ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള അന്വേഷണം വിപുലപ്പെടുത്താനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള അന്വേഷണം വിപുലപ്പെടുത്താനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിനീഷിന്റെ മൂന്നു കമ്പനികളെക്കുറിച്ചും ബിനാമികളാണെന്നു കണ്ടെത്തിയ മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രന്‍ എന്നിവര്‍ ഡയറക്ടര്‍മായുള്ള രണ്ടു കമ്പനികളെക്കുറിച്ചുമാണ് അന്വേഷണം തുടങ്ങിയത്.
ബിനീഷ് ഡയറക്ടറായ ബി. ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബി. ക്യാപിറ്റല്‍ ഫൊറക്‌സ് ട്രെയ്ഡിങ്, ടോറസ് റെമഡീസ് എന്നീ കമ്പനികളുടെ പ്രവര്‍ത്തനമാണ് അന്വേഷിക്കുന്നത്.2015-ല്‍ ബെംഗളൂരുവിലാണ് സുഹൃത്തുമായിച്ചേര്‍ന്ന് ബി. ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ബിനീഷ് ആരംഭിച്ചത്. 2018-ല്‍ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തി. ഈ കമ്പനികളിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ.ഡി.യുടെ നിഗമനം.
കമ്പനികളുമായിച്ചേര്‍ന്നുപ്രവര്‍ത്തിച്ചവരെ കണ്ടെത്തി വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്ന് ഇ.ഡി. കസ്റ്റഡി റിപ്പോര്‍ട്ടില്‍ കോടതിയെ അറിയിച്ചിരുന്നു. വ്യാജമേല്‍വിലാസത്തിലാണ് ഇവ പ്രവര്‍ത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. കമ്പനികളുമായി സാമ്പത്തിക ഇടപാട് നടത്തിയ ബാങ്കുകളില്‍നിന്നും ഇ.ഡി. വിശദീകരണം തേടിയിട്ടുണ്ട്. കൊച്ചിയിലെ റയിന്‍ഹ ഇവന്റ് മാനേജ്മെന്റ്, ബെംഗളൂരുവിലെ യോഷ് ഇവന്റ് മാനേജ്മെന്റ് എന്നീ കമ്പനികളുടെ സാമ്പത്തിക ഇടപാടിലും അന്വേഷണം തുടങ്ങി.ലഹരിമരുന്നുകേസില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രന്‍ എന്നിവരാണ് ഡയറക്ടര്‍മാര്‍. ബീനീഷിനുവേണ്ടിയാണ് കമ്പനികള്‍ നടത്തിയിരുന്നതെന്നാണ് മുഹമ്മദ് അനൂപ് മൊഴി നല്‍കിയത്. ഈ രണ്ടു കമ്പനികള്‍വഴി വലിയ തോതില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ.ഡി. കണ്ടെത്തിയത്.
കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും ചോദ്യംചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ബാങ്കുകളുമായി നടത്തിയ ഇടപാടും പരിശോധിക്കുന്നുണ്ട്. കമ്പനിയുമായി ബന്ധപ്പെട്ട് ശേഖരിച്ച ഡിജിറ്റല്‍ രേഖകള്‍ പരിശോധിച്ചുവരികയാണ്.സാമ്പത്തിക ഇടപാടില്‍ ബിനീഷിനെ പത്താംദിവസവും ചോദ്യംചെയ്തു. രാവിലെ എട്ടരയോടെ ഇ.ഡി. സോണല്‍ ഓഫീസിലെത്തിച്ച ബിനീഷിനെ പത്തുമണിക്കാണ് മൂന്നംഗ സംഘം ചോദ്യംചെയ്യാന്‍ തുടങ്ങിയത്. ബിനീഷിന്റെ വീട്ടില്‍നിന്നു കണ്ടെടുത്ത ഡെബിറ്റ് കാര്‍ഡിലെ ഒപ്പിനെക്കുറിച്ചും കാര്‍ഡ് ഉപയോഗിച്ചുനടത്തിയ ഇടപാടുകളെക്കുറിച്ചുമാണ് ചോദിച്ചത്. തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.നവംബര്‍ 11 വരെയാണ് ബിനീഷിനെ കസ്റ്റഡിയില്‍ അനുവദിച്ചത്
https://www.facebook.com/Malayalivartha