അരുവിക്കര,നെയ്യാർ അണക്കെട്ട് തുറന്നു.... നാലു കവാടങ്ങള്‍ രാവിലെ പത്തിന് ഒരിഞ്ച് വീതമാണു തുറന്നത്. കനത്ത മഴ പെയ്താൽ അണക്കെട്ട് പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണു നടപടിയെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു

തെക്കന്‍ കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ നെയ്യാർ അണക്കെട്ട് തുറന്നു. നാലു കവാടങ്ങള്‍ രാവിലെ പത്തിന് ഒരിഞ്ച് വീതമാണു തുറന്നത്. കനത്ത മഴ പെയ്താൽ അണക്കെട്ട് പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണു നടപടിയെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. 82.02 മീറ്ററാണ് നെയ്യാർ ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷി 84.75 മീറ്ററാണ്.
നേരിയ തോതിൽ മാത്രം വെള്ളം തുറന്നു വിടുന്നതിനാൽ തീരവാസികള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. അരുവിക്കര ഡാം ചൊവ്വാഴ്ച രാവിലെ 7.30ന് തുറന്നു. 1 ഷട്ടർ 50 സെന്റിമീറ്ററാണ് ഉയർത്തിയത്. ശക്തമായ മഴ പെയ്താല്‍ ഡാംപെട്ടെന്ന് തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് മുന്‍പെ ഡാം തുറക്കുന്നത്.
അതേസമയം സംസ്ഥാനത്ത് പൊതുവെ മഴ കുറഞ്ഞു. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ചൊവ്വാഴ്ച രാവിലെ മുതൽ മഴയാണ്. ദുരന്ത മേഖലകൾ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പുറപ്പെട്ടു. വയനാട്ടിലും മലപ്പുറത്തെ കവളപ്പാറയിലും മുഖ്യമന്ത്രി സന്ദർശനം നടത്തും. കരിപ്പൂർ വിമാനത്താവളത്തിൽ വിമാനത്തിലെത്തുന്ന മുഖ്യമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററിൽ സുൽത്താൻ ബത്തേരിയിലേക്കു പോകും. റോഡ് മാർഗം മേപ്പാടിയിലെത്തുന്ന മുഖ്യമന്ത്രി ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിക്കും. പിന്നീട് മലപ്പുറത്തേക്കു പോകും.
മലപ്പുറം കവളപ്പാറയിൽനിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇവിടെനിന്ന് ഇതുവരെ കണ്ടെത്തിയത് 20 മൃതദേഹങ്ങൾ. ഇനി കണ്ടെത്താനുള്ളത് 39 പേരെയാണ്. ഇതോടെ മഴക്കെടുതിയിൽ സംസ്ഥാനത്തെ മരണസംഖ്യ 91 ആയി. ആലപ്പുഴ മണ്ണഞ്ചേരിയിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാല് വില്ലേജുകളിൽ ജാഗ്രതാ നിര്‍ദേശം നൽകി. തിക്കോയി, പൂഞ്ഞാർ, തലനാട്, തെക്കേക്കര വില്ലേജുകളിലാണു ജാഗ്രത നിർദേശം നൽകിയത്
ഇന്ന് കേരളത്തിലെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ വടക്കു പടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന ന്യൂനമർദം മൂലം ഇന്ന് കേരളത്തിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
മഴയും ദുരിതാശ്വാസ പ്രവര്‍ത്തനവും കണക്കിലെടുത്ത് ഒമ്പത് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, വയനാട്, പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകൾ എന്നിങ്ങനെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമായിരിക്കും.
ഇന്ന് മുതല്‍ മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളത്തിന് ഭീഷണിയാകില്ലെന്നാണ് വിലയിരുത്തല്‍. എങ്കിലും മറ്റന്നാള്‍ വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha

























