വാളയാര്‍ കേസില്‍സിബിഐയുടെ ഡമ്മി പരീക്ഷണം; പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അതേ വീട്ടില്‍ സാഹചര്യം പുനരാവിഷ്കരിച്ച് സി.ബി.ഐ

വാളയാര്‍ കേസില്‍സിബിഐയുടെ ഡമ്മി പരീക്ഷണം. പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അതേ വീട്ടില്‍ വച്ച് സാഹചര്യം പുനരാവിഷ്കരിക്കുകയാണ് സിബിഐ. കുട്ടികള്‍ മരിച്ച മുറിയില്‍ രണ്ട് പേരുടെയും അതേ തുക്കത്തിലുള്ള ഡമ്മി തൂക്കി നോക്കും.വീടിന്റെ ഉത്തരത്തില്‍ തുങ്ങി മരിക്കാന്‍ ഒമ്പതുവയസുകാരിക്ക് ആകില്ലെന്നതായിരുന്നു വിവാദ കേസിലെ പ്രധാന വാദങ്ങളില്‍ ഒന്ന്. ഈ കാര്യമടക്കം ഉറപ്പിക്കാനാണ് സിബിഐയുടെ ഡമ്മി പരീക്ഷണം.
ഡമ്മി പരീക്ഷണത്തിന് മുന്നോടിയായി പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍, ഷാള്‍ എന്നിവ ആവശ്യപ്പെട്ട് സിബിഐ പാലക്കാട് പോക്സോ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അനുവദിച്ചിരുന്നില്ല. പൊലീസ് രേഖയിലെ മുഴുവന്‍ സാധനങ്ങളും നല്‍കാനാവില്ലെന്നായിരുന്നു കോടതി നിലപാട്. ഇതോടെ സമാന വസ്തുക്കള്‍ ഉപയോഗിച്ചു ഡമ്മി പരീക്ഷണം നടത്താമെന്നു അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
ഡമ്മി പരീക്ഷണം നടത്താനുള്ള വകുപ്പുതല അനുമതി സിബിഐ നേരത്തെ നേടിയിരുന്നു. കഴിഞ്ഞയാഴ്ച്ച കേസിലെ ഒന്നാം പ്രതി മധു, രണ്ടാം പ്രതി ഷിബു എന്നിവരെ പാലക്കാട് ജില്ലാ ജയിലിലെത്തി സിബിഐ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha