പൊന്നീച്ച പറക്കുന്നു... ദേശീയ അന്വേഷണ ഏജന്‍സികള്‍ ഭരണപക്ഷത്തെ മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ അത് മുതലെടുത്ത് ആഞ്ഞടിച്ച രമേഷ് ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും സര്‍ക്കാര്‍ വക മുട്ടന്‍ പണി; ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലില്‍ ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണം; സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടി

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി അധിക മാസമില്ല. അതിന്റെ സെമീ ഫൈനലായ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. ഇതിനിടെ നിര്‍ണായക നീക്കം നടത്തിയിരിക്കുകയാണ് സര്‍ക്കാര്‍. ബാറുടമ ബിജുരമേശിന്റെ വെളിപ്പെടുത്തലില്‍ രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണത്തിനു സര്‍ക്കാര്‍ നടപടി തുടങ്ങി. അന്വേഷണത്തിനായുള്ള അനുമതിയ്ക്കായി ഫയല്‍ ഗവര്‍ണര്‍ക്ക് കൈമാറി. ഇനി ഗവര്‍ണറാണ് അനുമതി നല്‍കേണ്ടത്. പണ്ടുമുതലേ നിര്‍ണായക നീക്കം നടത്തുന്ന ഗവര്‍ണറുടെ കൈയ്യില്‍ ഫയല്‍ എത്തിയതോടെ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാം.
രമേശ് ചെന്നിത്തല, കെ.ബാബു, വി.എസ്.ശിവകുമാര്‍ എന്നിവര്‍ക്ക് പണം കൈമാറിയിട്ടുണ്ടെന്ന ബാറുടമ ബിജുരമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനു സര്‍ക്കാര്‍ ഒരുങ്ങുന്നത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടികിടന്ന 418 ബാറുകള്‍ തുറക്കാനുള്ള അനുമതിയ്ക്കായി മുന്‍ മന്ത്രി കെ.ബാബുവിന്റെ നിര്‍ദേശ പ്രകാരം ബാറുടമകളില്‍ നിന്നു പത്തുകോടി പിരിച്ചെടുത്തെന്നും ഒരുകോടി രൂപ ചെന്നിത്തലയ്ക്കും 50 ലക്ഷം കെ.ബാബുവിനും 25 ലക്ഷം വി.എസ്.ശിവകുമാറിനു കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തലിന്റെയടിസ്ഥാനത്തില്‍ രഹസ്യാന്വേഷണം നടത്തി പ്രാഥമികാന്വേഷണത്തിനു അനുമതി തേടി ഫയല്‍ വിജിലന്‍സ് സര്‍ക്കാരിനു കൈമാറി.
പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ളവര്‍ അന്വേഷണ പരിധിയില്‍ വരുമെന്നതിനാല്‍ അന്വേഷണാനുമതി തേടി ഫയല്‍ വിജിലന്‍സിന്റെ ചുമതലയുള്ള സെക്രട്ടറി സഞ്ജയ്കൗള്‍ ഫയല്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്. ഗവര്‍ണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് തീരുമാനം വൈകുന്നത്. അഴിമതി നിരോധന നിയമത്തിലെ ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിനു സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ ആരോപണത്തില്‍ നിന്നു പിന്‍മാറാന്‍ ജോസ് കെ.മാണി പത്തുകോടി വാഗ്ദാനം ചെയ്തുവെന്ന ബിജു രമേശിന്റെ ആരോപണത്തില്‍ അന്വേഷണം ഉണ്ടാകില്ലെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാകുകയും ചെയ്തതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ കടുപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.
ലീഗ് എംഎല്‍എ എംസി ഖമറുദ്ദീനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഫാഷന്‍ ഗോള്‍ഡ് ജുവലറി തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ എം സി ഖമറുദ്ദീന്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. അതോടൊപ്പം ഖമറുദ്ദീനെ രണ്ട് ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നല്‍കിയ ഹര്‍ജിയും കോടതി തിങ്കളാഴ്ച പരിഗണിക്കും.
ഖമറുദ്ദീനെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിശദമായ ചോദ്യം ചെയ്യലിനും, കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിനുമാണ് കസ്റ്റഡി അപേക്ഷ നല്‍കുന്നതെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. അതേസമയം ഒളിവില്‍ പോയ കൂട്ടുപ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
ജുവലറി മാനേജിംഗ് ഡയറക്ടര്‍ ടി.കെ. പൂക്കോയ തങ്ങള്‍, മരുമകനും ജനറല്‍ മാനേജരുമായ സൈനുല്‍ ആബിദീന്‍, തങ്ങളുടെ മകന്‍ ഇഷാം എന്നിവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒന്നാം പ്രതി പൂക്കോയ തങ്ങള്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ മുങ്ങി. ഇഷാം രണ്ടാഴ്ച മുമ്പ് ഗള്‍ഫിലേക്ക് കടന്നതായി സൂചനയുണ്ട്. കേസില്‍ പ്രതി ചേര്‍ക്കുന്നതിന് മുന്നോടിയായാണ് ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദിനെതിരെ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഖമറുദ്ദീന് പിന്നാലെയാണ് ചെന്നിത്തലയ്ക്കും കൂട്ടര്‍ക്കും കുരുക്ക് മുറുകുന്നത്.
"
https://www.facebook.com/Malayalivartha