മൊറാഴയിലെ വൈദേകം ആയൂര്‍വേദ റിസോർട്ടുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിൽ നിന്നു തന്നെ സാമ്പത്തിക ആരോപണം ഉയർന്നു; ഇ പി യെ കൂടാതെ സി പി എമ്മിൻ്റെ സമുന്നതരായ ചില നേതാക്കൾക്കു കൂടി വൈദേകം റിസോർട്ടിൽ നിക്ഷേപമുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിൻ്റെ പുതിയ നീക്കം

മൊറാഴയിലെ വൈദേകം ആയൂര്‍വേദ റിസോർട്ടുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിൽ നിന്നു തന്നെ സാമ്പത്തിക ആരോപണമുന്നയിക്കപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ തേടുന്നു. ഇ പി യെ കൂടാതെ സി പി എമ്മിൻ്റെ സമുന്നതരായ ചില നേതാക്കൾക്കു കൂടി വൈദേകം റിസോർട്ടിൽ നിക്ഷേപമുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരിൻ്റെ പുതിയ നീക്കം. സി പി എമ്മിൻ്റെ കള്ള പണം വെളുപ്പിക്കാൻ ഇത്തരത്തിൽ ചില പദ്ധതികൾ മലബാറിൽ നടക്കുന്നുണ്ടെന്നാണ് ലഭിച്ച സൂചനകളെന്ന് മനസിലാക്കുന്നു. ഇതിനിടെ ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറാൻ സാധ്യത തെളിയുന്നു.. ഒഴിയാൻ സന്നദ്ധത അറിയിച്ചെന്നാണ് പാർട്ടി വൃത്തങ്ങളിൽ ലഭിക്കുന്ന സൂചന.ഇ പി യെ ക്രിമിനലും അഴിമതിക്കാരനുമാക്കിയ ശേഷം അദ്ദേഹത്തിനൊപ്പം പണം നിക്ഷേപിച്ചവരെ രക്ഷപ്പെടുത്തുകയാണ് നീക്കം.
സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ വിഷയം ഉന്നയിച്ചപ്പോൾ പരാതി എഴുതി നൽകാനായിരുന്നു സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ മറുപടി. നിലവിലെ സാഹചര്യത്തിൽ പി ജയരാജൻ പരാതിയുമായി മുന്നോട്ട് തന്നെ പോകും. ആ സാഹചര്യത്തിൽ വിഷയം വീണ്ടും കലങ്ങിമറിയുമെന്നും പാർട്ടി അന്വേഷണ കമ്മീഷനെ വെക്കാൻ സാധ്യതയുണ്ടെന്നുമാണ് ഇപി വിഭാഗത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറി നിൽക്കാൻ സന്നദ്ധത ഇപി ബന്ധപ്പെട്ടവരെ അറിയിച്ചതെന്നാണ് സൂചന.
സാമ്പത്തികാരോപണത്തിൽ പാര്‍ട്ടി വേദികളിൽ മറുപടി നൽകാനാണ് ഇപിയുടെ നിലപാടെന്നാണ് സൂചന. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിഷയം ചര്‍ച്ചക്ക് വരും. പാര്‍ട്ടി വേദികളിൽ തന്നെ പ്രതിരോധമുയര്‍ത്താനാണ് ഇപിയുടെ നീക്കം. തനിക്കെതിരെ വന്ന ആരോപണത്തേക്കാൾ വലിയ ആരോപണങ്ങൾ നേരിടുന്ന നേതാക്കൾ ഇപ്പോഴും പാര്‍ട്ടിക്കുള്ളിലുണ്ടെന്നത് ചൂണ്ടിക്കാട്ടി പ്രതിരോധം തീര്‍ക്കാനാണ് ഇപി ജയരാജന്റെ നീക്കം. പി ജയരാജനെതിരെ ഉയര്‍ന്ന ക്വട്ടേഷൻ സ്വര്‍ണ്ണക്കടത്ത് ആരോപണങ്ങളെ ചൂണ്ടിക്കാട്ടിയാണ് ഇപി ജയരാജൻ പുതിയ പോര്‍ മുഖം തുറക്കുന്നത്. ഇതിന്റെ ഭാഗമായി പി ജയരാജനെതിരെ ഇതിനോടകം കേന്ദ്ര സംസ്ഥാന നേതൃത്വത്തിന് ഇപി അനുകൂലികൾ പരാതി നൽകിയിട്ടുണ്ട്. ചുരുക്കത്തിൽ സി പി എം അടിച്ചു പിരിയാനാണ് സാധ്യത.
കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്നും ഇതിൽ പാർട്ടി അന്വേഷണം വേണമെന്നുമാണ് പ്രധാന ആവശ്യം. ഇതോടൊപ്പം വടകര ലോക്സഭാ സീറ്റിൽ മത്സരിക്കുമ്പോൾ ജയരാജൻ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും സിപിഎമ്മിന് പരാതി ലഭിച്ചതായാണ് വിവരം. തെരഞ്ഞെടുപ്പ് ഫണ്ടിനായി പിരിച്ച തുക മുഴുവൻ പാർട്ടിക്ക് അടച്ചില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട പരാതി. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പാർട്ടി പ്രവർത്തകരാണ് ജയരാജനെതിരെ പരാതി നൽകിയിരിക്കുന്നത്. ഇത്തരത്തിൽ പാർട്ടി നേതാക്കൾ പരസ്പരം ആരോപണം ഉയർത്തുമ്പോൾ പാർട്ടിയിലെ പല രഹസ്യങ്ങളും പുറത്തു വരുമെന്ന് കേന്ദ്ര സർക്കാർ വിശ്വസിക്കുന്നു.
അതിനിടെ എൽഡിഎഫ് കൺവീനരും സിപിഎം കേന്ദ്രകമ്മറ്റിയംഗവുമായ ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ സിപിഎം കേന്ദ്ര നേതൃത്വം വിവരം തേടി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രനേതൃത്വം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോട് വിവരം തേടിയത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ സംസ്ഥാന ഘടകം ഉന്നയിച്ചാൽ വിഷയം ചർച്ച ചെയ്യും. ത്രിപുര തെരഞ്ഞെടുപ്പ് ഒരുക്കമാണ് പിബിയുടെ പ്രധാന അജണ്ട. അതിനാൽ വിശദമായ ചർച്ച തല്ക്കാലം ഉണ്ടാവില്ല. കേന്ദ്രകമ്മിറ്റി അംഗമായതിനാൽ ഇപി ജയരാജനെതിരെ അന്വേഷണത്തിന് പൊളിറ്റ് ബ്യൂറോയുടെ അനുമതി വേണമെന്നും നേതാക്കൾ സൂചിപ്പിച്ചു.
സംസ്ഥാന ഘടകം ഉന്നയിച്ചാൽ പിബിയിൽ വിഷയം ചർച്ചയായേക്കും. ഇപി ജയരാജനെതിരായ പരാതിയിൽ പാർട്ടി അന്വേഷണത്തിനും സാധ്യതയുണ്ട്. ആരോപണമുന്നയിച്ച പി ജയരാജൻ രേഖാമൂലം പരാതി നൽകിയാൽ അന്വേഷണ കമ്മീഷനെ നിയോഗിക്കും. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്‍റെ മറവില്‍ കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍ അനധികൃതസ്വത്ത് സമ്പാദനം നടത്തിയെന്നാണ് സിപിഎം സംസ്ഥാന സമിതിയില്‍ പി ജയരാജൻ ആരോപണം ഉന്നയിച്ചത്. വിവാദമായ കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്‍റെ മറവില്‍ ഇപി കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നും പാര്‍ട്ടി നേതാവെന്ന പദവി വച്ചാണ് എല്ലാം ചെയ്തതെന്നും പി ജയരാജന്‍ തുറന്നടിച്ചു. ആധികാരിക രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് തന്‍റെ ആരോപണമെന്നും പാര്‍ട്ടി അന്വേഷിച്ച് നടപടിയെടുക്കണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു. ആധികാരിക വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ആരോപണം പാര്‍ട്ടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട പി ജയരാജനോട് പരാതി രേഖാമൂലം എഴുതിത്തന്നാല്‍ അന്വേഷിക്കാമെന്നായിരുന്നു എംവി ഗോവിന്ദന്‍ മറുപടി നൽകിയത്.
മുതിര്‍ന്ന കേന്ദ്രകമ്മിറ്റിയംഗമായ തന്നെ തഴഞ്ഞ് എംവി ഗോവിന്ദനെ പാര്‍ട്ടി സെക്രട്ടറിയാക്കിയത് മുതല്‍ പാര്‍ട്ടി നേതൃത്വവുമായി ഇപി ഉടക്കി നില്‍ക്കുകയാണ്. കണ്‍വീനറായിട്ട് കൂടി എല്‍ഡിഎഫിന്‍റെ രാജ്ഭവന്‍മാര്‍ച്ചില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നു. ആരോഗ്യപ്രശ്നങ്ങളാള്‍ ലീവെടുത്തിരിക്കുകയാണെന്ന് പറഞ്ഞിരുന്നെങ്കിലും തൃശൂരില്‍ നടന്ന കിസാന്‍സഭാ അഖിലേന്ത്യാസമ്മേളനത്തില്‍ ഇപി ജയരാജന്‍ മുഴുവന്‍ സമയവും പങ്കെടുത്തിരുന്നു. വിഎസ്- പിണറായി വിഭാഗീയ കാലത്തും ഒന്നാം പിണറായി സര്‍ക്കാരിന‍്‍റെ കാലത്തും ഏറ്റവും പ്രമുഖനായിരുന്ന കണ്ണൂരിലെ ശക്തനായ നേതാവായ ഇപി ജയരാജന്‍ പാര്‍ട്ടിയില്‍ ഏതാണ്ട് ഒറ്റപ്പെട്ട് നില്‍ക്കുന്ന സമയത്താണ് അതിഗുരുതര സ്വഭാവമുള്ള ആരോപണം സംസ്ഥാനസമിതിയില്‍ അദ്ദേഹത്തിനെതിരെ ഉണ്ടായിരിക്കുന്നത്.
ഇപി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന പരാതിയുമായി രംഗത്ത് എത്തിയതിന് പിന്നാലെ പാർട്ടിയിലെ തെറ്റായ പ്രവണതകൾക്കെതിരെ പൊതുവവേദിയിലും മുന്നറിയിപ്പുമായി പി.ജയരാജൻ രംഗത്തെത്തി. കാഞ്ഞങ്ങാട് നടന്ന പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആണ് വ്യക്തിതാത്പര്യങ്ങൾക്ക് വേണ്ടി പാർട്ടി താത്പര്യം ബലി കഴിപ്പിക്കുന്ന പ്രവണതയെ തിരുത്തുമെന്ന് പി.ജയരാജൻ പറഞ്ഞത്. വ്യതിചലനം തിരുത്താത്തവർ പാർട്ടിയിൽ ഉണ്ടാകില്ലെന്ന പി.ജയരാജൻ്റെ മുന്നറിയിപ്പ് ഇപിയെ ലക്ഷ്യമിട്ടാണെന്ന വ്യാഖ്യാനം ശക്തമാണ്.
സമൂഹത്തിലെ ജീർണ്ണത പ്രവർത്തകനെ ബാധിച്ചാൽ പാർട്ടി ഇടപെടും. വ്യക്തി താല്പര്യം പാർട്ടി താല്പര്യത്തിന് കീഴ്പ്പെടണം. ഇക്കാര്യം ഒരോ പാർട്ടിം അംഗവും ഒപ്പിട്ടു നൽകുന്ന പ്രതിജ്ഞയുടെ കൂടി ഭാഗമാണ്. പാർട്ടി ഉയർത്തി പിടിക്കുന്ന മതനിരപേക്ഷതയ്ക്ക് എതിരായ ആശയങ്ങൾ പ്രവർത്തകരിൽ നിന്നും ഉണ്ടായാൽ പാർട്ടി അക്കാര്യം ചർച്ച ചെയ്യുകയും ചെയ്യും. പാർട്ടി നയങ്ങളിൽ നിന്നുള്ള വ്യതിചലനം ചൂണ്ടിക്കാണിച്ചിട്ടും തിരുത്താൻ തയാറാകാത്തവർക്ക് സിപിഎമ്മിൽ സ്ഥാനം ഉണ്ടാവില്ല. പാർട്ടിക്ക് കീഴടങ്ങുന്ന നിലപാടാണ് ഓരോ നേതാവും അംഗവും സ്വീകരിക്കേണ്ടത്. പാർട്ടി ഉയർത്തിപ്പിടിക്കുന്നത് മതനിരപേക്ഷതയാണ്. ഇതിന് എതിരായ ആശയങ്ങൾ പ്രവർത്തകരിൽ ഉണ്ടായാൽ പാർട്ടി ചൂണ്ടിക്കാട്ടും, ചൂണ്ടിക്കാണിച്ചിട്ടും തിരുത്താൻ തയാറാകാത്തവർക്ക് സിപിഎമ്മിൽ സ്ഥാനം ഉണ്ടാവില്ല.
പിബി അനുമതിയോടെ ഇപിക്കെതിരെ പാർട്ടി കമ്മീഷൻ അന്വേഷണം വരാനാണ് സാധ്യത. പാർട്ടി യോഗത്തിൽ മുതിർന്ന നേതാവിനെതിരെ മറ്റൊരു മുതിർന്ന നേതാവ് വലിയ പരാതി ഉന്നയിക്കുകയും പുറത്ത് മാധ്യമങ്ങളോട് അത് നിഷേധിക്കാതിരിക്കുകയും ചെയ്ത സ്ഥിതിയെ കാര്യമായി തന്നെ പാർട്ടി നേതാക്കൾ കാണുന്നു. തെറ്റ് തിരുത്തലിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പൂർണ്ണ പിന്തുണയോടെയാണ് പി ജയരാജൻറെ പരാതി എന്നാണ് സൂചനകൾ. എംവി ഗോവിന്ദനെ കേന്ദ്രീകരിച്ച് പാർട്ടിയിൽ പുതിയ സമവാക്യങ്ങൾ ഉണ്ടായി ഇപിയെ ലക്ഷ്യമിടുമ്പോൾ കത്തുന്ന വിവാദത്തിൽ ഇനി മുഖ്യമന്ത്രിയുടെ നിലപാടിലും ഉള്ളത് വലിയ ആകാംക്ഷ
മൊറാഴയിലെ ആയുർവേദ റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന ഇപി ജയരാജന്റെ വാദം പൊളിയുന്നു. തലശേരി സ്വദേശി കെപി രമേഷ് കുമാറാണ് റിസോർട് ഉടമയെന്നായിരുന്നു ഇപി പറഞ്ഞത്. എന്നാൽ ഇപി ജയരാജന്റെ മകൻ ജെയ്സൺ റിസോർട്ടിന്റെ സ്ഥാപക ഡയറക്ടറാണ്. കമ്പനി രജിസ്ട്രേഷൻ രേഖകൾ പുറത്തു വന്നു. മെമ്മോറാണ്ടം ഓഫ് അസോസിയേഷന്റെ വിശദാംശങ്ങളാണ് പുറത്തുവന്നത് . ഇപിയുടെ മകൻ പികെ ജെയ്സണും വ്യവസായി കെപി രമേശ് കുമാറും ചേർന്നുള്ള സംരംഭമാണ് ഇതെന്ന് വ്യക്തമാക്കുന്നതാണ് രേഖകൾ. 2014 ൽ രജിസ്റ്റർ ചെയ്യുമ്പോൾ ഈ രണ്ടുപേർ മാത്രമാണ് കമ്പനിയുടെ ഡയറക്ടർമാരായിരുന്നത്. വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് നിർണായകമാവും.
ഇപി ജയരാജനെതിരായ പി ജയരാജന്‍റെ സ്വത്ത് സമ്പാദന ആരോപണം പാര്‍ട്ടിയിലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളുടെ തുടക്കമായി കൂടി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. അഴിമതി വിരുദ്ധ നിലപാടുകാരനായ എംവി ഗോവിന്ദനെ കേന്ദ്രബിന്ദുവാക്കി പാര്‍ട്ടിയില്‍ ശുദ്ധീകരണ പ്രക്രിയ തുടങ്ങുകയാണെന്നാണ് പൊതു വിലയിരുത്തല്‍. ഉള്‍പാര്‍ട്ടി സമരത്തിന്‍റെ ഭാഗമാണ് ഇപ്പോഴത്തെ ചര്‍ച്ചകളെന്ന പി ജയരാജന്‍റെ പരസ്യപ്രസ്താവന പലതിന്‍റെയും തുടക്കമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.
കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറി പദം ആഗ്രഹിച്ച ഇപി, അത് കിട്ടാതായതോടെ നേതൃത്വവുമായി പിണങ്ങിയിരുന്നു. എംവി ഗോവിന്ദന്‍ തന്നേക്കാള്‍ ജൂനിയറാണെന്നും അങ്ങനെയൊരാൾ നയിക്കുന്ന കമ്മിറ്റിയിലേക്ക് താനില്ലെന്നും ഇപി ചിലരോട് പറഞ്ഞിരുന്നു. ഇത് പിണറായി വിജയനടക്കം നേതാക്കളെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെയാണ് നേരത്തെ തന്നെ പല നേതാക്കള്‍ക്കും അറിയാമായിരുന്ന റിസോർട്ട് വിഷയം തെറ്റ്തിരുത്തല്‍രേഖാ ചര്‍ച്ചയുടെ ഭാഗമായി ഉയര്‍ന്ന് വന്നത്.
അഴിമതി വിരുദ്ധ നിലപാടുകാരനായ എംവി ഗോവിന്ദന്‍ നേതൃത്വത്തിലേക്ക് വന്നതോടെ ഇത്തരം പരാതികള്‍ ഗൗരവമായി എടുക്കുമെന്ന വിശ്വാസം കൂടി ആരോപണത്തിന് പിന്നിലുണ്ട്. ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട ശേഷം തന്നെ പാര്‍ട്ടിയില്‍. 'ഒറ്റപ്പെടുത്തിയവര്‍ക്കെതിരെ കലാപം കൂടി പി ജയരാജന്‍റെ മനസിലുണ്ട്. കണ്ണൂരിലെ അണികളുടെ പൂര്‍ണ പിന്തുണയുള്ള പി ജയരാജന്‍ പുതിയ നീക്കത്തിലൂടെ സംസ്ഥാന നേതൃത്വത്തിലേക്ക് കൂടൂതല്‍ അടുക്കുകയാണ്. എംവി ഗോവിന്ദന്‍റെ പിന്തുണ കിട്ടുന്നതിലൂടെ ഈ ചേരിയിലേക്ക് മറ്റ് പ്രമുഖര്‍ കൂടിയെത്താൻ സാധ്യതയുണ്ട്. ഉള്‍പാര്‍ട്ടി സമരം തുടരുമെന്ന പിജെയുടെ തുറന്ന് പറച്ചില്‍ പാര്‍ട്ടിയിലെ അഴിമതി വിരുദ്ധര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
സിപിഎം നേതാവ് ഇപി ജയരാജനുമായി ബന്ധപ്പെട്ട മൊറാഴയിലെ വൈദേഹം ആയുർവേദ റിസോട്ടിനെതിരെ പ്രദേശത്ത് പ്രതിഷേധമില്ലെന്ന് തഹസിൽദാർ തെറ്റായ റിപ്പോർട്ട് കളക്ടർക്ക് നൽകുകയായിരുന്നുവെന്ന് റിസോർട്ടിനെതിരെ കളക്ടർക്ക് പരാതി നൽകിയ സിപിഎം മുൻ അംഗവും ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റ് സെക്രട്ടറിയുമായ സജിൻ പറഞ്ഞത് കൂടുതൽ പ്രതിസന്ധിയി ലാ യി.
റിസോർട്ട് നിർമ്മാണത്തിനായി പ്രദേശത്ത് നിയമലംഘനങ്ങൾ നടക്കുന്നുവെന്ന് മനസിലായതോടെയാണ് പ്രശ്നത്തിൽ പരിഷത്ത് ആദ്യമായി ഇടപെട്ടതെന്ന് സജിൻ വിശദീകരിച്ചു. പരിഷത്ത് റിസോർട്ടിനെതിരെ സമരം ചെയ്തെങ്കിലും മൊറാഴയിലെ ആയുർവേദ റിസോട്ടിന് സഹായകരമായ നിലപാടാണ് തഹസിൽദാർ സ്വീകരിച്ചത്. റിസോർട്ടിനെതിരെ പ്രദേശത്ത് പ്രതിഷേധമില്ലെന്ന് തഹസിൽദാർ കളക്ടർക്ക് തെറ്റായ റിപ്പോർട്ട് നൽകി.
പുഴയോട് ചേർന്നുള്ള കുന്നുകളാണ് ഉടുപ്പ പ്രദേശത്തുള്ളത്. ഉടുപ്പ കുന്ന് ഇടിച്ചാൽ പ്രദേശത്ത് വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാകും. മണ്ണെടുത്ത് തുടങ്ങിയതോടെ ഇക്കാര്യം പ്രദേശവാസികളാണ് ആദ്യമായി പരിഷത്തിനെ അറിയിക്കുന്നത്. അന്ന് പരിഷത്ത് വിഷയത്തിൽ ഇടപെടുമ്പോൾ ഇപി ജയരാജൻ മുൻ കൈ എടുത്തുള്ള റിസോർട്ട് ആണെന്ന് അറിയില്ലായിരുന്നു. പിന്നീട് ചില ഇടപെടൽ മറുഭാഗത്ത് നിന്നും അത്തരത്തിൽ ഉണ്ടായി. കളക്ടർക്ക് പരാതി നൽകിയതോടെ തഹസിൽദാറോട് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു.
മുതിര്‍ന്ന നേതാവും എൽഡിഎഫ് കൺവീനറുമായ ഇപി ജയരാജനെതിരെ അന്വേഷണം വേണോയെന്ന് സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്ന‌് സിപിഎം കേന്ദ്ര നേതാക്കൾ പറഞ്ഞു. ഇപി ജയരാജൻ കേന്ദ്ര കമ്മിറ്റി അംഗമാണെങ്കിലും അന്വേഷണത്തിന് പിബി ഇപ്പോൾ അനുമതി നല്കേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിൽ വിശദീകരണം ആവശ്യപ്പെട്ട കേന്ദ്ര നേതാക്കളെ സംസ്ഥാന കമ്മിറ്റിയിൽ ഇപി ജയരാജനെതിരെ ആരോപണം ഉയർന്നുവെന്ന് സംസ്ഥാന ഘടകം അറിയിച്ചു. ആക്ഷേപം എഴുതി കിട്ടുമ്പോൾ അന്വേഷിക്കാനും ധാരണയായി. നടപടി വേണമെങ്കിൽ മാത്രം കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യും.
സി പി എം നേതാക്കൾക്ക് കള്ള കച്ചവടങ്ങളിൽ വൻ നിക്ഷേപമുണ്ടെന്ന വാർത്തകൾ സജീവമാണ്. സ്വർണ കടത്ത് ആരോപണം ഉയർന്നപ്പോഴും ഇത്തരം പ്രചരണങ്ങൾ സജീവമായിരുന്നു. സി പി എമ്മിനുള്ളിൽ നിന്നു തന്നെ കലഹമുണ്ടാകുന്നത് പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര നേതൃത്വം. ആരോപണ പ്രത്യാരോപണങ്ങളിൽ പെട്ട് സി പി എം സ്വയം നശിക്കട്ടെ എന്ന ചിന്തയിലാണ് സി പി എം നേതാക്കൾ.
https://www.facebook.com/Malayalivartha
























