മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ

ആരോഗ്യവകുപ്പിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ നടത്തിയ പർച്ചേസുകളിൽ സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ. മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കാതെ ഇട്ടിരിക്കുന്നത് സംബന്ധിച്ച പരാതികളുടെയും, നേരിൽകണ്ട് മനസിലാക്കിയ സാഹചര്യത്തിലുമാണ് അന്വേഷണമെന്നും ഇതിൽ രാഷ്ട്രീയം കലർത്തരുതെന്നും മന്ത്രി പറഞ്ഞു.
ആശുപത്രികളിൽ മതിയായ ജീവനക്കാരെ നിയോഗിക്കാനും മരുന്നുകൾ വാങ്ങാനും സാമ്പത്തിക പ്രതിസന്ധി നേരിടുന്നകാലത്ത് ഇത്രയധികം ഉപകരണങ്ങൾ എന്തിന് വാങ്ങിക്കൂട്ടിയെന്നത് കണ്ടെത്തേണ്ടതുണ്ട്. കമ്മീഷൻ ലക്ഷ്യമിട്ടുള്ള പർച്ചേസുകളാണ് നടന്നതെന്നുള്ള ആക്ഷേപങ്ങളിൽ വ്യക്തവരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
തകർന്ന സിസ്റ്റത്തെ ശരിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിതെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി. മൊബൈൽ മോർച്ചറികൾ, ഓട്ടോ ക്ലേവ് മെഷ്യീൻ, ഓക്സിജൻ കോൺസൻട്രേറ്റർ മെഷ്യീൻ തുടങ്ങിയ കോടികൾ വിലയുള്ള നിരവധി ഉപകരണങ്ങൾ ഉപയോഗ്യ ശൂന്യമായി കിടക്കുന്നതായി ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. പ്ലാൻ ഫണ്ട് ഉപയോഗിച്ചുള്ള എല്ലാ പർച്ചേസുകളും അന്വേഷിക്കും. കൂടാതെ കേന്ദ്രപദ്ധതിയായ പി.എം.എസ്.എസ്.വൈ ഫണ്ട് ഉപയോഗിച്ചുള്ള പർച്ചേസുകളും കൊവിഡ് കാലത്ത് കേന്ദ്രസർക്കാർ വിതരണം ചെയ്ത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ കൂട്ടിയിട്ടിരിക്കുന്നതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ഇത് സംബന്ധിച്ച പരാതികൾ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ വിവിധയിടങ്ങളിൽ നിന്ന് ഉയർന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസം വയനാട് മെഡിക്കൽ കോളേജ് സന്ദർശനത്തിനിടെ നേരിൽ കണ്ട് ബോദ്ധ്യപ്പെട്ട യാഥാർത്ഥ്യങ്ങളാണ് ഇപ്പോൾ അന്വേഷണ തീരുമാനത്തിന് പിന്നിൽ.
വയനാട് മെഡിക്കൽ കോളേജിൽ മൊബൈൽ മോർച്ചറികൾ ഉൾപ്പെടെ കോടികൾ വിലയുള്ള ഉപകരണങ്ങൾ ഗോഡൗണിൽ തള്ളിയിരിക്കുന്നു. കാലപ്പഴക്കം ചെന്നതിനാൽ പല ഉപകരണങ്ങളും ഇനി ഉപയോഗിക്കാൻ കഴിയുമോയന്ന് സംശയമാണ്. ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പിന് ഈ ബാദ്ധ്യത വരുത്തിയവരെ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























