ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയ ആര്യനാട് അരുണ്‍ കൊലക്കേസ് ... പ്രതികളായ ഭാര്യയേയും ഭാര്യാ കാമുകനെയും ഹാജരാക്കാന്‍ കോടതി ഉത്തരവ്

ഭര്‍ത്താവ് കുത്തേറ്റു മരിച്ച കേസില്‍ ഭാര്യയേയും ഭാര്യാ കാമുകനെയും ഹാജരാക്കാന്‍ തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു.
ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയ ആര്യനാട് അരുണ്‍ കൊലക്കേസിലാണ് കോടതി ഉത്തരവ്. പ്രതികളായ കൊല്ലപ്പെട്ട അരുണിന്റെ സുഹൃത്ത് ആനാട് ചന്ദ്രമംഗലം എസ്.എസ്.നിവാസില്‍ ലോറി ഡ്രൈവര്‍ ശ്രീജു എന്ന ഉണ്ണിക്കുട്ടനെ (36) യും അരുണിന്റെ ഭാര്യ അഞ്ജുരാജിനെ (27) യും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. നെടുമങ്ങാട് ആനാട് പണ്ടാരക്കോണം ചെറുത്തലയ്ക്കല്‍ വീട്ടില്‍ അരുണ്‍ (36) ആണ് കൊല്ലപ്പെട്ടത്. പ്രതികളെ ഹാജരാക്കാന്‍ കേസ് ചാര്‍ജ് ചെയ്ത നെടുമങ്ങാട് ഡിവൈഎസ്പി യോടാണ് വിചാരണ കോടതി ഉത്തരവിട്ടത്.
2021 മാര്‍ച്ച് 25 നാണ് നാടിനെ നടുക്കിയ ദാരുണ കൊലപാതകം നടന്നത്. കുടുംബകലഹത്തെ തുടര്‍ന്നു ദമ്പതികള്‍ അകന്നു കഴിയുകയായിരുന്നു. അഞ്ജു താമസിച്ചിരുന്ന ആര്യനാട്: ഉഴമലയ്ക്കല്‍ കുളപ്പടയിലെ ബന്ധുവീട്ടില്‍ ചൊവ്വാഴ്ച രാത്രിയാണു സംഭവം നടന്നത്. ശ്രീജു ഇവിടെയുണ്ടെന്നറിഞ്ഞ് അരുണ്‍ എത്തിയതാണെന്നും തുടര്‍ന്നുണ്ടായ വഴക്കിനിടെയാണു കുത്തേറ്റതെന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. താനാണു ഭര്‍ത്താവിനെ കുത്തിയതെന്നാണ് അഞ്ജു ആദ്യം പൊലീസിനു മൊഴി നല്‍കിയത്. താനാണു കുത്തിയതെന്നു ശ്രീജുവും പറഞ്ഞു. പിന്നീടു വിശദമായി ചോദ്യം ചെയ്തപ്പോള്‍ അഞ്ജു നിലപാടു മാറ്റി.
അഞ്ജുവും അരുണും 10 വര്‍ഷം മുന്‍പു പ്രണയ വിവാഹിതരായവരാണ്. ശ്രീജുവുമായി അഞ്ജു അടുപ്പത്തിലായതോടെ ഉഴമലയ്ക്കല്‍ കുളപ്പടയിലെ ബന്ധുഗൃഹത്തിലേക്ക് ഒരു വര്‍ഷം മുന്‍പ് അരുണ്‍ ഭാര്യയുമൊത്തു താമസം മാറ്റിയിരുന്നു. പിന്നീടും കുടുംബ കലഹമുണ്ടായിരുന്നെന്നും അരുണിനെ വീട്ടില്‍ വരുന്നതില്‍ നിന്ന് അഞ്ജു വിലക്കിയിരുന്നെന്നും പൊലീസ് പറഞ്ഞു. ഒരു മാസമായി അരുണ്‍ നെടുമങ്ങാട് ലോഡ്ജില്‍ തങ്ങുകയായിരുന്നു.
സംഭവ ദിവസം രാത്രി പത്തരയോടെ വീട്ടിലെത്തിയ അരുണും ശ്രീജുവുമായുണ്ടായ വാക്കേറ്റം കയ്യാങ്കളിയില്‍ എത്തി. ശ്രീജു അരുണിനെ ചവിട്ടി വീഴ്ത്തി കുത്തുകയായിരുന്നെന്നും പൊലീസ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. ശിഖയാണ് അരുണിന്റെ മകള്‍. ലോറി ഡ്രൈവറായ ശ്രീജുവും വിവാഹിതനും മകളുണ്ട്.
പോലീസ് കുറ്റപത്രത്തില്‍ പറയുന്നത് :
ഭാര്യയുടെയും കാമുകന്റെയും അവിഹിതബന്ധത്തെ ചൊല്ലിയുണ്ടായ വഴക്ക് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. അരുണിനെ കൊല്ലാന്‍ ശ്രീജു കത്തിയെടുത്തെങ്കിലും അത് താഴെവീഴുകയായിരുന്നു. താഴെ വീണ കത്തി അഞ്ജുവാണ് ശ്രീജുവിന് എടുത്തു നല്‍കിയത്. തുടര്‍ന്നാണ് അരുണിന്റെ നെഞ്ചില്‍ ശ്രീജു കുത്തിയത്.
ഗുരുതരമായി പരിക്കേറ്റ അരുണിനെ പ്രദേശവാസികള്‍ ആര്യനാട് ഗവ.ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 13 വര്‍ഷം മുമ്പ് അരുണിന്റെ വിവാഹത്തിന് മുന്‍കൈ എടുത്തതും ശ്രീജുവായിരുന്നു. 18 വയസ് പൂര്‍ത്തിയായ ദിവസം സ്വന്തം ഇഷ്ടപ്രകാരം അരുണുമൊത്ത് ഇറങ്ങിപ്പോവുകയായിരുന്നു അഞ്ജു. പ്രണയവിവാഹത്തിന് പിന്നാലെ അഞ്ജുവിന് ബന്ധുക്കളുമായി അകലേണ്ടി വന്നു.
അരുണിന്റെ നെഞ്ചില്‍ ഉണ്ടായ മുറിവാണ് മരണകാരണമെന്ന് ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തി. സംഘര്‍ഷത്തിനിടെ ശ്രീജുവിന്റെ വലതുകൈയ്ക്കും പരിക്കേറ്റു. അരുണിന്റെ സുഹൃത്ത് ലോറി ഡ്രൈവറായ ശ്രീജുവുമായി അഞ്ജു നാലു വര്‍ഷമായി അടുപ്പത്തിലായിരുന്നു.
"
https://www.facebook.com/Malayalivartha
























