പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉറഞ്ഞ്തുള്ളിയ ഉമ്മന്‍ചാണ്ടി നിലപാട് മാറ്റി

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉറഞ്ഞ്തുള്ളിയ ഉമ്മന്‍ചാണ്ടി നിലപാട് മാറ്റി. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷവും ഇക്കൊല്ലവും ഉണ്ടായ പ്രളയത്തില്‍ നിരവധി പേര്‍ മരിക്കുകയും ആയിരങ്ങള്‍ക്ക് വീടും ജീവനോപാധിയും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നിലപാട് മാറ്റിയത്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 123 പഞ്ചായത്ത് പ്രസിഡന്റുമാരുടെ നിര്‍ദേശമനുസരിച്ചാണ് റിപ്പോര്‍ട്ടിനെ എതിര്‍ത്തത്. പരിസ്ഥിതി സംരക്ഷണത്തില്‍ നമ്മള്‍ ഒരിക്കലും പിന്നോട്ട് പോയിട്ടില്ല. അന്ന് പൊതുജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ എതിര്‍ത്തതെന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. കത്തോലിക്കാസഭയുടെ അടക്കം എതിര്‍പ്പിനെ തുടര്‍ന്നാണ് കോണ്‍ഗ്രസും യു.ഡി.എഫിനെ അനുകൂലിച്ചതെന്ന് പരിസ്ഥിതി പ്രവര്‍ത്തകരടക്കം ആക്ഷേപം ഉന്നയിച്ചിരുന്നു. റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാവും എം.പിയുമായിരുന്ന പി.ടി തോമസിനെ ഇടുക്കിയില്‍ സഭ ഇടപെട്ട് തോല്‍പ്പിക്കുകയും ചെയ്തിരുന്നു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് കത്തോലിക്ക സഭായായിരുന്നു. ഇനിയെങ്കിലും അവര്‍ നിലപാട് മാറ്റണമെന്നും തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് തുറന്ന് സമ്മതിക്കാനുള്ള ആര്‍ജ്ജവം കാണിക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ കഴിഞ്ഞ കൊല്ലത്തെയും ഇത്തവണത്തെയും പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാമായിരുന്നു. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഉന്നതതല കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിക്കണം. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനായി മുന്നിട്ടിറങ്ങണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസും മുന്നോട്ട് വരണം. മുമ്പ് ഇക്കാര്യം പറഞ്ഞപ്പോള്‍ പാര്‍ട്ടിയിലുള്ളവര്‍ എന്നെ ഒറ്റപ്പെടുത്തിയിരുന്നു. ഇന്ദിരാഗാന്ധി സൈലന്റ് വാലി സംരക്ഷിച്ചത് പോലെ പശ്ചിമഘട്ടം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണം. തന്നെ എതിര്‍ത്ത് കോണ്‍ഗ്രസിനെ സഹപ്രവര്‍ത്തകര്‍ രംഗത്ത് എത്തിയപ്പോള്‍ വളരെ വിഷമം തോന്നിയിരുന്നു. അവസാനം ജനം യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞെന്നും പി.ടി തോമസ് പ്രതികരിച്ചു.
ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാതെ പശ്ചിമഘട്ടം സംരക്ഷിക്കാനാവില്ലന്ന് പി.ടി. തോമസ് 2016ല്‍ എം.എല്‍.എ ആയ നിയമസഭയില്‍ നിലപാട് ആവര്‍ത്തിച്ചിരുന്നു. അത് വ്യക്തിപരമായ നിലപാടെന്നും കോണ്‍ഗ്രസിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നും പറഞ്ഞ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിച്ചാല്‍ പി.ടി. തോമസ് എതിര്‍ക്കുമോ എന്ന് ഭരണപക്ഷം ചോദിച്ചിരുന്നു. വരള്‍ച്ച നേരിടുന്നത് സംബന്ധിച്ച് നിയമസഭയില്‍ മുല്ലക്കര രത്‌നാകരന്‍ അവതരിപ്പിച്ച ഗാഡ്ഗില്‍ വിഷയത്തിലെ സ്വകാര്യ പ്രമേയചര്‍ച്ചയിലാണ് കോണ്‍ഗ്രസില്‍ രണ്ടഭിപ്രായമുയര്‍ന്നത്. സ്രോതസ്സുകള്‍ വറ്റിവരളുന്നത് ഗൗരവത്തോടെ കാണണമെന്നും ഇതിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഹാരമാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇത് സംബന്ധിച്ച് ചര്‍ച്ചപോലും അനുവദിക്കാതെ മുഖ്യധാര പാര്‍ട്ടികള്‍ റിപ്പോര്‍ട്ട് തള്ളിക്കളയുകയായിരുന്നു.
കര്‍ഷകരെ ദ്രോഹിക്കുന്നതാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എന്ന തെറ്റിദ്ധാരണ പലരും പ്രചരിപ്പിച്ചു. റിപ്പോര്‍ട്ടിനെ അനുകൂലിച്ച പി.ടി തോമസിന്റെ ശവഘോഷയാത്രവരെ ഇടുക്കിയിലെ കര്‍ഷകരും സഭാ നേതാക്കളും നടത്തി. റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ മലയോരമേഖലയിലുള്ളവരെ മുഴുവന്‍ കുടിയൊഴിപ്പിക്കേണ്ടിവരുമെന്നായിരുന്നു മറ്റൊരു പ്രചരണം. മുസ്്‌ലിംലീഗ് എം.എല്‍.എ ഷംസുദ്ദീന്‍ നിയമസഭയില്‍ ഇക്കാര്യം പറയുകയും ചെയ്തതോടെ ജനംഭീതിയിലായി. പശ്ചിമഘട്ടത്തിന്റെയും അടുത്ത പ്രദേശങ്ങളിലെയും പാരിസ്ഥിതി നാശത്തെ തുടര്‍ന്നാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തെക്ക് കന്യാകുമാരി മുതല്‍ വടക്ക് തപ്തി തീരംവരെ നീണ്ടുകിടക്കുന്ന പാരിസ്ഥിതിക ആവാസവ്യവസ്ഥയാണ് പശ്ചിമഘട്ടം. തെക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ തമിഴ്‌നാട്, കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന 25 കോടി ജനങ്ങളുടെ ആവാസസ്ഥലമാണിത്. ഇതില്‍ ഏറ്റവും പ്രധാനം കേരളമാണ്.
https://www.facebook.com/Malayalivartha

























