ഇത്രമേല്‍ പ്രതീക്ഷിച്ചില്ല... ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡിനെ തടസപ്പെടുത്തി ഉദ്യോഗസ്ഥരെ അപമാനിച്ചതിന് പിന്നാലെ ബിനീഷിന് കുരുക്ക് മുറുകുന്നു; മയക്ക് മരുന്ന് കേസില്‍ ബിനീഷിനെ ചോദ്യം ചെയ്യാന്‍ എന്‍സിബിയും; ചോദ്യം ചെയ്യല്‍ രഹസ്യ കേന്ദ്രത്തിലെന്ന് സൂചന

കേരളത്തില്‍ ബിനീഷ് കേടിയേരിയുടെ വീട്ടില്‍ പരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കിയവര്‍ ശരിക്കും ബിനീഷിനെ കുടുക്കിലാക്കുന്നോ എന്ന സംശയം ഉയരുന്നു. റെയ്ഡ് ചെയ്യാനുള്ള ഉദ്യോഗസ്ഥരോടൊപ്പം കര്‍ണാടക പോലീസും സിആര്‍ഫിഎഫുമാണ് എത്തിയത്. റെയ്ഡിനിടെ കണ്ടത്തിയ ക്രെഡിറ്റ് കാര്‍ഡ് ഇഡി കൊണ്ടുവച്ചതാണെന്നാണ് ഭാര്യ റെനീറ്റയും ഭാര്യാമാതാവ് മിനിയും പറഞ്ഞത്. മാത്രമല്ല ബാലാവകാശ കമ്മീഷനെ കൊണ്ട് ഇടപെടുവിച്ച് കുട്ടിയെ തടഞ്ഞു വച്ചു എന്നായി. പോലീസ് ഇഡിയെ തടഞ്ഞതും വലിയ വിഷയമായി. ഇപ്പോള്‍ ഇഡിയും മറ്റ് അന്വേഷണം ഏജന്‍സിയും കൂടുതല്‍ കടുപ്പിക്കുകയാണ്.
ഇഡി കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അഥവാ എന്‍സിബി രഹസ്യമായി ചോദ്യം ചെയ്യുന്നതായി സൂചന. ലഹരി ഇടപാടിന് കൊച്ചി സ്വദേശി അനൂപ് മുഹമ്മദ് ഉപയോഗിച്ച പണം ബിനീഷ് നല്‍കിയതാണോ എന്നു കണ്ടെത്താനാണു ശ്രമം.
ശനിയാഴ്ച ബെംഗളൂരു പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ശേഷം ശാന്തിനഗറിലെ ഇഡി സോണല്‍ ഓഫിസിലോ രാത്രി പാര്‍പ്പിക്കാറുള്ള വില്‍സന്‍ ഗാര്‍ഡന്‍ പൊലീസ് സ്‌റ്റേഷനിലോ ബിനീഷിനെ എത്തിച്ചില്ലെന്ന് അറിയുന്നു. എന്നാല്‍, ഇന്നലെ പകല്‍ ഇഡി ഓഫിസില്‍ എത്തിച്ചിരുന്നു. അറസ്റ്റ് ചെയ്ത ശേഷം തുടര്‍ച്ചയായ 11ാം ദിവസമാണ് ചോദ്യം ചെയ്തത്.
എന്‍സിബി ബെംഗളൂരു യൂണിറ്റ് ഡയറക്ടര്‍ അമിത് ഗവാത്തെ, ഇഡി ഓഫിസില്‍ നേരിട്ടെത്തി ബിനിഷിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമുള്ള (പിഎംഎല്‍എ) കേസിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നു. നര്‍കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമപ്രകാരം എന്‍സിബി കൂടി കേസെടുത്താല്‍ നിയമക്കുരുക്കുകള്‍ കൂടുതല്‍ മുറുകും.
ബിനീഷ് കോടിയേരിയെ തുടര്‍ച്ചയായ പതിനൊന്ന് ദിവസമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ഇന്നലേയും ചോദ്യം ചെയ്തിരുന്നു. വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്‌റ്റേഷനിലെ ലോക്കപ്പില്‍ കഴിഞ്ഞ ബിനീഷിനെ ഇഡിയുടെ ബെംഗളൂരുവിലെ ഓഫിസില്‍ എത്തിച്ചു. രാവിലെ പത്തരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. അടച്ചുപൂട്ടിയ മൂന്നു കമ്പനികളിലെ പങ്കാളിത്തം, ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍നിന്നും കണ്ടെടുത്ത ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിന്റെ എടിഎം കാര്‍ഡ് എന്നിവയെ കുറിച്ചാണ് പ്രധാനമായും ചോദിച്ചത്. ഇക്കാര്യം കോടതിയെയും ഇഡി അറിയിച്ചിരുന്നു.
ബിനീഷ് കോടിയേരിയുടെ ഒപ്പോടെ ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിന്റെ എടിഎം കാര്‍ഡ് ഇഡി കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. അനൂപ് ബെംഗളൂരു കമ്മനഹള്ളിയില്‍ നടത്തിയിരുന്ന ഹയാത്ത് റസ്റ്ററന്റിന്റെ വിലാസത്തിലുള്ള കാര്‍ഡാണ് ഇഡി ഹാജരാക്കിയത്. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍നിന്നു കണ്ടെടുത്തതാണെന്നും അറിയിച്ചു. കൂടുതല്‍ ചോദ്യംചെയ്യല്‍ വേണമെന്ന വാദം അംഗീകരിച്ച കോടതി, ബിനീഷിന്റെ കസ്റ്റഡി 11 വരെ നീട്ടി. ചോദ്യംചെയ്യല്‍ തുടരുന്നതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്നും അറിയിച്ചു. അതേസമയം, ബിനീഷിനെ ബലമായി ഒപ്പിടീച്ചതാണെന്ന് അഭിഭാഷകര്‍ വാദിച്ചു.
ബിനീഷ് ഡയറക്ടറായ ബീക്യാപിറ്റല്‍ ഫോറെക്‌സ് ട്രേഡിങ് (ബെംഗളൂരു), ബീക്യാപിറ്റല്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, ടോറസ് റെമഡീസ് എന്നിവയുടെ വിലാസം അന്വേഷിച്ചപ്പോള്‍ അവ വ്യാജ കമ്പനികളാണെന്നു വ്യക്തമായെന്നും ഇവയുടെ മറവില്‍ കള്ളപ്പണ ഇടപാടുകളുണ്ടോ എന്നു പരിശോധിക്കണമെന്നും ഇ!ഡി കോടതിയില്‍ പറഞ്ഞിരുന്നു. ഡയറക്ടര്‍ സ്ഥാനം ബിനീഷ് 2015 ല്‍ രാജിവച്ചിരുന്നുവെന്നായിരുന്നു മറുവാദം. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാതിരിക്കാന്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഇഡി കൃത്രിമം കാണിച്ചെന്നും ബിനീഷിനെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നും അഭിഭാഷകര്‍ ആരോപിച്ചു. ഇതിന് പിന്നാലെയാണ് ബിനീഷിനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് സൂചന. എന്തായാലും എന്‍സിബിയുടെ ചോദ്യം ചെയ്യലില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ പെട്ടത് തന്നെ.
"
https://www.facebook.com/Malayalivartha