ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി; നിത്യചെലവിനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും പണമില്ല: രണ്ട് കോടി വായ്പ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

സമ്പത്തിന്റെ കാര്യത്തില്‍ ലോകത്തെയാകെ അമ്പരപ്പിച്ചിരുന്നു ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം. ക്ഷേത്രത്തിന്റെ ആറ് രഹസ്യ നിലവറകളില്‍ നാലെണ്ണം തുറന്ന് പരിശോധന നടത്തിയത് വലിയ ചര്‍ച്ചകള്‍ക്കും വഴിതുറന്നിരുന്നു.
അമൂല്യമായ രത്‌നങ്ങളും സ്വര്‍ണക്കിരീടങ്ങളുമടക്കം ഏകദേശം 90,000 കോടി രൂപ വില മതിക്കുന്ന നിധിശേഖരമാണ് ക്ഷേത്രത്തില്‍ കണ്ടെത്തിയത്. എന്നാലിപ്പോള്‍ ദൈനംദിന ചെലവ് നടത്താനായി കടം വാങ്ങേണ്ട അവസ്ഥയിലെത്തിയിരിക്കുകയാണ് കാര്യങ്ങള്‍.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ക്ഷേത്രം നേരിടുന്നതെന്ന് ക്ഷേത്ര ഭരണസമിതി കഴിഞ്ഞ സെപ്റ്റംബറില്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കൊവിഡും ലോക്ക്ഡൗണും കാരണം ക്ഷേത്രം നേരിടുന്നത് കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് ക്ഷേത്ര ഭരണസമിതി സുപ്രീം കോടതിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.
ഒരു കോടി ഇരുപത് ലക്ഷം രൂപയാണ് ക്ഷേത്രത്തിന്റെ പ്രതിമാസ ചെലവ്. വരവ് അറുപത് ലക്ഷത്തിനും എഴുപത് ലക്ഷത്തിനും ഇടയില്‍ ആണെന്നാണ് ഭരണ സമിതി പറയുന്നത്. പ്രതിദിനച്ചെലവുകള്‍, ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എന്നിവ നല്‍കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ സര്‍ക്കാരിനെ അറിയിച്ചു.
പ്രതിസന്ധി മറിക്കടക്കാന്‍ 10 കോടി രൂപ വായ്പ അനുവദിക്കണമെന്ന് സര്‍ക്കാരിന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം മേയിലാണ് സര്‍ക്കാരിന് കത്തയച്ചത്. ഇപ്പോഴാണ് സര്‍ക്കാര്‍ ഇതില്‍ തീരുമാനം കൈക്കൊള്ളുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ രണ്ട് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പലിശരഹിത വായ്പയായാണ് തുക അനുവദിച്ചത്. വായ്പ തിരിച്ചടവിന് ഒരു വര്‍ഷത്തെ സാവകാശവും അനുവദിച്ചിട്ടുണ്ട്. ധനവകുപ്പിന്റെ പ്രത്യേക അനുമതിയോടെയാണ് തുക അനുവദിച്ചിരിക്കുന്നത്.
ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, നിത്യച്ചെലവുകള്‍ എന്നിവയ്ക്കായി ദിവസം നാല് ലക്ഷം രൂപയോളം വേണ്ടിവരും. മണ്ഡലകാലം ആയിട്ടുപോലും ഇപ്പോള്‍ 2.5 ലക്ഷം രൂപയാണ് ദിവസ വരുമാനം എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2011 ജനുവരി 31 ന് ക്ഷേത്രം ഏറ്റെടുക്കാന്‍ ഹൈക്കോടതി കേരള സര്‍ക്കാരിന് നിര്‍ദേശം നല്‍കി. എന്നാലിത് സുപ്രീം കോടതി സ്റ്റേ ചെയ്യുകയും ക്ഷേത്രത്തിലെ നിലവറകള്‍ തുറന്നു കണക്കെടുക്കുവാനും ഉത്തരവിട്ടു. ഇതോടെയാണ് ലോകത്തെ വിസ്മയിപ്പിച്ച നിധി ശേഖരത്തെ കുറിച്ച് അറിഞ്ഞത്.
"
https://www.facebook.com/Malayalivartha