പിണവൂര്‍ക്കുടി ആദിവാസിക്കുടിയില്‍ ഉപയോഗശൂന്യമായ കുളത്തില്‍ വീണ 14 കാട്ടുപന്നികളെ വനപാലകരുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി

പിണവൂര്‍ക്കുടി ആദിവാസിക്കുടിയില്‍ ഉപയോഗശൂന്യമായ കുളത്തില്‍ വീണ 14 കാട്ടുപന്നികളെ വനപാലകരുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. വാളറ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ പിണവൂര്‍ക്കുടി പെരുമാള്‍ക്കുത്തിലെ പുരയിടത്തിലെ കുളത്തിലാണു ചെറുതും വലുതുമായ പന്നികള്‍ വീണത്.
പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നു ക്യാംപ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ടി.എച്ച്. അബു, വാച്ചര്‍ രാജു എന്നിവരും നാട്ടുകാരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. കുളത്തില്‍ നിന്നു പന്നികളെ വലയിട്ടു പിടിച്ചു കാട്ടില്‍ വിടുകയായിരുന്നു.
അതേസമയം കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി എംപിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ മേനക ഗാന്ധി. കാട്ടുപന്നിയില്ലാതെ ഒരു വനത്തിനും നിലനില്‍പില്ലെന്നാണ് സംസ്ഥാന വനം മന്ത്രി എ കെ ശശീന്ദ്രന് അയച്ച കത്തില്‍ മേനക ഗാന്ധി പറയുന്നത് .
തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള നീക്കം വന്യമൃഗങ്ങളുടെ കൂട്ടക്കൊലയിലേക്കു നയിക്കുകയും ചെയ്യും. വന്യമൃഗങ്ങളുടെ മുഖ്യ ഭക്ഷണമാണു കാട്ടുപന്നികള്‍. അവയെ കൊന്നൊടുക്കിയാല്‍ വന്യമൃഗങ്ങള്‍ ഭക്ഷണം തേടി നാട്ടിലിറങ്ങും. മഹാരാഷ്ട്രയിലെ ചന്ദ്രാപുരില്‍ കാട്ടുപന്നിയെ കൊല്ലാന്‍ വനംമന്ത്രി ഉത്തരവിട്ടതിന് പിന്നാലെ സംഭവിച്ചതും മേനകാ ഗാന്ധി കത്തില്‍ പറയുന്നു.
ഒരാഴ്ചയ്ക്കിടെ 200 എണ്ണത്തിനെയാണ് അവിടെ കൊന്നത്. പിന്നാലെ ഒരു മാസത്തിനകം വനത്തില്‍ നിന്ന് 60 കടുവകളാണു ഗ്രാമങ്ങളിലെത്തിയത്. അതോടെയാണ് മന്ത്രി കാട്ടുപന്നികളെ കൊല്ലാനുള്ള ഉത്തരവു റദ്ദാക്കിയത്. അത് കേരളത്തിലും സംഭവിക്കാമെന്നു മേനക കത്തില്‍ പറയുന്നു.
എന്നാല്‍ വനത്തിനുള്ളില്‍ കടന്ന് കാട്ടുപന്നികളെ വെടിവെക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. കേന്ദ്ര വന്യജീവി നിയമം അനുശാസിക്കുന്ന നടപടികള്‍ മാത്രമാണു കേരളം സ്വീകരിച്ചത് എന്ന് ചൂണ്ടിക്കാണിച്ച് മേനക ഗാന്ധിക്കു മറുപടി നല്‍കാന്‍ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി.
https://www.facebook.com/Malayalivartha