എളമരത്തെക്കൊണ്ട് സുധാകരനെ നിഗ്രഹിച്ചു;കാലമേ ഞാനാണ് സാക്ഷി ആ കാവ്യം അന്വര്‍ത്ഥമാകുന്നു,കരീമും കരുവന്നൂരും ചേര്‍ത്ത് സുധാകരന്‍ പിടിച്ചു,എംവി ഗോവിന്ദന്‍ നെട്ടോട്ടത്തില്‍,ഇത് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ സര്‍ക്കാരോയെന്ന ചോദ്യം ജി സുധാകരന്‍ ഉയര്‍ത്തുന്നു

കരുവന്നൂരില്‍ കട്ടവന്മാരെയൊക്കെ തനിക്കറിയാം സമയമാകുമ്പോള്‍ എല്ലാ തുറന്ന് പറയുമെന്ന ജി സുധാകരന്റെ പ്രസ്താവന സിപിഎമ്മിന് മുഖത്തേറ്റ അടിയാണ്. പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ഗോവിന്ദന്‍ ഓടി നടന്ന് പറയുമ്പോഴാണ് സുധാകരന്‍ വലിയ ബോംബ് പൊട്ടിച്ചത്. മൗനത്തിലിരുന്ന സുധാകരന്‍ വാ തുറന്നപ്പോള്‍ അത് സിപിഎമ്മിനെ പൊള്ളിച്ചു. എളമരം കരീമിനേയും കരുവന്നൂരിനേയും ചേര്‍ത്തൊരു പിടി പിടിച്ചതാണ് സുധാകരന്‍. പിടുത്തം നല്ല സ്‌ട്രോങ് ആണ് പക്ഷെ ചില് പറയാ കഥകള്‍ കൂടി അതിന് പിന്നിലുണ്ട്. സുധാകരനോട് ചില ചോദ്യങ്ങളെറിഞ്ഞ് ശക്തിധരന്‍ രംഗത്ത്.
കാലമേ 'ഞാനാണ് സാക്ഷി
എന്ന കാവ്യം'
ജി സുധാകരന്‍ രചിച്ചത്
ഇവിടെ അന്വര്‍ത്ഥമാകുന്നു.
കരുവന്നൂരിലെ സഹകരണബാങ്ക് കൊള്ളയെ മറയാക്കി മുന്‍ സഹകരണമന്ത്രി ജി സുധാകരന്‍ ഇന്നലെ നടത്തിയ ആക്രമണം ഒരു വെടിക്ക് രണ്ടുപക്ഷി എന്ന കുടില തന്ത്രത്തിന്റെ പുന:രാവിഷ്‌ക്കാരം ആണെന്നതില്‍ സംശയമില്ല. കരുവന്നൂരിനെയാണ് മറയാക്കിയതെങ്കിലും അമ്പ് മുഴുവന്‍ കൊണ്ടത് ജി സുധാകരനെ മൂലക്കൊതുക്കിയ ജില്ലാ നേതൃത്വത്തെയും അതിന്റെ സൂത്രധാരനായ എളമരം കരിമിനെയും ലക്ഷ്യം വെച്ചാണ്. കരുവന്നൂരിലെ സഹകരണബാങ്ക് കൊള്ളയെ പേരിനൊന്ന് തൊട്ടുപോകുന്നുവെന്നുമാത്രം. കരുവന്നൂരില്‍ ശതകോടികള്‍ കൊള്ളയടിച്ച നടപടിയ്‌ക്കെതിരെ ചന്ദ്രഹാസം ഇളക്കുന്ന ജി സുധാകരന്‍ ചുളുവില്‍ നല്ല പബ്ലിസിറ്റി നേടിയെങ്കിലും അതിനപ്പുറം ഗുണപരമായ എന്തെങ്കിലും ഫലം അതില്‍ നിന്ന് ഉണ്ടായോ? അധികാരം കയ്യാളിയിരുന്ന സന്ദര്‍ഭത്തിലൊന്നും കളങ്കത്തിന്റെ നിഴലിന്റെ നിഴല്‍പോലും തീണ്ടാത്ത ഈ മുന്‍ മന്ത്രി എത്ര ലാഘവത്തോടെയാണ് ഇവിടെ വഴിപാട് നിര്‍വഹിച്ചത്?. ജി സുധാകരന്‍ എന്ന സിംഹം ഏത് തൊഴുത്തിലും കയറ്റികെട്ടാവുന്ന സ്ഥിതിയിലെത്തിയെങ്കില്‍ അത് പരമദയനീയം തന്നെ.
കഴിഞ്ഞ ഏഴുവര്‍ഷത്തെ ഭരണത്തില്‍ കരുവന്നൂരിലെ സഹകരണബാങ്ക് കൊള്ള മാത്രമേ നടന്നിട്ടുള്ളുവോ? ഈ കുംഭകോണത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം പേരിനെങ്കിലുമുണ്ട് . എന്നാല്‍ മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട പൊതുമുതല്‍ കൊള്ളകളില്‍ അതുപോലും ഇല്ല. അവിടെ ജി സുധാകരന് മിണ്ടാട്ടമില്ലേ? മുഖ്യമന്ത്രിയുടെ മകളുടെ ഖജനാവ് കൊള്ളകളെക്കുറിച്ചു മിണ്ടിയാല്‍ സുധാകരന്റെ മൂക്ക് ചെത്തിക്കളയുമോ? അതോ അതിലൊന്നും അഴിമതിയില്ലേ? ഇ ഡി നടത്തുന്ന അന്വേഷണത്തിന് പല്ലും നഖവുമില്ലെന്ന് ആക്ഷേപിക്കുന്ന സുധാകരന്‍ ചോദ്യം ചെയ്യാന്‍ വിളിച്ചവര്‍ എത്താത്തതിലും മറ്റും ക്രുദ്ധനായി സംസാരിക്കുന്നത് കാണുമ്പോള്‍ ഇത് ഒന്നാം തരം തിരക്കഥയെന്ന് പറഞ്ഞുപോകും. ജി സുധാകരന്‍ പറയുന്നു, എം കെ കണ്ണനെ ഇ ഡി കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമത്രേ? അതിനിനി അയാളെ ഒന്നാം ക്ലാസ്സില്‍ കൊണ്ട് ചേര്‍ക്കണമോ സുധാകരാ? ഏതു കൊലക്കമ്പനായാലും തെറ്റ് ചെയ്താല്‍ നടപടി എടുക്കണമെന്ന വീമ്പ് എന്തേ മുഖ്യമന്ത്രിയോട് പറയാന്‍ സുധാകരന് നാവ് പൊന്തുന്നില്ല?എന്നിരുന്നാലും അണ്ണാന്‍കുഞ്ഞു തന്നാലായത് എന്ന നിലയില്‍ സുധാകരന്‍ നടത്തിയ പ്രതികരണത്തെ ആര്‍ക്കും കണ്ടില്ലെന്ന് നടിക്കാനാകില്ല. 'പരാതി മുളയിലേ നുള്ളിയില്ല അതിന്മേല്‍ നടപടി എടുത്തില്ല ' എന്നെല്ലാമുള്ള സുധാകരന്റെ കുറ്റപത്രത്തിലെ ഭാഷ്യം സദുദ്ദേശപരമാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
സിപിഎം നേതൃത്വത്തെ ചൂഴ്ന്നു നില്‍ക്കുന്ന എല്ലാ അപരാധങ്ങള്‍ക്കും സുധാകരന്‍ ഇപ്പോള്‍ മറുപടി നല്‍കണമെന്ന് പറയുന്നത് ഔചിത്യമുള്ള കാര്യമല്ല. എങ്കിലും അഴിമതിയുടെ കാര്യത്തിലെങ്കിലും സിപിഎം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കാര്യത്തില്‍ സുധാകരന്റെ ഇതഃപര്യന്ത്യമുള്ള ട്രാക്ക് റിക്കാര്‍ഡ് എന്തായിരുന്നു? ലാവ്‌ലിന്‍ കേസ് മുപ്പത്തിനാലാം വട്ടം സുപ്രീം കോടതി മാറ്റിവെച്ച് കേരളത്തിന് കറുത്തപാട് സൃഷ്ടിക്കുമ്പോള്‍ നിയമത്തെ അതിന്റെ വഴിക്ക് വിടണമെന്ന് മുഖ്യമന്ത്രിയെ എന്തുകൊണ്ട് സുധാകരന്‍ ഉപദേശിക്കുന്നില്ല? സിപിഎമ്മിലെ മുന്‍ മുഖ്യമന്ത്രിയും ഒട്ടേറെ പിബി അംഗങ്ങളും ഇതില്‍ കൊടിയ അഴിമതിയുണ്ടെന്ന് വര്‍ഷങ്ങള്‍ മുമ്പേ പച്ചയ്ക്ക് പറഞ്ഞതല്ലേ?എന്തുകൊണ്ടാണ് സുധാകരന്റ നീതിബോധം അവിടെ മുട്ടിട്ടു ഇഴഞ്ഞത്? കേരളം കണ്ടിട്ടുള്ള അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ 51 വെട്ട് വെട്ടി നിഷ്‌ക്കളങ്കനായ ഒരു സഖാവിനെ കൊന്നിട്ടപ്പോള്‍ അവിടെ നീതിക്കായി സുധാകരന്‍ ശബ്ദമുയര്‍ത്തിയോ? ഇപ്പോള്‍ മേനിനടിച്ചാല്‍ പോരാ സുധാകരാ ?കേരളത്തിലെ കമ്മ്യുണിസ്റ്റുകാര്‍ ചെയ്തുകൂട്ടിയ പാതകങ്ങളില്‍ അഗ്രഗണ്യമായ സംഭവമല്ലേ ഇത്.പാര്‍ട്ടി ഇന്നുവരെ ഒരു ക്ഷമാപണം പോലും നടത്തിയിട്ടില്ലല്ലോ. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ സമാനമായ എത്രയോ സംഭവങ്ങളില്‍ പൊതുമാപ്പ് പറഞ്ഞു. എന്നാല്‍ ഇതെല്ലം വച്ച് അനുഭവിച്ചോ എന്ന നിസ്സംഗ നിലപാടായിരുന്നില്ലേ സുധാകരന്.
https://www.facebook.com/Malayalivartha
























