നിയമതടസ്സങ്ങള്‍ മൂലം മാനുഷയെ സ്വന്തമാക്കാനാവാതെ ജതീഷ് നൊമ്പരത്തോടെ മടങ്ങി!

പ്രളയ ദുരിതാശ്വാസ ക്യാമ്പില്‍ വച്ച് അച്ഛനെ നഷ്ടപ്പെട്ടതോടെ അനാഥയായ മാനുഷക്ക് വീടൊരുങ്ങും. മാനുഷക്ക് സ്ഥലം വാങ്ങി വീട് നിര്‍മിച്ച് നല്‍കാമെന്ന് കോഴിക്കോട് കലക്ടേറ്റില്‍ എത്തിയ ജിജു ജേക്കബ്, കളക്ടര്‍ ശ്രീറാം സാംബശിവറാവുവിന് എഴുതിനല്‍കി.
ആലപ്പുഴ തുമ്പോളി സ്വദേശി ജതീഷും ഭാര്യയും, തങ്ങള്‍ക്ക് കുട്ടികളില്ലാത്തതിനാല്‍, ഒറ്റപ്പെട്ടുപോയ മാനുഷയെ ദത്തെടുക്കാമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ വാടകവീട്ടില്‍ കഴിയുന്ന ജതീഷിന് കുഞ്ഞിനെ ദത്തെടുക്കാന്‍ നിയമ തടസ്സങ്ങളുണ്ടെന്ന് അറിഞ്ഞു. അതറിഞ്ഞാണ് സംവിധായകന്‍ ജിബു ജേക്കബിന്റെ സഹോദരന്‍ ജിജു താങ്ങായി എത്തിയത്.
തന്റെ വൈപ്പിന്‍ എളങ്കുന്നപ്പുഴയിലെ വീടും സ്ഥലവും ജതീഷിന് നല്‍കാമെന്ന് ജിജു അറിയിച്ചു. എന്നാല്‍ മുതിര്‍ന്ന സഹോദരങ്ങള്‍ മാനുഷയെ സംരക്ഷിക്കാനുണ്ടെന്നതിനാല്‍ മാനുഷയെ നിയമപരമായി ദത്ത് നല്‍കാനാകില്ല. ദത്തെടുക്കാന്‍ കഴിയില്ലെന്നറിഞ്ഞ് ഏറെ വിഷമത്തോടെയാണ് ജതീഷും ഭാര്യയും മടങ്ങിയതെന്ന് ജിജു പറഞ്ഞു.
മാവൂര്‍ മണക്കാട് ദുരിതാശ്വാസ ക്യാംപില്‍വച്ച് സര്‍ക്കസ് കലാകാരനായ രാജു കുഴഞ്ഞുവീണു മരിച്ചതോടെയാണ് മനുഷയും സഹോദരങ്ങളും ഒറ്റപ്പെട്ടത്. മനുഷയെ കുറിച്ച് മാധ്യമ വാര്‍ത്തകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടേയും അറിഞ്ഞതോടെ നിരവധി പേരാണ് സഹായവുമായെത്തിയത്.
https://www.facebook.com/Malayalivartha






















