എന്‍.സി.പി നേതാവിനെതിരെ പരാതി നല്‍കിയ യുവതിക്ക് പിന്തുണയുമായി ബി.ജെ.പി; പരാതിക്കാരിയുടെ എല്ലാത്തിനും ബി.ജെ.പി. പിന്തുണയും സഹായവും നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

എന്‍.സി.പി നേതാവിനെതിരെ പരാതി നല്‍കിയ യുവതിക്ക് പിന്തുണയുമായി ബി.ജെ.പി രംഗത്ത് എത്തിയിരിക്കുകയാണ്. മന്ത്രി എ.കെ ശശീന്ദ്രന് എതിരെ ഉള്‍പ്പടെ പരാതിക്കാരിയുടെ എല്ലാത്തിനും ബി.ജെ.പി. പിന്തുണയും സഹായവും നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറയുകയുണ്ടായി.
പരാതിക്കാരിയുടെ വീട്ടില്‍ എത്തി യുവതിയോടും ബന്ധുക്കളോടും സംസാരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. മന്ത്രിക്ക് എതിരെ പരാതി നല്‍കുമോ എന്ന ചേദ്യത്തിന് മന്ത്രിക്കെതിരെ പരാതി നല്‍കേണ്ടത് പാര്‍ട്ടിയല്ലെന്നും പരാതിക്കാരി മന്ത്രിക്കെതിരെ പരാതി നല്‍കിയാല്‍ പാര്‍ട്ടി എല്ലാ പിന്‍തുണയും നല്‍കുമെന്നും വിഷയത്തില്‍ പാര്‍ട്ടി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറയുകയുണ്ടായി.
അതേസമയം സ്ത്രീപീഡന പരാതി തീര്‍പ്പാക്കാന്‍ യുവതിയുടെ പിതാവിനെ ടെലിഫോണില്‍ വിളിച്ചെന്ന ആരോപണത്തിനിരയായ മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജി വയ്‌ക്കേണ്ടെന്ന നിലപാട് എന്‍.സി.പി നേതൃത്വമെടുത്തപ്പോള്‍, എന്‍.സി.പിയിലെ ആഭ്യന്തര തര്‍ക്കത്തിന്റെ ഭാഗമെന്ന വിലയിരുത്തലില്‍ കരുതലോടെ നീങ്ങാനാണ് സി.പി.എം തീരുമാനം. അതേസമയം, ഇന്നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ വിഷയം കത്തിക്കാന്‍ ഒരുങ്ങിനില്‍ക്കുകയാണ് പ്രതിപക്ഷം.
ശശീന്ദ്രന്‍ സ്വയം രാജിക്ക് തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രതിപക്ഷ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ഭരണപക്ഷ നീക്കത്തോടെ, സഭ ആദ്യദിവസം തന്നെ പ്രക്ഷുബ്ദ്ധമാകും
.പരാതിക്കു പിന്നില്‍ രാഷ്ട്രീയ ഗൂഢനീക്കമാണെന്ന എന്‍.സി.പി വാദം മുഖവിലയ്‌ക്കെടുക്കുമ്പോഴും, യുവതി പരാതിയിലുറച്ച് നിയമനടപടിയിലേക്ക് നീങ്ങിയാലുണ്ടാകാനിടയുള്ള ഭവിഷ്യത്തും സി.പി.എം മുന്‍കൂട്ടി കാണുന്നു. ഇന്നലെ ചേര്‍ന്ന സി.പി.എം അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ ക്ലിഫ്ഹൗസില്‍ ചെന്ന് കണ്ട ശശീന്ദ്രന്‍, താന്‍ യുവതിയുടെ പിതാവിനെ ഫോണ്‍ വിളിക്കാനിടയായ സാഹചര്യം വീണ്ടും വിശദീകരിച്ചു. മുഖ്യമന്ത്രി മറുപടിയൊന്നും നല്‍കിയില്ലെന്നാണ് സൂചന.
https://www.facebook.com/Malayalivartha






















