ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് കെ റെയില്‍ നടപ്പാക്കാനുള്ള നീക്കം ജനാധിപത്യത്തിന് യോജിച്ചതല്ല: ഉമ്മന്‍ചാണ്ടി; 'കെ റെയില്‍ ആര്‍ക്കുവേണ്ടി' രമേശ് ചെന്നിത്തലയുടെ പുസ്തകം പ്രകാശനം ചെയ്തു

ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് കെ റെയില്‍പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനാധിപത്യത്തിന് യോജിച്ചതല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രമേശ് ചെന്നിത്തല രചിച്ച ആര്‍ക്കും വേണ്ടാത്ത കെ റെയില്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അച്യുതാനന്ദന്‍ സര്‍ക്കാര്‍ കെ റെയിലിന്റെ പഴയ പേരായ അതിവേഗ റെയില്‍ പാതയ്ക്ക് വേണ്ടിയുള്ള വിദഗ്ദ റിപ്പോര്‍ട്ടിന് സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. 2011ല്‍ താന്‍ മുഖ്യമന്ത്രിയാകുന്ന സമയത്താണ് റിപ്പോര്‍ട്ട് ലഭിക്കുന്നത്. റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ തന്നെ കേരളത്തിന് താങ്ങാന്‍ പറ്റാത്ത പദ്ധതിയാണെന്ന് മനിസിലായി.
അപ്പോള്‍ തന്നെ പദ്ധതി വേണ്ടെന്നുവച്ചു. എന്തുവന്നാലും കെ റെയില്‍ നടപ്പിലാക്കുമെന്ന പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് പ്രതിഷേധങ്ങള്‍ കണ്ട് പദ്ധതി ഉപേക്ഷിക്കില്ലെന്നാണ്. കേരളത്തിന്റെ പശ്ചാത്തലം നോക്കുമ്പോള്‍ ഒരു വിധത്തിലും നടപ്പിലാക്കാന്‍ പറ്റാത്ത പദ്ധതിയാണിത്. വന്‍ സാമ്പത്തിക ബാധ്യത, പരിസ്ഥിതി പ്രശ്‌നങ്ങള്‍, സ്ഥലം ഏറ്റെടുപ്പ് എന്നിവ പ്രശ്‌നമായി വരും.
യു.ഡി.എഫ് സര്‍ക്കാര്‍ തുടക്കം കുറിച്ച സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖം രണ്ട് വര്‍ഷം മുമ്പ് പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. പദ്ധതി നീണ്ടുപോകാന്‍ കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പാറകല്ലുകളും മണ്ണും മറ്റ് നിര്‍മ്മാണ സാമഗ്രഹികളും എത്തിക്കാന്‍ സാധിക്കാത്തതിനാലാണ്. തുറമുഖ നിര്‍മ്മാണത്തിന് ആവശ്യമായ പാറകല്ലുകളും മണ്ണും കണ്ടെത്താന്‍ കഴിയാത്ത സര്‍ക്കാര്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ പാറകല്ലുകള്‍കൊണ്ട് കൂറ്റന്‍ മതില്‍ നിര്‍മ്മിച്ച് പദ്ധതി നടപ്പിലാക്കുമെന്ന് പറയുന്നത് പ്രായോഗ്യമാകുന്നതല്ലെന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
കെ റെയില്‍ വന്നാല്‍ കേരളം സാമ്പത്തികമായി പാരിസ്ഥികമായും തകരുമെന്ന ഭയപ്പാടിലാണ് ജനങ്ങളെന്ന് ഉമ്മന്‍ചാണ്ടിയില്‍ നിന്നും പുസ്തകം സ്വീകരിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി. എന്തു വന്നാലും പദ്ധതി നടപ്പിലാക്കുമെന്ന വാശിയിലാണ് മുഖ്യമന്ത്രി. ജനകീയ സമരങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നു. ഈ സാഹചര്യത്തില്‍ കെ റെയിലിന്റെ അപകടങ്ങള്‍ എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന പുസ്തകമാണ് ആര്‍ക്കും വേണ്ടാത്ത കെ റെയില്‍ എന്ന പേരില്‍ രമേശ് ചെന്നിത്തല പുസ്തകം പുറത്തിറക്കിയത്. സാധാരണക്കാരന് മനസിലാകുന്ന ഭാഷയിലാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ചടങ്ങില്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി, എം.എല്‍.എമാരായ എ.പി അനില്‍കുമാര്‍, പി.സി വിഷ്ണുനാഥ്, സണ്ണി ജോസഫ്, സജീവ് ജോസഫ്, ഷാഫി പറമ്പില്‍, റോജി എം ജോണ്‍, സി.ആര്‍ മഹേഷ്, എല്‍ദോസ് കുന്നപ്പള്ളി, ടി.കെ വിനോദ്, മുന്‍ എം.എല്‍.എ ശരത് ചന്ദ്രപ്രസാദ്, ചെറിയാന്‍ ഫിലിപ്പ്, എന്‍.കെ വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
"
https://www.facebook.com/Malayalivartha