കൗതുകം അതിരുവിട്ടപ്പോൾ സംഭവിച്ചത്! വനിതാ ഗാർഡിന്റെ തൊട്ടടുത്ത് കല്ല് പതിച്ചു, മൂന്ന് കൗമാരക്കാർ പിടിയിൽ; മൊഴി കേട്ട് അമ്പരന്ന് ആർപിഎഫ്!

ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ഷാലിമാർ–നാഗർകോവിൽ ഗുരുദേവ് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ചിങ്ങവനത്തിനും ചങ്ങനാശേരിക്കും ഇടയിൽ കുറിച്ചിയിൽ വച്ചായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ജനറൽ കോച്ചിന്റെ ഗ്ലാസ് കല്ലേറിൽ തകർന്നു. വനിതാ ഗാർഡിന്റെ തൊട്ടടുത്താണ് കല്ല് പതിച്ചത്. ഭാഗ്യവശാൽ ആർക്കും പരിക്കേറ്റില്ല. സംഭവത്തെത്തുടർന്ന് ട്രെയിൻ ചങ്ങനാശേരി സ്റ്റേഷനിൽ നിർത്തി സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിച്ച ശേഷമാണ് യാത്ര തുടർന്നത്.
സംഭവത്തിൽ ആർപിഎഫും ചിങ്ങവനം പൊലീസും അന്വേഷണം ആരംഭിച്ചു. പരിശോധനയിലൂടെയാണ് കല്ലെറിഞ്ഞ മൂന്ന് പേരെയും തിരിച്ചറിഞ്ഞത്. മൂന്ന് പേരും പ്രായപൂർത്തിയാകാത്ത കൗമാരക്കാരാണ്. തുടർന്ന് ഇവർ രക്ഷിതാക്കൾക്കൊപ്പം ആർപിഎഫ് സ്റ്റേഷനിൽ ഹാജരായി. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലെറിയാൻ കാരണമെന്തെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ഇവർ നൽകിയ മറുപടിയാണ് അമ്പരപ്പിച്ചത്.
വെറും കൗതുകത്തിനാണ് ട്രെയിനിന് നേരെ കല്ലെറിഞ്ഞതെന്നായിരുന്നു കുട്ടികളുടെ മൊഴി. ഒരു തമാശയോ കൗതുകമോ ആയി ചെയ്ത പ്രവൃത്തി എത്ര വലിയ അപകടത്തിന് കാരണമാകുമായിരുന്നുവെന്ന് സംഭവം വ്യക്തമാക്കുന്നു. മൂന്ന് പേരെയും കോട്ടയം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം ജാമ്യത്തിൽ രക്ഷിതാക്കൾക്കൊപ്പം വിട്ടു. റെയിൽവേ ആക്ട് പ്രകാരമുള്ള നിയമനടപടികൾ ഇവർക്കെതിരെ തുടരുമെന്ന് ചെങ്ങന്നൂർ ആർപിഎഫ് അറിയിച്ചു. ഓടുന്ന ട്രെയിനിന് നേരെയുള്ള കല്ലേറ് യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയാകുന്ന ഗുരുതരമായ കുറ്റമാണെന്ന മുന്നറിയിപ്പും ഈ സംഭവം നൽകുന്നു.
https://www.facebook.com/Malayalivartha


























