പൂട്ട്‌പൊളിക്കാന്‍ ഹര്‍ഷിത വരുമ്പോള്‍... കൂടത്തില്‍ മരണ പരമ്പരയില്‍ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ വരുന്നത് സി.ബി.ഐയില്‍ നിന്ന് മടങ്ങിയെത്തിയ സിറ്റി പോലീസ് അഡി. കമ്മിഷണര്‍ ഹര്‍ഷിത അട്ടല്ലൂരി; ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അബ്ദുള്‍ നാസര്‍ മദനിയെ അന്‍വര്‍ശേരിയില്‍ വച്ച് അറസ്റ്റ് ചെയ്ത ഹര്‍ഷിത എത്തുമ്പോള്‍

തലസ്ഥാന നഗരത്തെ ഏറ്റവുമധികം ഞെട്ടിച്ച സംഭവമാണ് കരമന കൂടം വീട്ടിലെ ദുരൂഹ മരണങ്ങള്‍. ഓരോ ദിവസവും പുതിയ കഥകള്‍ വന്നുകൊണ്ടിരിക്കേ കരമന കൂടത്തില്‍ തറവാട്ടിലെ ഏഴു ദുരൂഹ മരണങ്ങളുടെ സത്യമറിയാന്‍ സി.ബി.ഐ മോഡലില്‍ ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണത്തിന് പൊലീസ് തുടക്കമിട്ടിരിക്കുകയാണ്. സി.ബി.ഐയില്‍ നിന്ന് മടങ്ങിയെത്തിയ തിരുവനന്തപുരം സിറ്റി അഡി. കമ്മിഷണര്‍ ഹര്‍ഷിത അട്ടല്ലൂരിക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. അടുത്തിടെയാണ് ക്രൈംബ്രാഞ്ച് ഡിഐജി സ്ഥാനത്ത് നിന്നും അഡീഷണല്‍ കമ്മീഷണറായി ഹര്‍ഷിത അട്ടല്ലൂരിയെ മാറ്റിയത്. അതിന് ശേഷമുള്ള ശക്തമായ കേസാണ് ഹര്‍ഷിതയെ തേടിയെത്തുന്നത്.
കേരള കേഡറിലെ 2002 ബാച്ചിലെ ഇന്ത്യന്‍ പോലീസ് സര്‍വീസ് ഓഫീസറാണ് ഹര്‍ഷിത അട്ടല്ലൂരി. എറണാകുളത്ത് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ പോലീസ് സൂപ്രണ്ടായിരുന്നു. കണ്ണൂര്‍, പാലക്കാട്, പത്തനമിട്ട ജില്ലകളില്‍ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായി ജോലി ചെയ്തു. തിരുവനന്തപുരത്ത് സായുധ പോലീസ് ബറ്റാലിയനോട് കമാന്‍ഡര്‍. പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എസ്പി െ്രെകംബ്രാഞ്ച്, എഐജി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കൊല്ലം, എറണാകുളം ഗ്രാമീണ ജില്ലാ ജില്ലാ പോലീസ് സൂപ്രണ്ടായും അട്ടല്ലുരി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് 2010 ഓഗസ്റ്റില്‍ അബ്ദുള്‍ നാസര്‍ മദനിയെ അന്‍വര്‍ശേരിയില്‍ വച്ച് അറസ്റ്റ് ചെയ്ത ധൈര്യശാലിയായ ഓഫീസര്‍ കൂടിയാണ് അന്നത്തെ കൊല്ലം എസ്പിയായിരുന്ന ഹര്‍ഷിത അട്ടല്ലൂരി. അന്തരീക്ഷം വര്‍ഗീയമായി മാറാതെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് വലിയ വെല്ലുവിളിയായിരുന്നു. ഹര്‍ഷിതയുടെ നേതൃത്വത്തിലുള്ള കേരള പോലീസ് സംഘം അത് കൈകാര്യം ചെയ്ത രീതി പരക്കെ കയ്യടി നേടി. ആ ഹര്‍ഷിതയാണ് കൂടം കേസിലും രംഗത്തെത്തുന്നത്.
അതേസമയം ദുരൂഹ മരണങ്ങളില്‍ സംശയ മുനയിലുള്ളവര്‍ തലസ്ഥാന നഗരത്തിലെ കണ്ണായ സ്ഥലങ്ങളില്‍ 28 തവണ ഭൂമിക്കച്ചവടം നടത്തിയത് പൊലീസ് കണ്ടെത്തി. 13 പേര്‍ക്കെങ്കിലും ഭൂമി വിറ്റിട്ടുണ്ട്. സ്വത്തിന്റെ അവകാശികളായിരുന്ന ജയപ്രകാശ്, ജയമാധവന്‍ എന്നിവര്‍ ജീവിച്ചിരുന്നപ്പോഴും ഭൂമി വില്പന നടത്തി. മാനസികരോഗത്തിന് ചികിത്സയിലായിരുന്ന ഇവരുടെ അനുമതിയോടെയാണോ കച്ചവടമെന്ന് കണ്ടെത്തണം. മൂന്നിലധികം വില്ലേജ് ഓഫീസര്‍മാര്‍ വില്പനയില്‍ സഹായം ചെയ്തിട്ടുണ്ടെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
മുന്‍ ജില്ലാ കളക്ടറുടെ റോളും കണ്ടെത്തണം.വിറ്റഴിച്ച ഭൂമിയുടെ മൂല്യം കണക്കാക്കാനും രേഖകള്‍ കണ്ടെത്താനും റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ സഹായം തേടി. ട്രസ്റ്റുകള്‍ക്കും വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഭൂമി നല്‍കിയിട്ടുണ്ട്. ദരിദ്രരായ ചിലര്‍ക്ക് സൗജന്യമായും ഭൂമി കിട്ടി. ചിലത് പലവട്ടം കൈമാറ്റം ചെയ്തു.കട്ടിലില്‍ നിന്ന് വീണ് ജയമാധവന്‍ നായര്‍ക്ക് മൂക്കിലും കൈകാലുകളിലും തലയിലും മുറിവേറ്റെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പക്ഷേ മരണകാരണം എന്തെന്ന് വിശദീകരിച്ചിട്ടില്ല. പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ചെറിയ മുറിവുകളായിരുന്നാലും ദീര്‍ഘനേരം രക്തം വാര്‍ന്നാല്‍ മരിക്കാം. പരിക്കേറ്റയാളിന്റെ ശാരീരിക അവസ്ഥയും പരിഗണിക്കേണ്ടതുണ്ട്. അതിനാല്‍ ശാസ്ത്രീയമായ അന്വേഷണം വേണമെന്നാണ് പറയുന്നത്.
അതേസമയം, മരണങ്ങള്‍ക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ പത്തു ദിവസമെങ്കിലും വേണ്ടിവരുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ പറഞ്ഞു. 1991നും 2017നും ഇടയില്‍ നിശ്ചിത ഇടവേളകളിലാണ് ഈ മരണങ്ങളുണ്ടായിട്ടുള്ളത്. ജയമാധവന്റെ കാര്യസ്ഥനായിരുന്ന കാലടി ദേശത്ത് കോവില്‍വിളാകം വീട്ടില്‍ രവീന്ദ്രന്‍ നായര്‍ അടക്കമുള്ളവര്‍ക്കെതിരെ ബന്ധുവായ പ്രസന്നകുമാരിയുടെ പരാതിയിലാണ് അന്വേണം. ജയമാധവന്റെ പേരിലുണ്ടായിരുന്ന 33 സെന്റ് ഒഴികെ വിറ്റുകിട്ടിയ പണം രവീന്ദ്രന്‍ തട്ടിയെടുത്തെന്നാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്.ഭൂമി പോയ വഴി കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ക്ക് ഒന്നര ഏക്കറും കൂട്ടാളിയും മുന്‍ കാര്യസ്ഥനുമായ സഹദേവന് 65 സെന്റും ഭൂമി ലഭിച്ചിട്ടുണ്ട്. അഞ്ച് കോടി വില വരുന്ന 35 സെന്റും വീടും രവീന്ദ്രന്റെ പേരിലാക്കി പോക്കുവരവ് ചെയ്തുകിട്ടാന്‍ മണക്കാട് വില്ലേജില്‍ അപേക്ഷ നല്‍കിയിരുന്നു. എല്ലാ ദുരൂഹതകളും നീക്കുമെന്നാണ് ഡിജിപി പറയുന്നത്. അതായത് ഹര്‍ഷിത അട്ടല്ലൂരിയാണ് വരുന്നത് എല്ലാം ഇനി ഭദ്രം.
https://www.facebook.com/Malayalivartha



























