മഴക്കോട്ട് ധരിച്ച് ബൈക്കില്‍ ഇരിക്കുന്ന നിലയിൽ മൃതദേഹം; മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ നിന്നും പുറത്ത് വരുന്നത് നടുക്കുന്ന കാഴ്ചകൾ

മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ നിന്നും പുറത്ത് വരുന്നത് നടുക്കുന്ന കാഴ്ചകൾ. ഒരു പ്രദേശത്തെ ഒന്നാകെ തൂത്തെറിഞ്ഞ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും പൂര്‍ണമായും പുറത്തുവന്നിട്ടില്ല. എന്നാല്‍ ഓരോ നിമിഷവും ദുരന്ത ഭൂമിയിൽ നിന്നും വെളിപ്പെടുന്ന വാർത്തകൾ നടുക്കുന്നതാണ്.
ഉരുള്‍പൊട്ടലിൽ പാടെ നശിച്ച മേഖലയിലെ താമസക്കാരനായിരുന്ന താന്നിക്കല്‍ പ്രിയദര്‍ശന്റെ മൃതദേഹം തിങ്കളാഴ്ച കണ്ടെടുത്തത് സ്വന്തം വീട്ടുമുറ്റത്ത് മഴക്കോട്ട് ധരിച്ച് ബൈക്കില്‍ ഇരിക്കുന്ന നിലയിലായിരുന്നു. ഇരുന്ന ബൈക്കില്‍നിന്ന് ഒന്ന് ചരിയാൻപോലും അവസരം ലഭിക്കും മുന്‍പ് ഭീമാകാരമായി തന്റെ മേല്‍പതിച്ച മണ്ണില്‍ പ്രിയദര്‍ശന്‍ പുതഞ്ഞുപോകുകയായിരുന്നു.
ഉരുള്‍പൊട്ടല്‍ ഉണ്ടായ ദിവസം വൈകുന്നേരം 7.45ഓടെ ബൈക്കില്‍ വീട്ടിലെത്തിയതായിരുന്നു പ്രിയദര്‍ശന്‍. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും വീടിനും ഇടയിലുള്ള സ്ഥലത്ത് ബൈക്ക് നിര്‍ത്തിയിടുന്നതിനിടയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ബൈക്കില്‍നിന്ന് ഇറങ്ങുന്നതിനു മുന്‍പ് മണ്ണ് പ്രിയദര്‍ശനെയും വീടിനെയും മൂടിയിരുന്നു.
തൊട്ടടുത്ത വീട്ടിലെ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രിയദര്‍ശന്‍ അമ്മയോട് ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞ് വീട്ടിലേയ്ക്ക് പോയതെന്ന് സുഹൃത്ത് വ്യക്തമാക്കി. മുറ്റത്തെത്തിയപ്പോള്‍തന്നെ ഉരുള്‍പൊട്ടല്‍ ഉണ്ടായതായും അദ്ദേഹം പറയുന്നു.വീട്ടില്‍ പ്രിയദര്‍ശന്റെ അമ്മയും അമ്മയുടെ അമ്മയുമാണ് ഉണ്ടായിരുന്നത്. പ്രിയദര്‍ശന്റെ അമ്മ രാഗിണിയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയിരുന്നു. ഇനി ഇനി അമ്മമ്മയെ കണ്ടെത്താനുണ്ട്. ഇതുവരെ 20 മൃതദേഹങ്ങളാണ് ഇവിടെനിന്ന് കണ്ടെത്തിയത്. ഇനി 39 പേരെക്കൂടി കണ്ടെത്താനുണ്ട്.
കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടലുണ്ടാക്കുന്ന സംഭവമാണ് കവളപ്പാറയില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളില്‍പ്പെട്ടവരെ പാര്‍പ്പിച്ചിരിക്കുന്ന ഭൂദാനത്തെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി രാവിലെ സന്ദര്‍ശിച്ചിരുന്നു.
വലിയ പ്രയാസങ്ങളാണ് ഈ ഘട്ടത്തില്‍ നമ്മള്‍ അനുഭവിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒട്ടേറെ ജീവന്‍ നഷ്ടപ്പെട്ടു. ഇനിയും നിരവധി ആളുകളെ കണ്ടെത്താനുണ്ട്. അതോടൊപ്പം വീടുകള്‍ നഷ്ടപ്പെട്ടവരും വീടിന് കേടുപാടുകള്‍ സംഭവിച്ചവരുമുണ്ട്. കൃഷിയിടങ്ങള്‍ തകര്‍ന്നുപോയ നിലയുണ്ട്. എന്നാല്‍ ഇതിനെയെല്ലാം ഒരുമിച്ച് നിന്ന് അതിജീവിക്കുക എന്നാണ് നാം സ്വീകരിക്കേണ്ട നിലപാടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞതവണ അതിഭീകരമായ മഹാപ്രളയമുണ്ടായപ്പോള്‍ നമ്മുടെ നാട് ഒന്നിച്ചുനിന്നാണ് അതിനെ നേരിട്ടത്. ഇതിന്റെ ഭാഗമായുള്ള പുനര്‍നിര്‍മാണ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഇത്തവണയും നമുക്ക് കാലവര്‍ഷക്കെടുതി അനുഭവിക്കേണ്ടി വന്നത്. മഹാപ്രളയകാലത്ത് നമ്മള്‍ കാണിച്ച ഒരുമ രാജ്യവും ലോകവും ശ്രദ്ധിച്ചതായിരുന്നു. അതുതന്നെയാണ് ഇത്തരം ആപത്ഘട്ടങ്ങളെ വിജയകരമായി അതിജീവിക്കാന്‍ നമുക്ക് കഴിയുമെന്ന പ്രതീക്ഷ പകരുന്നത്.
ഇതുപോലൊരു സമയത്ത് ഏറ്റവുമധികം പ്രാധാന്യം നല്‍കേണ്ടത് ഒന്നിച്ചു നില്‍ക്കാനാണ്. ഒരുമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ്. കാലവര്‍ഷം കുറഞ്ഞുവെന്ന് തോന്നുന്നുണ്ടെങ്കിലും അടുത്ത മണിക്കൂറുകളില്‍ എന്താണ് സംഭവിക്കുക എന്നത് ഉറപ്പിച്ച് പറയാന്‍ കഴിയില്ല. കേരളത്തിന്റെ ചില ഭാഗങ്ങളില്‍ മഴ കനക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍ പറയുന്നത്. ക്യാമ്പുകളില്‍ കഴിയുന്ന എല്ലാവരെയും വീടുകളില്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സാധ്യമായ സഹായങ്ങള്‍ ചെയ്തുകൊണ്ട് ദുരന്ത ബാധിതരുടെ കൂടെ സര്‍ക്കാര്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























