ചാലക്കുടിയില്‍ രണ്ടിടത്ത് എ.ടി.എം. തകര്‍ത്ത് മോഷണത്തിന് ശ്രമിച്ചയാള്‍ അറസ്റ്റില്‍

കേരളത്തിലും തമിഴ്നാട്ടിലും നിരവധി കേസുകളില്‍ പ്രതിയായ പാലക്കാട് ആലത്തൂര്‍ തരൂര്‍ വാവുള്ളിപ്പുറം സ്വദേശി പുത്തന്‍കളം രഞ്ജിത് കുമാറി(37)നെ ചാലക്കുടിയില്‍ രണ്ടിടത്ത് എ.ടി.എം. തകര്‍ത്ത് മോഷണത്തിനു ശ്രമിച്ചതിന് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച പുലര്‍ച്ചെ എ.ടി.എം. മുറി വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് കൊരട്ടി മുരിങ്ങൂര്‍ ജങ്ഷനിലെ ഫെഡറല്‍ ബാങ്കിന്റെ എ.ടി.എം. മെഷീന്റെ മുന്‍ഭാഗം കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്. ബാങ്ക് അധികൃതരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചു.
ഇതേക്കുറിച്ച് അന്വേഷണം നടക്കുമ്പോഴാണ് ഇന്നലെ പുലര്‍ച്ചെ ചാലക്കുടി ചൗക്കയിലും എ.ടി.എമ്മില്‍ മോഷണശ്രമം നടന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം. തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ബാങ്ക് ആസ്ഥാനത്തും ചാലക്കുടി പോലീസ് സ്റ്റേഷനിലും സൈറണ്‍ മുഴങ്ങിയതോടെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
അന്വേഷണം ഊര്‍ജിതമാക്കാനായി തൃശൂര്‍ ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് ചാലക്കുടി ഡിവൈ.എസ്.പി: സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചിരുന്നു. അതേതുടര്‍ന്നാണ് ഇരുപത്തിനാലു മണിക്കൂറിനകം പ്രതിയെ പിടികൂടാനായത്. ഉത്തരേന്ത്യന്‍ രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് മുഖം മറച്ചയാളാണ് എ.ടി.എം് കുത്തിത്തുറക്കാന്‍ ശ്രമിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മുരിങ്ങൂരിലും ഇതേയാള്‍ തന്നെയാണ് എ.ടി.എം. തകര്‍ത്തതെന്ന് മനസിലാക്കിയതോടെ പ്രദേശത്തെ അമ്പതോളം സിസി ടിവിയില്‍നിന്നുള്ള ദൃശ്യം പോലീസ് പരിശോധിച്ചു.
സംഭവസ്ഥലത്ത് ഒരു കാറുണ്ടായിരുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ ഈ സ്ഥലങ്ങളിലെ കൂടുതല്‍ സിസിടിവികള്‍ പരിശോധിച്ച് വാഹനം തൃശൂര്‍, ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്കു പോയിട്ടില്ലെന്ന് ഉറപ്പാക്കി. ആലുവ ഭാഗത്തേക്കാണ് വാഹനം പോയതെന്ന് കണ്ടെത്തിയതോടെ ഉടമയെ കണ്ടെത്താന്‍ തെരച്ചില്‍ തുടങ്ങി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രഞ്ജിത് കുമാറിന്റെ കാറാണെന്ന് പോലീസ് കണ്ടെത്തുകയും ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന ഇടപ്പള്ളിയിലെ വാടകവീട്ടില്‍നിന്നു പിടികൂടുകയുമായിരുന്നു. പ്രതിയെ ചാലക്കുടിയില്‍ എത്തിച്ച് നടത്തിയ ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി. എ.ടി.എം. തകര്‍ക്കാനുപയോഗിച്ച സാധനങ്ങളും ധരിച്ചിരുന്ന വസ്ത്രങ്ങളും കാറില്‍നിന്നു കണ്ടെത്തി. പ്രതിയെ ഇന്നു സംഭവ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുപ്പ് പൂര്‍ത്തിയാക്കി കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് കോടതിയില്‍ ഹാജരാക്കും.
പൃഥ്വിരാജ് നായകനായി 2009-ല്‍ പുറത്തിറങ്ങിയ റോബിന്‍ഹുഡ് എന്ന ചിത്രമാണ് എ.ടി.എം. കൗണ്ടറുകള്‍ കേന്ദ്രീകരിച്ചുള്ള മോഷണത്തിന് രഞ്ജിത്കുമാറിനെ പ്രേരിപ്പിച്ചതത്രേ. ഇന്റര്‍നെറ്റില്‍ പരതി എ.ടി.എം. മെഷീനുകളുടെ പ്രത്യേകതകളും സുരക്ഷയും മനസിലാക്കിയും പോലീസ് നൈറ്റ് പട്രോള്‍ സംഘങ്ങളെ നിരീക്ഷിച്ച് അവര്‍ കടന്നുപോയതിനു ശേഷവുമായിരുന്നു ഇയ്യാളുടെ ഓപ്പറേഷനുകള്‍. അയല്‍വാസികളെയും വീട്ടുടമയേയും ടാക്സി സര്‍വീസ് കമ്പനി ഉടമയെന്നു ധരിപ്പിച്ചായിരുന്നു ആഡംബര ജീവിതം നയിച്ചത്. സ്വന്തം ടാക്സി കാറിലാണു മോഷണത്തിനെത്തിയത്. പോലീസ് അന്വേഷണം വഴിതിരിക്കാന്‍ ടാക്സി കാറിലുള്ള സഞ്ചാരം ഉപകരിക്കുമെന്നും രഞ്ജിത് കണക്കുകൂട്ടിയിരുന്നു. തമിഴ്നാട്ടിലും സ്വദേശമായ പാലക്കാട്ടും വിവിധകേസുകളില്‍ പ്രതിയായതോടെ വര്‍ഷങ്ങളായി ആലുവ കേന്ദ്രീകരിച്ചായിരുന്നു താമസം.
https://www.facebook.com/Malayalivartha