മുത്തപ്പന്‍കുന്നിന്റെ മുകള്‍ഭാഗം വിണ്ടുകീറി ചെളിയുടെ പുഴയായി താഴേക്കു കുത്തിയൊഴുകി വഴിയിലെ സകല വീടുകളെയും വിഴുങ്ങി മുന്നേറി പകുതിവഴിയില്‍ വച്ച് രണ്ടായിപ്പിരിഞ്ഞ് ബാക്കി വച്ചത് എട്ട് വീടുകളെ; കവളപ്പാറയിലെ ആ മരണംതൊടാമണ്ണ്...

ഉരുള്‍പൊട്ടി ഉറ്റവരെയും ഉടയവരെയും സമ്പാദ്യവുമെല്ലാം നഷ്ടമാകുന്നത് നോക്കിനില്‍ക്കാനെ കവളപ്പാറയിലെ മനുഷ്യർക്ക് സാധിച്ചിട്ടുള്ളൂ. 50 അടി ഉയരത്തില്‍ വീണ മണ്ണിനടിയില്‍ നിശബ്ദമാക്കപ്പെട്ടത് നിരവധിപേരുടെ നിലവിളികളായിരുന്നു. കവളപ്പാറയില്‍ കുത്തിയൊലിച്ചെത്തിയ മലവെള്ളപാച്ചിലില്‍ നിന്ന് ഭാഗ്യം ഒന്ന് കൊണ്ട് മാത്രം രക്ഷപ്പെട്ടവര്‍ക്ക് ഇപ്പോഴും അതില്‍നിന്ന് മുക്തരാകാന്‍ സാധിച്ചിട്ടില്ല. വ്യാഴാഴ്ച രാത്രി എട്ട് മണിക്കാണ് മുത്തപ്പന്‍കുന്നിന്റെ മുകള്‍ഭാഗം വിണ്ടുകീറി ചെളിയുടെ പുഴയായി താഴേക്കു കുത്തിയൊഴുകിയത്. അത് ഒഴുകിയ വഴിയിലെ സകല വീടുകളെയും വിഴുങ്ങി മുന്നേറിയ ഉരുള്‍പൊട്ടല്‍ പകുതിവഴിയില്‍ വച്ച് രണ്ടായിപ്പിരിഞ്ഞു. ഇതിന്റെ നടുവില്‍ ഒരു തുരുത്തിനെ മാത്രം അവശേഷിപ്പിച്ച് വീണ്ടും കൂടിച്ചേര്‍ന്നു ഒന്നായി പരന്നൊഴുകി.
ജീവന്റെ ഒറ്റത്തുരുത്തായി മാറിയ ആ പ്രദേശത്ത് 8 വീടുകളാണ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സംഭവ സമയത്ത് നെടിയകാലായില്‍ പുഷ്പയും ഭര്‍ത്താവ് സുനിലും പത്തുവയസ്സുകാരനായ മകന്‍ ധനുഷും വീട്ടിലുണ്ടായിരുന്നു. മുന്നോട്ടോ വശങ്ങളിലേക്കോ ഓടിയിരുന്നെങ്കില്‍ ദുരന്തം ഇവരെയും കവര്‍ന്നേനെ. ദുരിതാശ്വാസക്യാമ്ബില്‍ കഴിയുന്ന പുഷ്പ ആ ഭീകര രാത്രി ഓര്‍ത്തെടുത്തു:
''രാത്രി വീട്ടിലിരിക്കുമ്പോഴാണ് കുന്നിനുമുകളില്‍ വലിയ ശബ്ദം കേട്ടത്. ഒപ്പം ചെളിയും വെള്ളവും താഴേക്കൊഴുകിയെത്തി. 'ഓടിക്കോ' എന്നെല്ലാം ആളുകള്‍ അലറിവിളിക്കുന്നത് കേള്‍ക്കാമായിരുന്നു. ഞങ്ങളും വീട്ടില്‍നിന്നിറങ്ങിയോടി. അധികം മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. മുന്നിലെ തോട് നിറഞ്ഞുകവിഞ്ഞിരുന്നു. വീടിന്റെ വശങ്ങളിലൂടെ ഭയങ്കര ശബ്ദത്തോടെ മണ്ണ് ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു. ഇരുട്ടില്‍ ഒന്നും കാണാന്‍ കഴിയുമായിരുന്നില്ല. വശങ്ങളില്‍നിന്ന് ചെളിയും വെള്ളവും ഞങ്ങള്‍ നിന്ന ഭാഗത്തേക്ക് അടിച്ചു കയറി. പിന്നില്‍ വീടുനില്‍ക്കുന്ന ഭാഗത്തു മാത്രമാണ് പ്രശ്‌നമില്ലാതെ കണ്ടത്. ഞങ്ങള്‍ തിരിഞ്ഞോടി. രാത്രി വീടിനു സമീപം ഭയന്നു വിറച്ച് ഉറങ്ങാതിരുന്നു.'' പുഷ്പ പറഞ്ഞു.
അതേ സമയം ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍നിന്ന് ഒരു മൃതദേഹം കൂടി ലഭിച്ചു. ഇതോടെ ഇവിടെനിന്നു കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 20 ആയി. 39 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 63 പേരായിരുന്നു കാണാതായവരുടെ പട്ടികയില്‍ ആദ്യമുണ്ടായിരുന്നത്. ഇതില്‍ നാലുപേര്‍ ബന്ധുവീടുകളിലുണ്ടെന്ന് മന്ത്രി കെ.ടി.ജലീല്‍ സ്ഥിരീകരിച്ചു. ദുരന്തം നടന്ന് അഞ്ചുദിവസം പിന്നിട്ടതിനാല്‍ മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയിട്ടുണ്ട്.
ഇക്കാരണത്താല്‍ ബന്ധുക്കള്‍ക്ക് മൃതദേഹങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയുണ്ട്. എട്ടിന് രാത്രി എട്ടോടെയാണ് പോത്തുകല്‍ കവളപ്പാറ മുത്തപ്പന്‍കുന്നില്‍ ഉരുള്‍പൊട്ടലുണ്ടായത്. അറുപത്തിമൂന്ന് പേരെയാണ് ദുരന്തത്തില്‍ കാണാതായത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടത്തിയ തെരച്ചിലില്‍ പതിമൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. മണ്ണുമാന്തി യന്ത്രങ്ങളുടെ കുറവും കനത്ത മഴയും വെള്ളി, ശനി ദിവസങ്ങളില്‍ തെരച്ചിലിനെ ബാധിച്ചു. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് തെരച്ചില്‍ കൂടുതല്‍ ഫലപ്രദമായി നടന്നത്. തിങ്കളാഴ്ച വലുതും ചെറുതുമായ എട്ട് മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്താലാണ് മൃതദേഹങ്ങള്‍ക്കായുള്ള തെരച്ചില്‍ നടന്നത്. ഉരുള്‍പൊട്ടലില്‍ മുത്തപ്പന്‍ കുന്നില്‍ നിന്നും ഒലിച്ചിറങ്ങി മണ്ണിനടിയില്‍ കിടക്കുന്ന വീടുകള്‍ എവിടെയെന്ന് കണ്ടെത്താന്‍ കഴിയാത്തത് തിരച്ചിലിന് തടസമാകുന്നുണ്ട്.
https://www.facebook.com/Malayalivartha

























