ജോലിക്കിടെ തീവണ്ടിയിൽനിന്നു വീണ് പാലക്കാട് സ്വദേശിനി വനിതാ ഗാർഡ് മരിച്ചു; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

ഗുവാഹത്തി-ബെംഗളൂരു (12510) സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ ഗാർഡ് പാലക്കാട് സ്വദേശിനി മിനിമോൾ ജോലിക്കിടെ തീവണ്ടിയിൽ നിന്ന് വീണ് മരിച്ചു. ചൊവ്വാഴ്ച ചെന്നൈ തിരുവട്ടിയൂരിൽനിന്നാണ് ഇവർ കയറിയത്. ജോലാർപ്പേട്ടയിലായിരുന്നു ജോലി അവസാനിപ്പിക്കേണ്ടത്.
തീവണ്ടി വലത്തൂർ കഴിഞ്ഞശേഷം ഗാർഡിനെ കാണാത്തതിനാൽ വലത്തൂർ സ്റ്റേഷൻമാസ്റ്റർ അടുത്ത സ്റ്റേഷനായ പച്ചകുപ്പം റെയിൽവേസ്റ്റേഷനിൽ വിവരം അറിയിച്ചു. പച്ചകുപ്പത്ത് തീവണ്ടി നിർത്തി സ്റ്റേഷൻമാസ്റ്റർ തീവണ്ടി പിന്നിട്ട സമീപസ്റ്റേഷനുകളിലേക്ക് വിളിച്ച് വിവരം അറിയിച്ചു. തുടർന്നുള്ള തിരച്ചിലിൽ ഗുഡിയാത്തം റെയിൽവേസ്റ്റേഷനടുത്ത പാളത്തിനരികിൽ ചൊവ്വാഴ്ചരാവിലെ 11.45-ഓടെയാണ് മിനിമോളെ വീണനിലയിൽ കണ്ടെത്തിയത്.
ഗുഡിയാത്തം ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മിനിമോൾ ഒരാഴ്ചയായി തുടർച്ചയായി ഡ്യൂട്ടിയിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. മൃതദേഹം ഗുഡിയാട്ടം സർക്കാർ ആശുപത്രിയിൽ. പോസ്റ്റുമോർട്ടത്തിനുശേഷം ബുധനാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം പിന്നീട്.
കൊടുന്തിരപ്പിള്ളി പനപ്പറമ്പ് അഷ്ടപദിയിലെ ശിവദാസന്റെ ഭാര്യയാണ്, മക്കൾ: മാളവിക, ദീപിക. അമ്മ: സീതാലക്ഷ്മി. അച്ഛൻ: പരേതനായ ബാലകൃഷ്ണൻ.
https://www.facebook.com/Malayalivartha
























