയാണ് ഈ ദൃശ്യങ്ങള്‍. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അധികൃതര്‍ എത്തണമെന്നറിയിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടാണ് ദുരന്തത്തിന്റെ നേര്‍ചിത്രം പ്രചരിപ്പിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
https://www.facebook.com/Malayalivartha

























