താമരശ്ശേരി ചുരത്തില്‍ ഒമ്പതാം വളവിനു താഴെ തകരപ്പാടിയില്‍ റോഡ് ഇടിഞ്ഞ ഭാഗത്ത് വീണ്ടും റോഡ് ഇടിഞ്ഞു.... ഗതാഗതനിയന്ത്രണം കര്‍ശനമാക്കി

താമരശ്ശേരി ചുരത്തില്‍ ഒമ്പതാം വളവിനു താഴെ തകരപ്പാടിയില്‍ റോഡ് ഇടിഞ്ഞ ഭാഗത്ത് ചൊവ്വാഴ്ച രണ്ടാമതും റോഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗത നിയന്ത്രണം കര്‍ശനമാക്കി.
കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ബൈക്ക്, ഓട്ടോ, കാര്‍, ജീപ്പ്, ഭാരം കയറ്റാതെ വരുന്ന ദോസ്ത് പിക്കപ്പ്, എയ്സ് തുടങ്ങിയ വാഹനങ്ങള്‍ മാത്രമാണു കടത്തിവിടുന്നത്. റോഡ് പൂര്‍ണമായും ബലപ്പെടുത്തുന്നതുവരെ മറ്റുവാഹനങ്ങള്‍ കടത്തിവിടില്ല.
ബുധനാഴ്ച രാത്രി ചുരത്തിലെത്തി ഇടിഞ്ഞ ഭാഗം സന്ദര്‍ശിച്ച ശേഷമാണ് ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവു ഉത്തരവിറക്കിയത്. ബുധനാഴ്ച രാവിലെ കെഎസ്ആര്‍ടിസി ഷട്ടില്‍ സര്‍വീസ് നിര്‍ത്തിയതോടെ ഇരു ജില്ലകളിലേക്കും പോകാനെത്തിയ യാത്രക്കാര്‍ ഏറെ ദുരിതത്തിലായിരുന്നു. ഇതേ തുടര്‍ന്നാണ് രാത്രിയില്‍ കളക്ടര്‍ ചുരത്തിലെത്തിയത്.
നിര്‍ത്തി വച്ചിരുന്ന കെഎസ്ആര്‍ടിസി ഷട്ടില്‍ സര്‍വീസ് വ്യാഴാഴ്ച രാവിലെ മുതല്‍ പുനരാരംഭിച്ചു. അടിവാരത്തുനിന്നു പുറപ്പെടുന്ന ബസുകള്‍ റോഡ് ഇടിഞ്ഞതിന് 200 മീറ്റര്‍ താഴെ വരെയും കല്‍പ്പറ്റയില്‍ നിന്നു വരുന്ന ബസുകള്‍ 200 മീറ്റര്‍ മുകളില്‍ വരെയുമാണ് എത്തുന്നത്.
ഇതിനിടയിലെ ഏകദേശം 400 മീറ്റര്‍ യാത്രക്കാര്‍ കാല്‍നടയായെത്തി ബസുകള്‍ മാറിക്കയറണം. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെ അരമണിക്കൂര്‍ ഇടവിട്ട് ബസുകള്‍ ഓടും.
അതേസമയം വയനാട് ചുരത്തില്‍ യാത്രക്കാര്‍ നേരിടുന്ന രൂക്ഷമായ ഗതാഗത പ്രശ്‌നം കണക്കിലെടുത്ത് നിര്‍ദിഷ്ട ചിപ്പിലിത്തോട് - മരുതിലാവ് - തളിപ്പുഴ ബൈപ്പാസ് യാഥാര്‍ഥ്യമാക്കാന്‍ വയനാട് എം.പി. രാഹുല്‍ ഗാന്ധി ഇടപെടണമെന്ന് വയനാട് ചുരം ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി.കെ. ഹുസൈന്‍ കുട്ടി, ജനറല്‍ കണ്‍വീനര്‍ ടി.ആര്‍.ഒ. കുട്ടന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധി എം.പിക്ക് വയനാട് ജനതയ്ക്ക് നല്‍കാവുന്ന ഏറ്റവും വലിയ വികസനം കൂടിയായിരിക്കും വയനാട് ചുരം ബൈപ്പാസ് എന്നും ചുരം റോഡ് നവീകരണം ആരംഭിച്ചതോടെ യാത്രക്കാര്‍ ബദല്‍ സംവിധാനം ഇല്ലാതെ ദുരിതം പേറുകയണെന്നും ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി.
സംരക്ഷണമതില്‍ നിര്‍മാണ സ്ഥലത്ത് റോഡ് തകര്‍ന്നതോടെ വലിയ വാഹനങ്ങള്‍ പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്.
ഇനിയും ബന്ധപ്പെട്ട ജനപ്രിതിനിധികള്‍ ബൈപ്പാസ് യാഥാര്‍ഥ്യമാക്കാന്‍ നടപടി സ്വീകരിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ഈയാവശ്യവുമായി ആക്ഷന്‍ കമ്മിറ്റി ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. നിരോധനത്തിനു ശേഷവും രാത്രിയില്‍ വലിയ വാഹനങ്ങള്‍ പോവുകയാണ്.
"
https://www.facebook.com/Malayalivartha