അയ്യേ..ഇവരായിരുന്നോ..'കുറുവ' സംഘം, കഷ്‌ടം തന്നെ മൊതലാളി കഷ്‌ടം തന്നെ..!!ഭീകര കൊള്ള സംഘത്തിന്റെ പേരിൽ നവമാധ്യമങ്ങളിൽ വൈറലായ മോഷണ സംഘത്തെ പോലീസ് തൂക്കിയെടുത്തു, നാട്ടുകാരെ ഭീതിയിലാക്കി സമൂഹമാധ്യമങ്ങളിൽ ഇവരുടെ ദൃശ്യങ്ങൾ പ്രചരിച്ചു, കുറുവകളുടെ ഡ്യൂപ്ലിക്കേറ്റ് സംഘത്തിൽ പതിനാറ് വയസുകാരനും

'കുറുവ' സംഘം എന്നു കേൾക്കുമ്പോഴേ കേരളത്തിലെ ജനങ്ങൾക്ക് ഭീതിയാണ്. ആളുകളെ ഭീകരമായി ആക്രമിച്ച് കവർച്ച നടത്തുന്ന തമിഴ്നാട്ടിൽ നിന്നുള്ള ഈ കൊള്ളസംഘങ്ങൾ കേരളത്തിലേക്കും എത്തിയിട്ടുണ്ടെന്ന് നേരത്തെ പൊലീസ് മുന്നറിയിപ്പ് നൽകിയതോടെ ജനങ്ങൾ സദാ നേരവും ജാഗ്രതയിലായിരുന്നു. ഇതിനിടയിൽ ഇവരുടെ ആക്രമാണ രീതിയെക്കുറുച്ചും, രൂപത്തെ കുറിച്ചും എല്ലാം കഥകൾ പുറത്തുവന്നതോടെ കേരളത്തിലെ ജനങ്ങൾക്ക് ഭീതികൂടി
എന്നാൽ ഈ ഭീകര കൊള്ള സംഘത്തിന്റെ പേര് പറഞ്ഞ് നവമാധ്യമങ്ങളിൽ വൈറലായ മോഷണ സംഘത്തെ ആലപ്പുഴ മാരാരിക്കുളം പോലീസ് പിടികൂടി.ചേർത്തലയിൽ കുറുവാ സംഘമെന്ന പേരിൽ പരിഭ്രാന്തി പരത്തിയത് നാട്ടുകാർ തന്നെയെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോൾ. സമൂഹമാധ്യമങ്ങളിൽ ഇവരുടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നാട്ടുകാർ ഭീതിയിലായിരുന്നു. എസ്എൽ പുരം സ്വദേശി ദീപു, കഞ്ഞിക്കുഴി സ്വദേശി അരുൺ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റിലായ മൂന്നാമന് 16 വയസ്സ് മാത്രമാണ് പ്രായം. തമിഴ്നാട്ടിലെ കുപ്രസിദ്ധ കവർച്ചാ സംഘമായ കുറുവാ സംഘം കേരളത്തിലിറങ്ങിയെന്ന പ്രചാരണം വ്യാപകമായിരുന്നു. ചേർത്തല തിരുവിഴ അടക്കമുള്ള ഭാഗങ്ങളിൽ നിന്ന് പകർത്തിയ സിസിടിവി ദൃശ്യങ്ങളിലാണ് കുറുവാ സംഘമെന്ന് തോന്നിക്കുന്ന തരത്തിലുള്ള ആളുകളെ കണ്ടത്. ആളുകളെ അപായപ്പെടുത്തി വലിയ കവർച്ചകൾ നടത്തുന്ന സംഘമാണ് ഇവരെന്ന പ്രചാരണമായിരുന്നു വ്യാപകമായി ഉണ്ടായിരുന്നത്. തിരുവിഴ ഭാഗത്തെ ഒരു വീട്ടിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ മൂന്ന് പേർ ഓടിപ്പോകുന്നതും കാണാമായിരുന്നു.
പൊലീസ് ഈ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടത്തിയത്. രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് നാട്ടുകാർ തന്നെയാണ് ഈ മോഷണത്തിന് പിറകിലെന്ന് പൊലീസ് കണ്ടെത്തിയത്. ഇവർ സ്ഥിരം മോഷ്ടാക്കളാണെന്ന് പൊലീസ് പറയുന്നു.
ആലപ്പുഴ സൗത്ത് സ്റ്റേഷനിലും അർത്തുങ്കൽ പൊലീസ് സ്റ്റേഷനിലും ഇവർക്കെതിരെ ക്രിമിനൽ കേസുകളുണ്ട്. സംസ്ഥാനത്ത് നിന്ന് പുറത്ത് എത്തിയ കുറുവാസംഘമെന്ന ഭീതി ഇതോടെ ഒഴിവാകുകയാണ്. ഇവരെ മോഷണം നടന്ന വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
കോട്ടയത്തടക്കം മറ്റ് പല തെക്കൻ ജില്ലകളിലും കുറുവാ സംഘമിറങ്ങിയെന്ന പ്രചാരണം സജീവമാണ്. അതിരമ്പുഴ പഞ്ചായത്തിലെ 6 വീടുകളിൽ കഴിഞ്ഞ 27-ാം തീയതി രാത്രി നടന്ന മോഷണശ്രമത്തിന് പിന്നിൽ കുറുവാ സംഘമാണെന്നായിരുന്നു വ്യാപകപ്രചാരണം. മുഖം മറച്ച് മാരകായുധങ്ങളുമായി എത്തിയ മൂന്നംഗ സംഘം, സിസിടിവിയിൽ കുടുങ്ങിയതോടെയാണ് കുറുവാസംഘമെന്ന പ്രചരണമുണ്ടായത്. റെയിൽവേ ട്രാക്കിന് സമീപത്തുള്ള വീടുകളിൽ ആയിരുന്നു മോഷണശ്രമം.
അഞ്ച് വർഷം മുമ്പ് കോട്ടയം അയർക്കുന്നത്ത് കുറുവ സംഘം മോഷണം നടത്തിയിരുന്നു. ഈ സംഘത്തിൽ പെട്ടവർ എല്ലാം ഇപ്പോൾ ജയിലിലാണ്. കോട്ടയത്ത് എത്തിയത് കുറുവാ സംഘമാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്പ വ്യക്തമാക്കിയിരുന്നു. മോഷണശ്രമത്തിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും ഉണ്ടായതോടെ കോട്ടയത്തടക്കം ജനങ്ങൾ വലിയ ഭീതിയിലാണ്. സ്ക്വാഡുകൾ രൂപീകരിച്ച് രാത്രിയിൽ ജനങ്ങൾ തന്നെ തിരച്ചിൽ നടത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച വെമ്പള്ളിയിൽ തമിഴ്നാട് സ്വദേശിയായ ഒരാളെ കുറുവാ സംഘാംഗമെന്ന പേരിൽ നാട്ടുകാർ തടഞ്ഞ് വെച്ചിരുന്നു.
എന്തായാലും ചേർത്തലയിലേത് കുറുവാ സംഘമല്ലെന്ന് വ്യക്തമായികഴിഞ്ഞു. കോട്ടയത്തും മറ്റ് ജില്ലകളിലും സമാനമായ തരത്തിൽ സജീവമായ അന്വേഷണം വേണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
https://www.facebook.com/Malayalivartha