റബര്‍ഷീറ്റ് നിര്‍മ്മാണകേന്ദ്രത്തിലെ ബയോഗ്യാസ് ടാങ്കിലിറങ്ങിയ മൂന്നു പേര്‍ വിഷവാതകം ശ്വസിച്ചു മരിച്ചു...

റബര്‍ഷീറ്റ് നിര്‍മ്മാണകേന്ദ്രത്തിലെ ബയോഗ്യാസ് ടാങ്കിലിറങ്ങിയ മൂന്നു പേര്‍ വിഷവാതകം ശ്വസിച്ചു മരിച്ചു. എടവണ്ണ പത്തപ്പിരിയം പട്ടറാക്കിയിലാണ് സംഭവം. പ്ലാന്റ് വൃത്തിയാക്കാനെത്തിയ ചുങ്കത്തറ പുലിമണ്ണ സ്വദേശി മാമ്മൂട്ടില്‍ ജോമോന്‍ (36), സഹായി ഉപ്പട ആനക്കല്ല് കാരിശേരിയില്‍ വിനോദ് (36), റബര്‍ കേന്ദ്രത്തിലെ തൊഴിലാളി ബിഹാര്‍ ജഗദീഷ്പൂര്‍ വെസ്റ്റ് ചമ്പാരന്‍ സ്വദേശി അജയ്കുമാര്‍ (22) എന്നിവരാണ് മരിച്ചത്. ജോമോനും അജയ് കുമാറും സംഭവസ്ഥലത്തും വിനോദ് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. കര്‍ഷകരില്‍നിന്നു റബര്‍പാല്‍ വാങ്ങി ഷീറ്റാക്കുന്ന കേന്ദ്രത്തില്‍ ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെയാണ് ദുരന്തമുണ്ടായത്.
ഗ്യാസ് പൈപ്പില്‍ ചാണക സ്ലറിയടിഞ്ഞു രണ്ടു ദിവസമായി പ്ലാന്റില്‍നിന്നു ഗ്യാസ് ലഭിക്കുന്നില്ലായിരുന്നു. തുടര്‍ന്നാണ് പ്ലാന്റ് സ്ഥാപിച്ച ജോമോനെ ബന്ധപ്പെട്ടത്. പത്തടിയിലധികം താഴ്ചയും അത്രതന്നെ വീതിയുമുള്ള ടാങ്കിലെ സ്ലറി പമ്പ് ഉപയോഗിച്ച് രണ്ടു മണിക്കൂര്‍കൊണ്ടു വറ്റിച്ചശേഷം വിനോദ് താഴേക്കിറങ്ങി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഇയാളെ രക്ഷിക്കാന്‍ ജോമോനുമിറങ്ങി. ഇരുവരും ടാങ്കിലകപ്പെട്ടതോടെ രക്ഷിക്കാനെത്തിയതായിരുന്നു അജയ്കുമാര്‍.
മൂന്നുപേരും ടാങ്കിലേക്ക് വീണതോടെ സമീപത്തുണ്ടായിരുന്നവര്‍ ടാങ്കിന്റെ ഭിത്തി പൊളിച്ചു. തിരുവാലി ഫയര്‍ഫോഴ്സെത്തി മൂന്നുപേരെയും പുറത്തെടുത്തു. സുരക്ഷാക്രമീകരണങ്ങളില്ലാതെ പ്ലാന്റിലേക്ക് ഇറങ്ങിയതാണ് ദുരന്തത്തിനു വഴിവച്ചതെന്നു ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു. രണ്ടുമാസം മുമ്പാണ് പ്ലാന്റ് സ്ഥാപിച്ചത്. റബര്‍ ഷീറ്റ് ഉണക്കുന്നതിനുള്ള വിറക് കത്തിക്കാനാണ് ഗ്യാസ് ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha



























