കേരള കലാമണ്ഡലത്തിന് ഇന്ന് നവതി, ആഘോഷം ഓണ്‍ലൈനില്‍

കേരള കലാമണ്ഡലത്തിന് ഇന്ന് നവതി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി സെമിനാര്‍, സിമ്പോസിയം, കലാരൂപങ്ങളുടെ പ്രദര്‍ശനം, രാജ്യാന്തര കലോത്സവം തുടങ്ങിയ പരിപാടികള്‍ നടത്തും. പത്മശ്രീ കലാകാരന്‍മാരായ കലാമണ്ഡലം ഗോപി, കലാമണ്ഡലം ക്ഷേമാവതി, പെരുവനം കുട്ടന്‍മാരാര്‍ എന്നിവര്‍ ഭരണസമിതിയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരാണ്. തൃശൂരില്‍ കോവിഡ് അതിതീവ്ര സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നവതി പരിപാടികള്‍ ചടങ്ങ് മാത്രമാക്കാന്‍ ഉദ്ദേശിച്ചതായി വൈസ് ചാന്‍സിലര്‍ ടി.കെ. നാരായണന്‍ അറിയിച്ചു.
ഇന്നലെ മുകുന്ദ രാജാ അനുസ്മരണം ഓണ്‍ലൈന്‍ വഴി നടത്തി. ഇന്ന് നവതി ഉദ്ഘാടനവും വള്ളത്തോളിന്റെ 142-ാം ജയന്തിയാഘോഷവും ഓണ്‍ലൈനിലൂടെയാണ് നടത്തുന്നത്. പുരസ്‌ക്കാരം/ ഫെല്ലോഷിപ് എഡോവ്മെന്റ് വിതരണ ചടങ്ങുകള്‍ ഇന്നായിരുന്നു നടക്കേണ്ടിയിരുന്നതെങ്കിലും ജനുവരിയിലേക്ക് മാറ്റി.
കേരളീയ തനതു കലകളുടെ പരിപോഷണത്തിനായി 1930 നവംബര്‍ ഒമ്പതിന് മഹാകവി വള്ളത്തോള്‍, കുഞ്ഞുണ്ണി തമ്പുരാന്‍, മണക്കുളം മുകുന്ദരാജ എന്നിവരുടെ നേതൃത്വത്തിലാണ് കലാമണ്ഡലത്തിന്റെ പിറവി. കഥകളിയുടെ പ്രചാരവും സംരക്ഷണവുമായിരുന്നു മഹാകവി വള്ളത്തോള്‍ ലക്ഷ്യംവച്ചിരുന്നെതെങ്കിലും ഇന്ന് നൃത്ത ഇനങ്ങള്‍ക്കാണ് കലാമണ്ഡലത്തില്‍ ആധിപത്യം. കഥകളിയെ ജനകീയമാക്കാന്‍ ആവശ്യമായ യാതൊരുവിധ പ്രവര്‍ത്തനങ്ങളും കലാമണ്ഡലത്തിന്റേയോ സര്‍ക്കാറിന്റെയോ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന പരാതി അനുഗ്രഹീത കലാകാരന്മാരടക്കമുള്ളവര്‍ പങ്കുവയ്ക്കുന്നു. കലാമണ്ഡലം ഗോപി അടക്കമുള്ള പകരം വയ്ക്കാനില്ലാത്ത എത്രയോ കലാകാരന്മാരെ സംഭാവനചെയ്ത കലാസ്ഥാപനമാണ് ചെറുതുരുത്തി നിളയോരത്ത് സ്ഥിതി ചെയ്യുന്ന കേരള കലാമണ്ഡലം.
സാംസ്‌കാരിക കേരളത്തിന് നിരവധി കലാകാരന്മാരെ സമ്മാനിച്ച കലാമണ്ഡലം കല്‍പിത സര്‍വകലാശാല നവതിയുടെ നിറവിലെത്തുമ്പോഴും തുടങ്ങിയിടത്ത് തന്നെ. കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള ഹോസ്റ്റല്‍ സൗകര്യങ്ങളും ആധുനികത രീതിയില്‍ പണികഴിപ്പിച്ച കളരികളുമെല്ലാം കലാമണ്ഡലത്തിലുണ്ടെങ്കിലും കല്‍പ്പിത സര്‍വ്വകലാശാലയുടെ പരിമിതിയില്‍നിന്ന് ഇനിയും മോചനമുണ്ടായിട്ടില്ല. പ്രവര്‍ത്തനം തുടങ്ങി തൊണ്ണൂറാണ്ട് പിന്നിട്ടിട്ടും പൂര്‍ണ സര്‍വ്വകലാശാലയായി മാറാത്തത് തന്നെയാണ് പ്രധാന പരിമിതിയും വെല്ലുവിളിയും. നിളയോരം ചുറ്റി കലാമണ്ഡലം സന്ദര്‍ശിച്ച് കേരളീയ തനതു കലകളെയും സാംസ്‌ക്കാരിക ഭൂമികയേയും അടുത്തറിയാന്‍ ഉതകുന്ന പദ്ധതി സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചെങ്കിലും നടപടിയായില്ലെന്ന് വൈസ് ചാന്‍സിലര്‍ ടി.കെ. നാരായണന്‍ പറഞ്ഞു.
വിദേശികള്‍ കഥകളിയേക്കുറിച്ച് കൂടുതലറിയാന്‍ താത്പര്യം കാട്ടി എത്താറുണ്ടെങ്കിലും അവര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നതില്‍ പിറകില്‍ തന്നെയാണ് ഇന്നും കലാമണ്ഡലം. കോവിഡ് കാലമായതോടെ ഹോസ്റ്റലും കളരികളും കൂത്തമ്പലവുമെല്ലാം അടച്ചിട്ടിരിക്കുകയാണ്. കഥകളി, തുള്ളല്‍, ചാക്യാര്‍കൂത്ത് തുടങ്ങിയ കേരളീയ കലകളും കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളല്‍, കഥകളി സംഗീതം, കര്‍ണാടക സംഗീതം, മൃദംഗം, ചെണ്ട, മദ്ദളം, തിമില എന്നിങ്ങനെ 14 നൃത്ത-സംഗീത-വാദ്യ വിഭാഗങ്ങളും കലാമണ്ഡലത്തില്‍ അഭ്യസിപ്പിക്കുന്നുണ്ട്.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നവതി ആഘോഷ പരിപാടികള്‍ക്കായിരുന്നു അധികൃതര്‍ പദ്ധതി തയ്യാറാക്കിയിരുന്നതെങ്കിലും കോവിഡ്കാലത്ത് ഓണ്‍ലൈന്‍ പരിപാടികളില്‍ ഒതുങ്ങി. ലോക്ക്ഡൗണ്‍ കാലത്ത് ആരംഭിച്ച വെബിനാര്‍ ഇപ്പോഴും തുടരുന്നു. കലാമണ്ഡലത്തില്‍ ആരംഭിക്കുന്ന രംഗകലാ മ്യൂസിയം നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നു. വിവിധ ദക്ഷിണേന്ത്യന്‍ കലാരൂപങ്ങളുടെ സമഗ്ര വിവരങ്ങളടങ്ങുന്ന മ്യൂസിയത്തിലെ ഇലകേ്ട്രാണിക്സ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞു.
https://www.facebook.com/Malayalivartha