എൻ എസ് എസിന്റെ നീക്കം വോട്ടിൽ പ്രതിഫലിക്കുമോ? ജി. സുകുമാരന്‍ നായരെ കൈയിലെടുക്കാനുള്ള തന്ത്രങ്ങള്‍ അന്വേഷിച്ച് സി പി എമ്മും കോണ്‍ഗ്രസും പാഴൂര്‍ പടിപ്പുരയിലേക്ക്...

മണിച്ചേട്ടന്‍ എല്ലാവരെയും വീണ്ടും അമ്പരപ്പിച്ച് അങ്കലാപ്പിലാക്കുമ്പോള്‍ ജി. സുകുമാരന്‍ നായരെ കൈയിലെടുക്കാനുള്ള തന്ത്രങ്ങള്‍ അന്വേഷിച്ച് സി പി എമ്മും കോണ്‍ഗ്രസും പാഴൂര്‍ പടിപ്പുരയിലേക്ക്. ഇതെല്ലാം കണ്ട് മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള പൊട്ടി പൊട്ടി ചിരിക്കുന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പോലും അറിയാതെയായിരുന്നു ശ്രീധരന്‍ പിള്ളയുടെ ഓപ്പറേഷന്‍.
ഉമ്മന്‍ ചാണ്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ശബരിമലയുടെ കാര്യത്തില്‍ അനുകൂലിച്ച് അഭിപ്രായം പറഞ്ഞ് ഇരുട്ടി വെളുക്കും മുമ്പാണ് അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിന് നായര്‍ സര്‍വ്വീസ് സൊസൈറ്റി സംഭാവന നല്‍കിയത്. ഏഴ് ലക്ഷം രൂപയാണ് എന്‍എസ്എസ് രാമക്ഷേത്ര നിര്‍മ്മാണത്തിന് കൈമാറിയിരിക്കുന്നത്. ആരും ആവശ്യപ്പെട്ടിട്ടില്ല സ്വന്തം നിലയ്ക്കാണ് സംഭാവന നല്‍കിയതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും എന്‍എസ്എസ് വിശദീകരിക്കുന്നു.
അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിനായി ദേശീയ തലത്തില്‍ തന്നെ ഫണ്ട് ശേഖരണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് എന്‍എസ്എസ് ഏഴ് ലക്ഷം രൂപ നല്‍കിയത്. രാമക്ഷേത്ര തീര്‍ത്ഥ എന്ന പേരിലുള്ള ട്രസ്റ്റിന്റെ അയോധ്യയിലെ എസ്ബിഐ ബാങ്കിലെ അക്കൗണ്ടിലേക്കാണ് എന്‍എസ്എസ് പണം നല്‍കിയത്. പതിവ് സമദൂരം വിട്ട് ഈ തെരഞ്ഞെടുപ്പില്‍ ശബരിമലയും ആചാരസംരക്ഷണവും മുഖ്യവിഷയമാക്കിയാണ് ഈ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് നിലപാട് സ്വീകരിച്ചിരിക്കുന്നത്.
എന്‍ എസ് എസില്‍ നിന്നും സംഭാവന വാങ്ങണമെന്ന തീരുമാനം ദേശീയ തലത്തിലാണ് ആര്‍ എസ് എസ് എടുത്തത്. എന്നാല്‍ സംസ്ഥാന തലത്തില്‍ ഇക്കാര്യം ആരെയും അറിയിച്ചിരുന്നില്ല. ബിജെപിയുടെ ദേശീയ നേതാക്കള്‍ക്കു ഇക്കാര്യം അറിയാമായിരുന്നു. അവര്‍ ശ്രീധരന്‍ പിള്ളയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങള്‍ പെട്ടെന്നുണ്ടായത്.
ജി. സുകുമാരന്‍ നായര്‍ക്ക് കേരളത്തിലെ ബി ജെ പി നേതാക്കളില്‍ ഏറ്റവും അടുപ്പമുള്ളത് പി. എസ് ശ്രീധരന്‍ പിള്ളയുമായാണ് . ശ്രീധരന്‍ പിള്ള ചെങ്ങന്നൂരില്‍ മത്സരിക്കുമ്പോള്‍ അദ്ദേഹത്തിന് പരസ്യമായ പിന്തുണ പ്രഖ്യാപിച്ച സംഘടനയാണ് എന്‍ എസ് എസ്. കെ സുരേന്ദ്രനുമായി ജി.സുകുമാരന്‍ നായര്‍ക്ക് അടുപ്പമുണ്ട്. ശബരി മല പ്രക്ഷേഭകാലത്ത് സുരേന്ദ്രന്‍ നടത്തിയ സമരങ്ങള്‍ക്ക് എന്‍ എസ് എസിന്റെ പിന്തുണയുണ്ടായിരുന്നു.
രാജ്യത്ത് മുന്നാക്ക സംവരണം നടപ്പിലാക്കുന്നതില്‍ ചരടുവലിച്ചത് ജി.സുകുമാരന്‍ നായരാണ്. ഇതിന് പിന്നില്‍ ശ്രീധരന്‍ പിള്ളയുടെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു.
ജി. സുകുമാരന്‍ നായര്‍ രാഷ്ട്രീയമായി കൃത്യമായി ചിന്തിക്കുന്ന സമുദായ നേതാവാണ്. ഓരോ വാക്കും സൂക്ഷിച്ചു മാത്രം ഉപയോഗിക്കുന്ന നേതാവാണ് അദ്ദേഹം. എന്നിട്ടും അയോധ്യാ ക്ഷേത്രത്തിന് 7 ലക്ഷം നല്‍കിയ വിവരം അദ്ദേഹം പുറത്തുവിട്ടെങ്കില്‍ അതിന് പിന്നിലെ രാഷ്ട്രീയം കൃത്യമാണ്. ചില കാര്യങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. അത് ബി ജെ പി ക്കുള്ള സ്വാഗതഗാനമാണ്.
സുകുമാരന്‍ നായര്‍ പുറത്തുവിട്ട വാര്‍ത്ത കോണ്‍ഗ്രസിനും സി പി എമ്മിനും മുതുകത്തേറ്റ പ്രഹരമാണ്. എന്‍ എസ് എസിന്റെ നീക്കം വോട്ടില്‍ പ്രതിഫലിക്കുമോ എന്നാണ് ഇരു പാര്‍ട്ടികളും ഉറ്റു നോക്കുന്നത്. ഇനി സുകുമാരന്‍ നായര്‍ ഒന്നും പറത്തില്ലെങ്കിലും അദ്ദേഹം പറയേണ്ടത് പറയാതെ പറഞ്ഞിരിക്കുന്നു.
https://www.facebook.com/Malayalivartha