എല്ലാം മാറിമറിയും... അഞ്ച് വര്‍ഷത്തെ പോരാട്ടത്തില്‍ ആദ്യമായി അതിജീവിത നേരിട്ട് മുഖ്യമന്ത്രിയെ കണ്ടത് നിര്‍ണായകമാകും; നീതി ഉറപ്പാക്കാന്‍ കടുത്ത നടപടിയിലേക്ക് നീങ്ങും; അതിജീവിത നല്‍കിയ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

അഞ്ച് വര്‍ഷത്തെ പോരാട്ടത്തില്‍ ആദ്യമായാണ് നേരിട്ട് അതിജീവിത പൊതുമധ്യത്തിലെത്തിയത്. കേസ് അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് മുഖ്യമന്ത്രിയുമായുള്ള ഇന്നലത്തെ സുപ്രധാന കൂടിക്കാഴ്ച വെറുതേയാകില്ല. മൂന്ന് പേജുള്ള നിവേദനം മുഖ്യന്ത്രിക്ക് നടി കൈമാറി. മുഖ്യമന്ത്രിക്ക് മുമ്പില്‍ വിതുമ്പിയ നടിയെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. എല്ലാക്കാലത്തും അതിജീവിതയ്‌ക്കൊപ്പമാണ് സര്‍ക്കാരെന്ന് ഉറപ്പ് നല്‍കി.
തുടരന്വേഷണം അവസാനിപ്പിക്കരുതെന്നും കേസില്‍ ഇടപെട്ട അഭിഭാഷകരെ ചോദ്യം ചെയ്യണം എന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം എന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ ചോര്‍ത്തിയവര്‍ക്കെതിരെ നടപടി വേണമെന്നും നടി ആവശ്യപ്പെട്ടു. അന്വേഷണത്തിന്റെ തുടക്കം മുതല്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ മുഖ്യമന്ത്രി അറിയിച്ചു.
തനിക്കെതിരായ സിപിഎം നേതാക്കളുടെ പരമാര്‍ശങ്ങളോട് ഒന്നും പറയാനില്ലെന്നായിരുന്നു അതിജീവിതയുടെ പ്രതികരണം. അതിജീവിതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊന്നുപിന്നാലെ മുഖ്യമന്ത്രി ഡിജിപിയെയും ക്രൈംബ്രാഞ്ച് എഡിജിപിയെയും വിളിപ്പിച്ചു. ഇനി ഈ കേസില്‍ എന്ത് ചെയ്യാനാകുമെന്ന് മുഖ്യമന്ത്രി ആരാഞ്ഞു. അന്വേഷണം കാര്യക്ഷമമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
അതേസമയം നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. കേസന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനായി ഭരണ തലത്തില്‍ നിന്നും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുന്നുവെന്നതടക്കം സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് അതിജീവിതയുടെ ഹര്‍ജി. കേസില്‍ കുറ്റപത്രം നല്‍കുന്നത് തടയണമെന്നും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിള്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
എന്നാല്‍, ഹര്‍ജിയിലെ ആക്ഷേപങ്ങള്‍ തെറ്റാണെന്നാണ് സര്‍ക്കാര്‍ വാദം. കൂടാതെ കേസിനെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും അന്വേഷണം സംബന്ധിച്ചുള്ള നടിയുടെ ഭീതി അനാവശ്യമാണെന്നുമാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.
ഈ കേസില്‍ തനിക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് അതിജീവിത പറഞ്ഞു. താന്‍ സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. കേസിലെ ചില ആശങ്കകള്‍ കോടതിയില്‍ ഉന്നയിക്കുകയായിരുന്നു. അത് സര്‍ക്കാരിനെതിരെ എന്ന നിലയില്‍ കണ്‍വേ ചെയ്യപ്പെട്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും അതിജീവിത പറഞ്ഞു.
ഒരുപാട് നാളായി മുഖ്യമന്ത്രിയെ നേരില്‍ കാണണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് അതിജീവിത പറഞ്ഞു. മുഖ്യമന്ത്രിയുമായി തനിക്ക് പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് അറിയിക്കാന്‍ കഴിഞ്ഞു. കേസില്‍ തന്റെ കൂടെ തന്നെയാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വളരെ വളരെ സന്തോഷമുണ്ട്. അതൊരു ഭയങ്കര വലിയ ഉറപ്പാണ്. വളരെ പോസിറ്റീവായാണ് മുഖ്യമന്ത്രി തന്നോട് സംസാരിച്ചതെന്നും അതിജീവിത പറഞ്ഞു.
താന്‍ കോടതിയില്‍ പോയതിന് പിന്നില്‍ കോണ്‍ഗ്രസ് പിന്തുണയെന്നത് വ്യാഖ്യാനം മാത്രമാണെന്ന് അതിജീവിത പറഞ്ഞു. ഇത്തരമൊരു കേസുമായി മുന്നോട്ട് പോകുന്നത് സ്ത്രീയായാലും പുരുഷനായാലും മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാകും. എല്ലാവരുടെയും വായ എനിക്ക് അടച്ചുവെക്കാനാവില്ല. പറയുന്നവര്‍ പറയട്ടെ. പോരാടാന്‍ തയ്യാറല്ലെങ്കില്‍ താന്‍ മുന്‍പേ ഇട്ടിട്ട് പോകണമായിരുന്നു. തീര്‍ച്ചയായും സത്യാവസ്ത അറിയണമെന്നും തനിക്ക് നീതി കിട്ടണമെന്നും പറഞ്ഞു.
"
https://www.facebook.com/Malayalivartha