അവശ്യസാധനങ്ങളുടെ വിലക്കയറ്റം; പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില ഉയരുന്നത് സംബന്ധിച്ച് സമര്‍പ്പിച്ച അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
സംസ്ഥാനത്ത് നാല് വര്‍ഷം കൊണ്ട് അരി വില 12.50 രൂപയില്‍ നിന്ന് 45 രൂപയായെന്നും വിലക്കയറ്റം നിയന്ത്രിക്കേണ്ട കണ്‍സ്യൂമര്‍ ഫെഡ് സിബിഐ കസ്റ്റഡിയിലാണെന്നും അടിയന്തിര പ്രമേയത്തിന് അനുമതി തേടി കൊണ്ട് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. പ്രശ്‌നം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപെട്ടു. സി ദിവകാരന്‍ എംഎല്‍എയാണ് അടിന്തിര പ്രമേയത്തിന് അനുമതി തേടിയത്.
എന്നാല്‍ പയറു ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ് വില വര്‍ധിച്ചതെന്നും അരി വില കൂടിയിട്ടില്ലെന്നും മറുപടി പറഞ്ഞ ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിയമസഭയെ അറിയിച്ചു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.
യുഡിഎഫ് മന്ത്രിമാര്‍ക്ക് അഴിമതി കാട്ടുന്നതില്‍ മാത്രമാണ് ശ്രദ്ധയെന്നും അഴിമതിയില്‍ ഡോക്ടറേറ്റ് എടുത്തയാള് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. സംസ്ഥാനത്ത് വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടിയിരിക്കുകയാണ്. പാഴ് വസ്തുക്കളില്‍ നിന്ന് ആദിവാസി ബാലന്‍മാര്‍ ഭക്ഷണം തേടുന്നത് പോലും പുറത്ത് വന്നു.
എന്നാല്‍ ഇതൊന്നും തങ്ങള്‍ അറിഞ്ഞിട്ടില്ല എന്നാണ് ഇവിടുത്തെ വകുപ്പ് മന്ത്രിമാരുടെ ഭാഷ്യമെന്നും വിഎസ് പറഞ്ഞു. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനാല്‍ ഇറങ്ങിപോകുകയാണെന്നും വിഎസ് അറിയിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha